മന്ത്രിമാരുടെ വിദേശയാത്ര: പ്രധാനമന്ത്രി വാക്ക് പാലിച്ചില്ലെന്ന് മുഖ്യമന്ത്രി

political desk
2018-10-20 11:03:29

 

കേരളത്തിന് സഹായം സ്വരൂപിക്കാന്‍ മന്ത്രിമാരുടെ വിദേശയാത്രക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി വാക്കാല്‍ അനുമതി നല്‍കിയിരുന്നുവെന്നും, എന്നാല്‍ പറഞ്ഞവാക്ക് പ്രധാനമന്ത്രി പാലിച്ചില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള നിര്‍മ്മാണത്തിന് പിന്തുണ തേടി ദുബായ് അല്‍ നാസര്‍ ലീഷര്‍ ലാന്‍ഡില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


പ്രധാനമന്ത്രിയെ നേരിട്ട് കണ്ടാണ് മന്ത്രിമാരുടെ വിദേശയാത്രയ്ക്ക് അനുമതി തേടിയത്. ലോകത്തെങ്ങുമുള്ള പ്രവാസി മലയാളികളെ നേരിട്ട് കണ്ട് സഹായം തേടാമെന്നാണ് പ്രധാനമന്ത്രിയോട് പറഞ്ഞത്. ഇക്കാര്യങ്ങളോട് അനുകൂലമായി പ്രതികരിച്ച പ്രധാനമന്ത്രി ചാരിറ്റി സംഘടനകളെയും കാണാമെന്നു പറഞ്ഞു. എന്നാല്‍ പിന്നീട് മന്ത്രിമാരുടെ യാത്രക്ക് അനുമതി നിഷേധിച്ചത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.


പ്രളയദുരന്തത്തില്‍ കേരളത്തെ സഹായിക്കാന്‍ പലരാജ്യങ്ങളും സ്വയമേവ തയ്യാറായിട്ടും ആ സഹായം സ്വീകരിക്കാന്‍ കേന്ദ്രം അനുവദിച്ചില്ല. പ്രധാനമന്ത്രി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്ത് ദുരന്തത്തില്‍ വിദേശസഹായം വാങ്ങിയിരുന്നു. എന്നാല്‍ നമ്മുടെ കാര്യം വന്നപ്പോള്‍ നമുക്കാര്‍ക്കും മനസ്സിലാകാത്ത നിലപാട് സ്വീകരിക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്, മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.


കേരളം ആരുടെ മുന്നിലും തോല്‍ക്കാന്‍ തയ്യാറല്ല. നമുക്ക് നമ്മുടെ നാട് പുനര്‍നിര്‍മ്മിച്ചേ മതിയാകൂ. നവകേരളം സൃഷ്ടിക്കുന്നത് തടയാമെന്ന് ആരും കരുതേണ്ട. പ്രവാസി മലയാളികള്‍ നമ്മുടെ നാടിന്റെ കരുത്താണ്. അവരില്‍ വലിയ വിശ്വാസമുണ്ട്. എല്ലാ പ്രവാസികളും നാടിന്റെ പുനര്‍നിര്‍മ്മാണത്തില്‍ പങ്കാളികളാകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.