കോവിഡിനെ പ്രതിരോധിക്കാൻ ‘കർമി’ റോബോട്ട്

2020-04-26 21:21:36

    എറണാകുളം: കോവിഡ് 19 രോഗീപരിചരണ രംഗത്ത് റോബോട്ടിക് സാങ്കേതിക വിദ്യയ്ക്ക് കളമൊരുങ്ങുന്നു. കോവിഡ് രോഗികളെ ഐസൊലേഷൻ വാർഡിൽ പരിചരിക്കുന്നതിനായി വിശ്വശാന്തി ഫൗണ്ടേഷന്റെ സഹായത്തോടെ കേരള സ്റ്റാർട്ട്അപ്പ് മിഷനിലെ മേക്കർ വില്ലേജിൽ പ്രവർത്തിക്കുന്ന അസിമോവ് റോബോട്ടിക്സാണ് കർമിബോട്ട് എന്ന് നാമകരണം ചെയ്തിരിക്കുന്ന സ്വയംപര്യാപ്തമായ റോബോട്ട് വികസിപ്പിച്ചിരിക്കുന്നത്.
കളമശ്ശേരി സ്റ്റാർട്ടപ്പ് മിഷൻ സെന്റെറിൽ നടന്ന ചടങ്ങിൽ വിശ്വശാന്തി ഫൗണ്ടേഷൻ ഡയറക്ടർമാരായ മേജർ രവി, വിനു കൃഷ്ണൻ, അസിമോവ് റോബോട്ടിക്സ് സി.ഇ.ഒ ടി. ജയകൃഷ്ണൻ എന്നിവർ ജില്ലാ കളക്ടർ എസ് .സുഹാസിന് റോബോട്ട് കൈമാറി. ആരോഗ്യവിഭാഗത്തിന്റെ പരിശോധനയ്ക്കും അംഗീകാരത്തിനും ശേഷം റോബോട്ട്
കളമശ്ശേരി മെഡിക്കൽ കോളേജിലെ കോവിഡ് വാർഡിലെ രോഗികളെ പരിചരിക്കുന്നതിനായി കൈമാറുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
രോഗികൾക്ക് ഭക്ഷണവും മരുന്നും വെള്ളവും എത്തിച്ചുകൊടുക്കുക, രോഗികൾ ഉപയോഗിച്ച പാത്രങ്ങളും മറ്റു വസ്തുക്കളും അണുവിമുക്തമാക്കി തിരികെ എത്തിക്കുക, രോഗികളുമായി ഡോക്ടർക്ക് വീഡിയോ കോളിനുള്ള സൗകര്യമൊരുക്കുക എന്നിവയാണ് റോബോട്ടിന്റെ പ്രധാന ചുമതലകൾ. രോഗികളുമായുള്ള ആരോഗ്യ പ്രവർത്തകരുടെ സമ്പർക്കം പരമാവധി കുറയ്ക്കുക, പി.പി.ഇ കിറ്റുകളുടെ ഉപയോഗം പരിമിതപ്പെടുത്തുക എന്നിവയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
ചിട്ടപ്പെടുത്തിയ കാര്യങ്ങൾ പൂർണ്ണമായും ചെയ്യാൻ റോബോട്ടിന് സാധിക്കും. 25 കിലോ ഭാരം വഹിക്കാൻ ശേഷിയുള്ള റോബോട്ടിന് സെക്കന്റിൽ ഒരു മീറ്ററോളം വേഗത്തിൽ സഞ്ചരിക്കുവാനും സാധിക്കും. സോപ്പ് ലായനിയും അൾട്രാ വയലറ്റ് (യു.വി) ലൈറ്റും ഉപയോഗിച്ചുള്ള അണുനശീകരണശേഷിയും കർമ്മി ബോട്ടിന്റെ പ്രത്യേകതയാണ്.
ഓട്ടോമാറ്റിക് ചാർജിംഗ്‌ ,സ്പർശന രഹിത ശരീര ഊഷ്മാവ് പരിശോധന തുടങ്ങിയ സംവിധാനങ്ങൾ ഉൾപ്പെടുത്തി റോബോട്ടിന്റെ
ശേഷി വർദ്ധിപ്പിക്കാനും നിർമ്മാതാക്കൾക്ക് പദ്ധതിയുണ്ട്. ചടങ്ങിൽ കളമശ്ശേരി മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. തോമസ് മാത്യു, ആർ.എം. ഒ ഡോ. ഗണേഷ് മോഹൻ, ഡോ. മനോജ് ആൻ്റണി, എന്നിവർ സന്നിഹിതരായിരുന്നു.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.