അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിക്കാം, പക്ഷെ ഉപാധികൾ മുന്നോട്ടുവെച്ച് സോനം വാങ്ചുക്ക്. നീറ്റ് പരീക്ഷാ ക്രമക്കേടിലെ ഉത്തരവാദിത്തം കേന്ദ്ര സർക്കാർ ഏറ്റെടുക്കുകയോ അല്ലെങ്കിൽ വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്ന് എംപിമാരും വിവിധ പാർട്ടി നേതാക്കളും ഉറപ്പു നൽകുകയോ ചെയ്താൽ സമരം ജൂലൈ 20ന് തന്നെ അവസാനിപ്പിക്കുമെന്ന് സോനം വാങ്ചുക്ക് എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു. താൻ ആശുപത്രിൽ നിയമവിരുദ്ധമായ തടങ്കലിൽ കഴിയുകയാണെന്നും തൻ്റെ സഞ്ചാര സ്വാതന്ത്ര്യവും പ്രസംഗ സ്വാതന്ത്ര്യവും എല്ലാവിധ ആശയവിനിമയങ്ങളും തടസ്സപ്പെടുത്തിയിരിക്കുകയാണെന്നും സോനം വാങ്ചുക്ക് പറഞ്ഞു.
‘ചോദ്യപ്പേപ്പർ ചോർച്ച ഉൾപ്പെടെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ സമീപകാല പരാജയങ്ങളുടെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കുകയാണെങ്കിൽ അല്ലെങ്കിൽ താനും സിജെപി നേതൃത്വവും പാർലമെന്റിന്റെ പടിവാതിൽക്കൽ എത്തുകയും എംപിമാരും വിവിധ പാർട്ടി നേതാക്കളും ഈ വിഷയം ഇനി പാർലമെന്റിൽ ഉന്നയിക്കുമെന്ന് ഉറപ്പ് നൽകുകയാണെങ്കിൽ അല്ലെങ്കിൽ തന്റെ ആരോഗ്യസ്ഥിതിയോ മറ്റ് ഘടകങ്ങളോ ഇതിന് അനുവദിക്കുന്നില്ലെങ്കിൽ, എംപിമാരും വിവിധ പാർട്ടി നേതാക്കളും ആശുപത്രി സന്ദർശിച്ച് മുകളിൽ പറഞ്ഞ ഉറപ്പ് നൽകുകയാണെങ്കിൽ ജൂലൈ 20ന് നിരാഹാര സമരം അവസാനിപ്പിക്കും’- സോനം വാങ്ചുക്ക് പറഞ്ഞു.
അതേസമയം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് സിജെപി നടത്തുന്ന പാർലമെൻ്റ് മാർച്ച് ഇന്ന് രാവിലെ ഒൻപതുമണിക്ക് ആരംഭിക്കും.
സിജെപിയ്ക്ക് പിന്തുണയുമായി നൂറുകണക്കിന് യുവാക്കളാണ് ദില്ലിയിൽ എത്തിച്ചേർന്നത്. ജന്തർമന്ദറിലെ ജനക്കൂട്ടം സിജെപിയെ പരിഹസിച്ചവർക്കുള്ള മറുപടിയെന്ന് അഭിജീത് ദീപ്കെ പറഞ്ഞു.
മാർച്ച് കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് ദില്ലി. മെട്രോ സ്റ്റേഷൻ വഴി എത്തുന്നവരെ നിരീക്ഷിക്കും. ആവശ്യമെങ്കിൽ ചില മെട്രോ സ്റ്റേഷനുകൾ താൽക്കാലികമായി അടച്ചേക്കും. എന്നാൽ കോക്രോച്ച് ജനതാ പാർട്ടിയുടെ പാർലമെന്റ് മാർച്ചിന് അനുമതി ഇല്ലെന്ന് ഡൽഹി പോലീസ്. ജന്തർ മന്ദറിന് സമീപ പ്രദേശങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

