കണ്ണൂരില്‍ ലീഗ് പ്രവര്ത്തകന് കൊല്ലപ്പെട്ടു
2021-04-07 14:51:21

കണ്ണൂര്‍: കണ്ണൂരിലെ പാനൂരില്‍ തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മുസ്ലീംലീഗ് പ്രവര്ത്തകന് കൊല്ലപ്പെട്ടു. പുല്ലൂക്കര പാറാല്‍ മന്‍സൂര്‍(22) ആണ് കൊല്ലപ്പെട്ടത്. സഹോദരന് മുഹ്സിന് പരിക്കേറ്റു. ആക്രമണത്തിന് പിന്നിൽ സിപിഎമ്മാണെന്നാണ് മുസ്ലിം ലീഗ് ആരോപിക്കുന്നത്.
ഇന്നലെ രാത്രി 8.30 ഓടുകൂടിയാണ് മന്‍സൂറിന് നേരെ ആക്രമണമുണ്ടായത്. ഉടനെ തലശ്ശേരിയിലെ ഇന്ദിരാഗാന്ധി ആശുപത്രിയിലേക്കാണ് കൊണ്ടുപോയെങ്കിലും നില ഗുരുതരമായതിനാല്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. പക്ഷേ, രാത്രി 11.30 ഓടെ മന്‍സൂറിന്റെ മരണം സ്ഥിരീകരിച്ചു.കഴിഞ്ഞ ദിവസം രാവിലെ മുതല്‍ പ്രദേശത്ത് ചെറിയ രീതിയിലുളള സംഘര്‍ഷം ആരംഭിച്ചിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ സംഘര്‍ഷം രൂക്ഷമായി. 149-150 എന്നീ രണ്ടുബൂത്തുകള്‍ക്കിടയിലായിരുന്നു പ്രശ്നം. 149-ാം നമ്പര്‍ ബൂത്തിലേക്ക് ഓപ്പണ്‍ വോട്ട് ചെയ്യുന്നതിനായി വോട്ടര്‍മാരെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം
തെരഞ്ഞെടുപ്പില്‍ മന്‍സൂറും സഹോദരന് മുഹ്സിനും ബൂത്ത് ഏജന്റായിരുന്നു. വോട്ടെടുപ്പിനിടെ ഉച്ചമുതല്‍ ഉണ്ടായ സംഘര്‍ഷങ്ങള്‍ രാത്രിയില്‍ ഒരു അക്രമത്തിലേക്ക് മാറുകയായിരുന്നു.
മന്‍സൂറിന്റെ വീടിന് മുന്നില്‍വെച്ചാണ് അക്രമമുണ്ടായത്. ശബ്ദം കേട്ട് പുറത്തേക്ക് ഇറങ്ങിവന്ന വീട്ടിലെ സ്ത്രീകള്‍ക്കും അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്. അക്രമികള്‍ ബോംബെറിഞ്ഞ് ഭീകരാന്തരിക്ഷം സൃഷ്ടിച്ച ശേഷം മന്‍സൂറിനെ വെട്ടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കൂടെയുണ്ടായിരുന്ന ജേഷ്ഠന് മുഹ്സിനും വെട്ടേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ മുഹ്സിനും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്കേറ്റ സ്ത്രീകള്‍ തലശേരിയിലെ ഇന്ദിരാഗാന്ധി ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.
അക്രമത്തിന് പിന്നില്‍ ആരാണെന്ന് കൃത്യമായി അറിയാമെന്നും കണ്ടാല്‍ തിരിച്ചറിയുന്നവരാണ് അക്രമം നടത്തിയതെന്നും ലീഗ് പ്രവര്‍ത്തകര്‍ പറയുന്നു. ഇന്ന് മറക്കാന്‍ പറ്റാത്ത ദിവസമായിരിക്കും നിങ്ങള്‍ക്ക് എന്ന രീതിയില്‍ പ്രദേശത്തെ ഡിവൈഎഫ്ഐ നേതാവിന്റെ ഭീഷണി സന്ദേശം വാട്സാപ്പില്‍ പ്രചരിച്ചിരുന്നുവെന്നും ലീഗ് പ്രവര്‍ത്തകര്‍ പറയുന്നു.
നിരന്തരമായി പ്രശ്നങ്ങള്‍ ഉണ്ടാകുന്ന ഒരു പ്രദേശമല്ല ഇവിടം. കള്ളവോട്ടുമായി ബന്ധപ്പെട്ട ചില ആരോപണ പ്രത്യാരോപണങ്ങളാണ് സംഘര്‍ഷത്തിന് തുടക്കം കുറിച്ചത്. കള്ളവോട്ട് ചെയ്യാനെത്തിയ രണ്ട് സിപിഎം പ്രവര്‍ത്തകരെ ഇവര്‍ തടഞ്ഞിരുന്നു. അതിന്റെ പ്രതികാരമെന്നോണം ആണ് ഈ കൊലപാതകമെന്നാണ് ലീഗ് ആരോപിക്കുന്നത്.പരാജയഭീതിയില്‍ സിപിഎം അക്രമം അഴിച്ചുവിടുകയാണെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. പോലീസ് ഇക്കാര്യം ഗൗരവത്തിലെടുത്ത് അടിയന്തരമായി കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു