മതപരിവര്‍ത്തനത്തിന് തെളിവില്ല; ഹാദിയ കേസ് അവസാനിപ്പിക്കുന്നുവെന്ന് എന്‍ഐഎ
news desk
2018-10-18 12:28:30

ഹാദിയ കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ എന്‍ഐഎ തീരുമാനം. നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നതിന് തെളിവില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് എന്‍ഐഎ കേസ് അവസാനിപ്പിച്ചത്. ഷെഫിന് ഹാദിയ വിവാഹത്തില്‍ ലൗജിഹാദ് ഇല്ലെന്നും ഇതു സംബന്ധിച്ച് ഇനി കോടതിയില്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നില്ലെന്നും എന്‍ഐഎ വ്യക്തമാക്കി.
ചില പ്രത്യേക ഗ്രൂപ്പുകള്‍ മുഖേനയാണു പെണ്‍കുട്ടികളെ മതംമാറ്റുന്നതെന്നു കണ്ടെത്തിയെങ്കിലും അതു നിര്‍ബന്ധിത മതപരിവര്‍ത്തനമായിരുന്നുവെന്നു തെളിവില്ല. പെണ്‍കുട്ടികളെ കാണാതായതു അടക്കം 11 കേസുകള്‍ കൂടി പരിശോധിച്ചെങ്കിലും പ്രോസിക്യൂഷന് നടപടിക്ക് ആവശ്യമായ മൊഴിയോ സാഹചര്യതെളിവുകളോ എന്‍ഐഎയ്ക്കു ലഭിച്ചില്ല.
ഇരുവരുടെയും വിവാഹ കാര്യത്തില്‍ ഇടപെടാനാകില്ലെന്നും എന്നാല്‍ ഷെഫിന് ജഹാന് തീവ്രവാദ ബന്ധമുണ്ടെന്നത് സംബന്ധിച്ചും മതപരിവര്‍ത്തനം നടന്നിട്ടുണ്ടോ എന്നതുമായി ബന്ധപ്പെട്ടും എന്‍ഐഎ അന്വേഷണം തുടരാമെന്നുമായിരുന്നു സുപ്രീം കോടതി വിധി.