സ്ഥാനാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി നാമനിര്‍ദേശപത്രിക തയാറാക്കാം

2021-03-12 15:21:04

പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പിലേക്ക് സ്ഥാനാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി നാമനിര്‍ദേശ പത്രിക തയാറാക്കാം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ സുവിധ വെബ്‌സൈറ്റ് വഴിയാണിത്. http://suvidha.eci.gov.in എന്ന വെബ്‌സൈറ്റില്‍ കയറി ആദ്യം കാണുന്ന പേജില്‍ നിയമസഭ ഇലക്ഷന്‍ സെലക്ട് ചെയ്യണം. തുടര്‍ന്ന് വരുന്ന പേജില്‍ മൊബൈല്‍ നമ്പര്‍ നല്‍കി മൊബൈലില്‍ ലഭിക്കുന്ന വണ്‍ടൈം പാസ്വേര്‍ഡ് സൈറ്റില്‍ രേഖപ്പെടുത്തണം. ശേഷം സ്ഥാനാര്‍ഥികള്‍, സ്ഥാനാര്‍ഥികളുടെ പ്രതിനിധികള്‍, തിരഞ്ഞെടുപ്പ് ഏജന്റ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, എന്നീ ഓപ്ഷനുകളില്‍ നിന്നും സ്ഥാനാര്‍ഥിയെന്നത് തെരഞ്ഞെടുത്ത് നെക്സ്റ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യണം.

തുടര്‍ന്ന് വരുന്ന പേജില്‍ സ്ഥാനാര്‍ഥികളുടെ വിവരങ്ങള്‍ രേഖപ്പെടുത്തണം. ഈ പേജില്‍ സ്ഥാനാര്‍ഥിയുടെ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ രേഖപ്പെടുത്തുന്നതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പക്കലുള്ള വിവരങ്ങള്‍ ബന്ധപ്പെട്ട കോളങ്ങളില്‍ സ്വമേധയാ വരും. തുടര്‍ന്ന് ഈ പേജില്‍ ഇമെയില്‍ വിലാസം നല്‍കി ഇ മെയിലില്‍ ലഭിക്കുന്ന വണ്‍ടൈം പാസ്വേര്‍ഡ് സൈറ്റില്‍ നല്‍കണം. ഇവിടെ കാറ്റഗറി (എസ്.സി/ എസ്.റ്റി/ ജനറല്‍) രേഖപ്പെടുത്തണം. ശേഷം പേജിലെ സേവ് ബട്ടണ്‍ ക്ലിക്ക് ചെയ്യണം.

തുടര്‍ന്നുള്ള പേജില്‍ നോമിനേഷന്‍, അഫിഡവിറ്റ്, പെര്‍മിഷന്‍ എന്നിങ്ങനെ മൂന്ന് ടാബുകള്‍ കാണാം. ഇതില്‍ അഫിഡവിറ്റ് ടാബ് സെലക്ട് ചെയ്ത് എല്ലാ അഫിഡവിറ്റുകളും പൂരിപ്പിച്ച് ഏറ്റവും അവസാന പേജിലെ പ്രിവ്യൂ ആന്‍ഡ് ഫൈനലൈയ്‌സ് ടാബില്‍ ക്ലിക് ചെയ്ത് അവ പരിശോധിച്ച് ഉറപ്പാക്കിയ ശേഷം കണ്‍ഫര്‍മേഷന്‍ നല്‍കണം. തുടര്‍ന്നുള്ള പേജില്‍ തെരഞ്ഞെടുപ്പ് വിവരം, സംസ്ഥാനത്തിന്റെ പേര്, നിയമസഭാമണ്ഡലം എന്നിവ തിരഞ്ഞെടുത്ത് സേവ് ചെയ്യണം.

