വോട്ടര്‍ ബോധവല്‍ക്കരണവുമായി ചക്ദേ കണ്ണൂര്‍ ക്രിക്കറ്റ്

2021-03-29 16:12:02

കണ്ണൂര്‍ :  വോട്ടര്‍ബോധവല്‍ക്കരണ പരിപാടിയായ സ്വീപിന്റെ ഭാഗമായി കണ്ണൂര്‍ കലക്ടറേറ്റ് മൈതാനത്ത് നടന്ന ചക്‌ദേ കണ്ണൂര്‍ സൗഹൃദ ക്രിക്കറ്റ് മല്‍സരത്തില്‍ കലക്ടറേറ്റ് സ്റ്റാഫ് ടീമായ കലക്ടറേറ്റ് ഇലവന് ഉജ്വല ജയം. ജില്ലാ വനിതാ ടീമുമായി നടന്ന മല്‍സരം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍, അഴീക്കോട് മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പ് ജനറല്‍ ഒബ്സര്‍വര്‍ എം കെ എസ് സുന്ദരത്തിന്റെ ബോള്‍ നേരിട്ടായിരുന്നു ജില്ലാ കലക്ടര്‍ മത്സരം ഉദ്ഘാടനം ചെയ്തത്.

വാശിയേറിയ പോരാട്ടത്തിനൊടുവില്‍ 83 റണ്‍സിന് കലക്ടറേറ്റ് ഇലവന്‍ വിജയിച്ചു. 10 ഓവറില്‍ 142 റണ്‍സാണ് കലക്ടറേറ് ഇലവന്‍ നേടിയത്. കലക്ടറേറ്റ് ജീവനക്കാരന്‍ കെ എം മുഹമ്മദ് ജുനൈദ് കലക്ടറേറ്റ് ഇലവനു വേണ്ടി 42 റണ്‍സെടുത്തു. മറുപടി ബാറ്റിനിറങ്ങിയ ജില്ലാ വനിതാ ടീമിന് 10 ഓവറില്‍ 59 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ.

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യം എത്തിക്കുന്നതിനുള്ള വോട്ടര്‍ ബോധവല്‍ക്കരണ പരിപാടിയായ സ്വീപിന്റെ നേതൃത്വത്തിലാണ് കലക്ടറേറ്റ് മൈതാനിയില്‍ ചക്ദേ കണ്ണൂര്‍ എന്ന പേരില്‍ സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചത്.  ലെയ്‌സണ്‍ ഓഫീസര്‍ ഡോ. ടോബി ജോസഫ് മല്‍സരത്തിന്റെ തത്സമയ വിവരണം നല്‍കി.

സ്വീപ് നോഡല്‍ ഓഫീസര്‍ കൂടിയായ അസി. കലക്ടര്‍ ആര്‍ ശ്രീലക്ഷ്മി, ഒബ്സര്‍വര്‍മാരായ ദിപാങ്കര്‍ സിന്‍ഹ, നിരഞ്ജന്‍ കുമാര്‍, മല്‍വീന്ദര്‍ സിങ് ജഗ്ഗി, സ്വീപ് ചാര്‍ജ് ഓഫീസര്‍ സി എം ലതാദേവി, വോട്ടിംഗ് സംബന്ധിച്ച മാസ്റ്റര്‍ ട്രെയിനര്‍ സി വി പ്രജീഷ് തുടങ്ങിയവര്‍ മല്‍സരം കാണാനെത്തിയിരുന്നു. കളിയുടെ ഇടവേളയില്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് ബിഡിഎസ് വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഫ്ളാഷ് മോബും അരങ്ങേറി. മല്‍സര വിജയികള്‍ക്കുള്ള സമ്മാനദാനവും നടന്നു.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.