രാഹുൽ ഗാന്ധിയുടെ പ്രസംഗം തർജ്ജമ ചെയ്ത വിദ്യാർത്ഥിക്ക് വിദ്യാഭ്യാസമന്ത്രി യുടെ അഭിനന്ദനങ്ങൾ
2019-12-05 23:12:05

കരുവാരക്കുണ്ട് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം തര്‍ജമ ചെയ്ത് വാര്‍ത്തകളില്‍ ഇടം നേടിയ പ്ലസ് ടു വിദ്യാര്‍ഥിനി സഫയ്ക്ക് അഭിനന്ദവുമായി വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. പൊതുവിദ്യാഭ്യാസ മേഖലയുടെ മേന്മയ്ക്കും മികവിനും നേര്‍സാക്ഷ്യമാണ് ഈ പെണ്‍കുട്ടിയെന്ന് ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പില്‍ മന്ത്രി വ്യക്തമാക്കി.
കരുവാരക്കുണ്ട് ഹയർ സെക്കൻഡറി സ്കൂളിൽ സയൻസ് ലാബ് ഉദ്ഘാടനം ചെയ്തു സംസാരിച്ച ശ്രീ രാഹുൽ ഗാന്ധി എം.പി.യുടെ പ്രസംഗം അതിമനോഹരമായി പരിഭാഷപ്പെടുത്തിയ പ്ലസ് ടു വിദ്യാർഥിനി സഫ ഇന്ന് ദൃശ്യമാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും തിളങ്ങിനിൽക്കുന്നു. തന്റെ പ്രസംഗം ആരെങ്കിലും പരിഭാഷപ്പെടുത്തുമോ എന്ന് അന്വേഷിച്ച എം.പി.യുടെ അടുത്തേക്ക് നിസങ്കോചം
ഓടിയെത്തിയ സഫ ഒട്ടും പിഴവുകൾ ഇല്ലാതെ അകൃത്രിമ ഭാഷയിൽ പ്രസംഗം തർജ്ജിമ ചെയ്തു. സർക്കാർ വിദ്യാലയത്തിലായിരുന്നു സഫയുടെ ഇതുവരെയുള്ള പഠനം മുഴുവൻ. പത്താം ക്ലാസിലും പ്ലസ് വണ്ണിലും എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കിയ മിടുക്കിയാണ് സഫ. പൊതുവിദ്യാഭ്യാസ മേഖലയുടെ മേന്മയ്ക്കും മികവിനും നേർസാക്ഷ്യമാണ് ഈ പെൺകുട്ടി. സഫയോട് ഇന്ന് ഫോണിൽ സംസാരിക്കാൻ കഴിഞ്ഞത് വളരെ ആഹ്ലാദകരമായ ഒരു അനുഭവമായിരുന്നു.