മോഷണക്കേസില്‍ 82-കാരന് അഞ്ച് വര്‍ഷം തടവ്

മൊയ്തീന്‍ പുത്തന്‍‌ചിറ
2020-01-24 23:39:08

    
    ന്യൂയോര്‍ക്ക്: 'ഹോളിഡേ ബാന്‍ഡിറ്റ്' എന്നറിയപ്പെടുന്ന 82 കാരനായ സാമുവേല്‍ സബാറ്റിനോയെ ന്യൂയോര്‍ക്ക് സുപ്രീം കോടതി അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചു.

മോഷണം, ജാമ്യ വ്യവസ്ഥാ ലംഘനം, മോഷണ ശ്രമം, തെളിവുകള്‍ നശിപ്പിക്കല്‍, തട്ടിപ്പ് എന്നീ കുറ്റങ്ങള്‍ക്കാണ് ശിക്ഷ വിധിച്ചത്. പ്രതി എല്ലാ കുറ്റങ്ങളും കോടതിയില്‍ സമ്മതിച്ചിരുന്നു.

ജയില്‍ ശിക്ഷയ്ക്ക് പുറമേ, 2014 മുതല്‍ മോഷണശ്രമങ്ങള്‍ നടത്തിയതിന് അഞ്ച് വര്‍ഷത്തെ മോചനാനന്തര മേല്‍നോട്ടവും ശിക്ഷയില്‍ ഉള്‍പ്പെടുത്തി.

'ഹോളിഡേ ബാന്‍ഡിറ്റ്' എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വിളിക്കുന്ന സാമുവേല്‍ സബാറ്റിനോ ജൂലൈ 4, മെമ്മോറിയല്‍ ഡേ തുടങ്ങിയ അവധി ദിവസങ്ങളില്‍ പലരും യാത്രകള്‍ പോകുമെന്ന് മനസ്സിലാക്കി അപ്പര്‍ ഈസ്റ്റ് സൈഡ് അപ്പാര്‍ട്ട്മെന്റുകളില്‍ മോഷണം നടത്തുകയായിരുന്നു പതിവ്.

'പ്രത്യക്ഷത്തില്‍ താങ്കള്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന ആളാണെന്ന് തോന്നുകയില്ലെന്ന്' ജഡ്ജി ഗ്രിഗറി കാരോ പരിഹാസ രൂപത്തില്‍ പറഞ്ഞു. ഇനി മേലില്‍ അറസ്റ്റിനു വഴിവെയ്ക്കരുതെന്നും മുന്നറിയിപ്പ് നല്‍കി.

2014 മുതല്‍ ആരംഭിച്ച മോഷണത്തില്‍ 400,000 ഡോളറോളം വിലമതിക്കുന്ന വാച്ചുകള്‍, ആഭരണങ്ങള്‍, ഡയമണ്ട് മോതിരങ്ങള്‍ എന്നിവ മോഷ്ടിച്ചിട്ടുണ്ടെന്ന് സബാറ്റിനോ സമ്മതിച്ചു.  

കൈയ്യാമം വെച്ച് കോടതിയില്‍ കൊണ്ടുവന്ന സബാറ്റിനോയെ കണ്ടപ്പോള്‍ മകള്‍ പറഞ്ഞത് 'ആരും ആഗ്രഹിച്ചുപോകുന്ന ഏറ്റവും നല്ല അച്ഛന്‍' എന്നാണ്.  
 

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.