കൊറോണ വൈറസ് തൃശ്ശൂരിൽ 125 പേർ നിരീക്ഷണത്തിൽ
2020-01-31 23:06:53

തൃശ്ശൂർ ; തൃശ്ശൂർ കളക്ടറേറ്റിൽ ജില്ലയിലെ എല്ലാ ഡിപ്പാർട്ട്മെന്റുകളിലേയും കോഡിനേഷൻ കമ്മിറ്റി മീറ്റിംഗ് ചേർന്നു. ഇന്ന് നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തി. മന്ത്രിമാരായ എ സി മൊയ്തീൻ, പ്രൊഫ. സി രവീന്ദ്രനാഥ്, അഡ്വ. വി എസ് സുനിൽകുമാർ, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ, ജില്ലാ കളക്ടർ എസ് ഷാനവാസ് എന്നിവർ പങ്കെടുത്തു.
തൃശൂരിൽ കൊറോണ വൈറസ് സ്ഥിരീകരിച്ച വിദ്യാർത്ഥിനിയുടെ നില മെച്ചപ്പെട്ടു. സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സംബന്ധിച്ച നിരീക്ഷണം ശക്തമാക്കി. സംസ്ഥാനത്ത് നിലവിൽ 1471 പേരാണ് നിരീക്ഷണത്തിലുളളത്. ഇതിൽ 50 പേർ ആശുപത്രികളിൽ ഐസൊലേഷൻ വാർഡുകളിലും 1421 പേർ വീടുകളിലുമാണ് നിരീക്ഷണത്തിൽ. ഇതുവരെ 39 സാമ്പിളുകൾ പരിശോധനയ്ക്കായി പൂനെ നാഷണൽ വൈറോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു കഴിഞ്ഞു. 15 സാമ്പിളുകൾ വെളളിയാഴ്ചയാണ് അയച്ചത്. നേരേത്ത അയച്ച 24 ൽ 18 സാമ്പിളുകളുടെ ഫലം ലഭിച്ചു. ഇതിൽ 17 ഉം നെഗറ്റീവാണ്. തൃശൂരിലെ ഒന്ന് മാത്രമാണ് പോസിറ്റീവ് ആയുളളത്. 21 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
തൃശൂർ ജില്ലയിൽ 125 പേർ നിരീക്ഷണത്തിലാണ്. ഇതിൽ 15 പേർ ആശുപത്രിയിലും 110 പേർ വീടുകളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 10 പേർക്കാണ് രോഗലക്ഷണങ്ങൾ ഉളളത്. അഞ്ച് പേരെ മുൻകരുതൽ എന്ന നിലയിൽ നിരീക്ഷണത്തിൽ വച്ചിരിക്കുകയാണ്. പോസിറ്റീവ് ആയ കുട്ടിയോടൊപ്പം വിമാനയാത്ര ചെയ്തവരടക്കം 58 പേരെ കണ്ടെത്തിയിട്ടുണ്ട്. ഇവരും നിരീക്ഷണത്തിലാണ്.