കഅ്ബ പൊളിച്ചു രാമക്ഷേത്രം പണിയാൻ ആഹ്വാനം ചെയ്ത ആർഎസ്എസ് പ്രവർത്തകൻ സൗദിയിൽ പോലീസ് പിടിയിൽ

2019-12-23 22:18:45

റിയാദ്: വിശുദ്ധ കഅബ പൊളിച്ച് രാമക്ഷേത്രം പണിയാന്‍ ആഹ്വാനം ചെയ്ത ആര്‍.എസ്.എസ് പ്രവര്‍ത്തകനെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തു. വിശുദ്ധ കഅ്ബ പൊളിച്ച് രാമക്ഷേത്രം പണിയാനും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെതിരേ അസഭ്യം പറഞ്ഞ് അവഹേളിക്കുന്ന രീതിയില്‍ സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ട കര്‍ണാടക കുന്താപുരം സ്വദേശി ഹരീഷ് ബങ്കേരയെ ആണ് സൗദി സുരക്ഷാ വിഭാഗം കസ്റ്റഡിയിലെടുത്തത്. ദമ്മാമിലെ സ്വകാര്യ കമ്പനിയില്‍ ഏ.സി ടെക്‌നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു ഹരീഷ്. രാജ്യ ഭരണാധികാരിയും കീരീടാവകാശിയുമായ മുഹമ്മദ് സല്‍മാന്‍ രാജകുമാരനെ അസഭ്യം പറഞ്ഞും, മക്കയിലെ വിശുദ്ധ കഅ്ബ പൊളിച്ച് രാമക്ഷേത്രം നിര്‍മ്മിക്കണമെന്നും ആഹ്വാനം ചെയ്താണ് ഹരീഷ് സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടത്. പോസ്റ്റ് ശ്രദ്ധയില്‍ പെട്ടയുടന്‍ കമ്പനി സുഹൃത്തുക്കള്‍ ഇടപെട്ട് ഡിലീറ്റ് ചെയ്യാന്‍ ഉപദേശിച്ചെങ്കിലും ഹരീഷ് അനുസരിച്ചില്ല. തുടര്‍ന്ന് കമ്പനി അധികൃതര്‍ തന്നെയാണ് നടപടി സ്വീകരിച്ച് ഹരീഷിനെ സുരക്ഷാ വിഭാഗത്തിന് കൈമാറിയത്.


രാജ്യത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇന്നലെ മുതല്‍ സുരക്ഷാ വിഭാഗം ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കി മെസ്സേജുകള്‍ അയച്ചു തുടങ്ങി. മത വിദ്വേഷങ്ങള്‍ പ്രചരിപ്പിക്കുന്നതും, തീവ്രവാദം പ്രചരിപ്പിക്കുന്നതുമായ മെസ്സേജുകളും, പോസ്റ്റുകളും, പരിപാടികളും ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ സുരക്ഷാ വിഭാഗത്തെ നേരിട്ട് അറിയിക്കണമെന്നും ഇത്തരം പ്രചരണങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കണമെന്നും മുന്നറിയിപ്പ് നല്‍കിയാണ് സുരക്ഷാ വിഭാഗം മെസ്സേജുകള്‍ അയക്കുന്നത്. രാജ്യത്ത് സമൂഹ മാധ്യമങ്ങള്‍ വഴി വിദ്വേഷ, മത, വര്‍ഗീയ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പ് നല്‍കുന്ന രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. പതിനഞ്ച് വര്‍ഷം വരെ തടവും അഞ്ച് ലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ് സോഷ്യല്‍ മീഡിയാ ദുരുപയോഗം ചെയ്യുന്നവര്‍ക്ക് ലഭിക്കുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.