ഇന്ന് സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദിന് കെഎസ് യു ആഹ്വാനം
2019-11-20 02:18:17

തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം നൽകി കെഎസ് യു. ഷാഫി പറമ്പിൽ എംഎൽഎക്കും കെഎസ് യു സംസ്ഥാന അധ്യക്ഷൻ കെഎം അഭിജിതിനും നേരെയുണ്ടായ പോലീസ് ആക്രമണത്തിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം നൽകിയിട്ടുള്ളത്. കേരള സർവ്വകലാശാലയിലെ മോഡറേഷൻ തട്ടിപ്പിനെതിരെ സംഘടിപ്പിച്ച നിയമസഭാ മാർച്ചിനിടെയുള്ള പോലീസ് അതിക്രമത്തിലാണ് ഷാഫി പറമ്പിലിന് പരിക്കേറ്റത്. ചൊവ്വാഴ്ചയായിരുന്നു സംഭവം
പോലീസ് പ്രകോപനമില്ലാതെ തലക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് ഷാഫി പറമ്പിൽ എംഎൽഎ പറയുന്നത്. ജെഎൻയുവിലെ വിദ്യാർത്ഥികളെ മോദിയുടെ പോലീസ് വേട്ടയാടുന്ന അതേ രീതി തന്നെയാണ് കേരള പോലീസും പിന്തുടരുന്നതെന്നാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ സംഭവത്തോട് പ്രതികരിച്ചത്. നിയമസഭാ മാർച്ചിനിടെ പരിക്കേറ്റ ഷാഫി പറമ്പിൽ എംഎൽഎയുൾപ്പെടെയുള്ളവർ തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് ചികിത്സയിൽ കഴിയുന്നത്. ഇവരെ സന്ദർശിച്ച ശേഷമാണ് കെപിസിസി പ്രസിസിഡന്റിന്റെ പ്രതികരണം. അതേ സമയം മോഡറേഷൻ തട്ടിപ്പ് കേസ് ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കുക. സൈബർ സെല്ലിന്റെ സഹകരണത്തോടെ കേസന്വേഷണം പൂർത്തിയിക്കാനാണ് ഡിജിപിയിൽ നിന്ന് കമ്മീഷണർക്ക് ലഭിച്ചിട്ടുള്ള നിർദേശം.
കേരള സർവ്വകലാശാലയിലെ മോഡറേഷൻ തട്ടിപ്പിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു കെഎസ് യു നിയമസഭാ മാർച്ച് സംഘടിപ്പിച്ചത്. സമാധാനപരമായി സമരം ചെയ്ത കെഎസ് യു പ്രവർത്തകരായ വിദ്യാർത്ഥികളെയും ഷാഫി പറമ്പിലിനെയും തല്ലിച്ചതച്ച പോലീസ് നടപടി അംഗീകരിക്കാനാവില്ലെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാണിച്ചു. സംസ്ഥാനത്ത് നടക്കുന്നത് പോലീസ് രാജാണെന്നും മോദിയുടെ പിൻഗാമിയായി മുഖ്യമന്ത്രി മാറിയെന്നും മുല്ലപ്പള്ളി ആരോപിക്കുന്നു.