തുടര്‍ന്നു വരുന്ന പേജ് ഫോം 2 ബി നോമിനേഷന്‍ പേപ്പറില്‍ സ്ഥാനാര്‍ഥിയുടെ ഫോട്ടോ അപ്‌ലോഡ് ചെയ്ത്, സംസ്ഥാനം, നിയമസഭാ മണ്ഡലം, എന്നിവ തിരഞ്ഞെടുത്ത് സ്ഥാനാര്‍ഥിയുടെയും പിന്താങ്ങുന്ന വ്യക്തിയുടേയും തിരിച്ചറിയല്‍ രേഖയുടെ നമ്പര്‍ നല്‍കണം. അടുത്ത പേജ് (നോമിനേഷന്‍ പേപ്പര്‍) 2 ബി പാര്‍ട്ട് മൂന്നില്‍ ഡിക്ലറേഷനും ഫോമില്‍ ആവശ്യപ്പെടുന്ന മറ്റു വിവരങ്ങളും നല്‍കണം. തുടര്‍ന്നുള്ള പേജ് (ഫോം 2 ബി) പാര്‍ട്ട് മൂന്നില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കിയതിന് ശേഷം മുന്‍പ് പൂരിപ്പിച്ച അഫിഡവിറ്റ് ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് ഒപ്പ് രേഖപ്പെടുത്തി വീണ്ടും അപ്‌ലോഡ് ചെയ്ത് പ്രോസീഡ് ബട്ടണ്‍ അമര്‍ത്തിയ ശേഷം കണ്‍ഫര്‍മേഷന്‍ നല്‍കണം.

അടുത്ത പേജില്‍ സ്ഥാനാര്‍ഥികള്‍ക്ക് റിട്ടണിംഗ് ഓഫീസര്‍ മുമ്പാകെ നോമിനേഷന്‍ സമര്‍പ്പിക്കാനുള്ള തീയതി, സമയം, എന്നിവ തെരഞ്ഞെടുക്കാം. തുടര്‍ന്ന് പണമടയ്ക്കാനുള്ള പേജിലെത്തി പണമടച്ചതിന്റെ ചെലാന്‍ വിവരങ്ങള്‍ നല്‍കുകയോ പണം നോമിനേഷന്‍ സമര്‍പ്പിക്കുന്നതിനൊപ്പമോ നല്‍കാം എന്ന് സമ്മതിക്കുകയോ ചെയ്യണം. തുടര്‍ന്ന് കണ്‍ഫര്‍മേഷന്‍ നല്‍കിയതിന് ശേഷം നോമിനേഷന്റേയും അഫിഡവിറ്റിന്റേയും പ്രിന്റ് എടുക്കാം.

സ്ഥാനാര്‍ഥികള്‍ തങ്ങള്‍ക്ക് അനുവദിച്ച തീയതിയില്‍ അനുവദിച്ച സമയത്ത് നോമിനേഷന്‍, അഫിഡവിറ്റ് എന്നിവ പ്രിന്റ് ചെയ്ത് വരണാധികാരി മുമ്പാകെ സമര്‍പ്പിക്കണം. ഓണ്‍ലൈനില്‍ പത്രിക സമര്‍പ്പിക്കാന്‍ സാധ്യമല്ല. സ്ഥാനാര്‍ഥികളുടെ സത്യപ്രസ്താവന ഈ പോര്‍ട്ടലിലൂടെ പൊതുജനങ്ങള്‍ക്കും കാണാന്‍ സാധിക്കും.
ഇന്ന് (മാര്‍ച്ച് 12) മുതല്‍ 19 വരെയുള്ള ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ അതത് വരണാധികാരികള്‍ക്കോ ഉപവരണാധികാരികള്‍ക്കോ ആണ് പത്രിക നല്‍കേണ്ടത്.

പത്രികകളുടെ സൂക്ഷ്മ പരിശോധന മാര്‍ച്ച് 20ന് നടക്കും. പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 22 ആണ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് സ്ഥാനാര്‍ഥിക്കൊപ്പം പരമാവധി രണ്ടു പേര്‍ മാത്രമെ ഉണ്ടാകാന്‍ പാടുള്ളൂ. പത്രികാ സമര്‍പ്പണത്തിന് എത്തുന്നവര്‍ രണ്ടു വാഹനങ്ങളില്‍ അധികം ഉപയോഗിക്കാന്‍ പാടില്ല. സ്ഥാനാര്‍ഥിയും കൂടെ എത്തുന്നവരും മാസ്‌ക്, ഗ്ലൗസ്, ഫേസ് ഷീല്‍ഡ് എന്നിവ ഉപയോഗിക്കണം. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമുള്ള ശാരീരിക അകലം കര്‍ശനമായി പാലിക്കണം.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.