മഞ്ജുവിന് ചുറ്റും പൂവൻകോഴികള്; ആകാംക്ഷയുണര്‍ത്തി 'പ്രതി പൂവൻകോഴി' ഫസ്റ്റ് ലുക്ക്
World News Editor
2019-10-14 11:58:54

സൂപ്പര്‍ ഹിറ്റായിരുന്ന ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിനു ശേഷം നടി മഞ്ജു വാരിയറും സംവിധായകൻ റോഷൻ ആൻഡ്രൂസും ഒന്നിക്കുന്ന ചിത്രമായ 'പ്രതി പൂവൻകോഴി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടൻ മോഹൻലാൽ ഔദ്യോഗികമായി സോഷ്യൽമീഡിയയിലൂടെ പുറത്തിറക്കി. ഉണ്ണി ആറിന്റെ പ്രതി പൂവൻ കോഴി എന്ന പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് ചിത്രം.
മഞ്ജുവിന്റെ തീക്ഷണമായ നോട്ടമാണ് പോസ്റ്ററിലെ ശ്രദ്ധ പിടിച്ചുപറ്റുന്ന ഘടകം. ഒപ്പം ചുറ്റും പൂവൻകോഴികളും പോസ്റ്ററിലുണ്ട്. ചിത്രത്തിൽ മാധുരി എന്ന കഥാപാത്രത്തേയാണ് മഞ്ജു അവതരിപ്പിക്കുന്നത്. സെയിൽസ് ഗേളായാണ് താരം ചിത്രത്തിൽ. സംവിധായകനായ റോഷൻ ആൻഡ്രൂസും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ശ്രീഗോകുലം മൂവീസ്സിന്റെ ബാനറില്‍ ഗോകുലം ഗോപാലന് നിർമിക്കുന്ന സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നതും ഉണ്ണി ആറാണ്. അനുശ്രീ, സൈജു കുറുപ്പ്, അലന്‍സിയര്‍, എസ് പി ശ്രീകുമാര്‍, ഗ്രേസ് ആന്റണി തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഛായാഗ്രഹണം ജി ബാലമുരുകനും സംഗീതസംവിധാനം ഗോപി സുന്ദറുമാണ് നിര്‍വ്വഹിക്കുന്നത്. ചിത്രം ഡിസംബർ 20നാണ് തീയേറ്ററുകളിലെത്തുന്നത്.