ഇറാനുമായുള്ള ഏകദേശം 40 ദിവസത്തെ ശക്തമായ സൈനിക ഏറ്റുമുട്ടലിന് ശേഷം അമേരിക്ക താല്‍ക്കാലിക വെടിനിര്‍ത്തലിലേക്കും നയതന്ത്ര ചര്‍ച്ചകളിലേക്കും നീങ്ങിയിരിക്കുകയാണ്. എന്നാല്‍ യുദ്ധം അവസാനിച്ചെങ്കിലും ഒരു പുതിയ ആശങ്ക അമേരിക്കന്‍ പ്രതിരോധ മേഖലയില്‍ ഉയര്‍ന്നിട്ടുണ്ട് അമേരിക്കയുടെ അത്യാധുനിക മിസൈല്‍ ശേഖരം വേഗത്തില്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണോ? ഇറാനുമായുള്ള യുദ്ധത്തില്‍ വന്‍ ചെലവ് വന്നുവെന്നാണ് റിപ്പോര്‍ട്ട്. ‘ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി’ എന്ന പേരില്‍ നടന്ന യുദ്ധത്തില്‍ അമേരിക്ക ഇറാനിലുടനീളം 13,000ത്തിലധികം ലക്ഷ്യങ്ങള്‍ ആക്രമിച്ചു.
1,700 ലധികം ഇറാനിയന്‍ ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും തടഞ്ഞു. യുദ്ധച്ചെലവ് 37.5 ബില്യണ്‍ ഡോളറിലെത്തി, ഇതില്‍ ഭൂരിഭാഗവും മിസൈലുകള്‍ക്കും മറ്റ് ആയുധങ്ങള്‍ക്കുമായി ചെലവഴിച്ചു. കൂടുതല്‍ ആയുധങ്ങള്‍ നിര്‍മ്മിക്കണമെന്നാണ് അമേരിക്കന്‍ പ്രതിരോധ കമ്പനികളുടെ യോഗത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്. ‘ലോകത്തിലെ ഏറ്റവും മികച്ച നിലവാരമുള്ള ആയുധങ്ങള്‍ നമുക്കുണ്ട്. പക്ഷേ ഇനി അവ കൂടുതല്‍ വേഗത്തില്‍ നിര്‍മ്മിക്കണം.’ പ്രതിരോധമന്ത്രി പീറ്റ് ഹെഗ്സെത്തിനൊപ്പം പങ്കെടുത്ത യോഗത്തില്‍ അമേരിക്കയുടെ പ്രതിരോധ ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കുമെന്ന് ട്രംപ് വ്യക്തമാക്കി.
ആതേസമയം ആയുധ ശേഖരം കുറഞ്ഞുവെന്നുള്ള റിപ്പോര്‍ട്ടുകള്‍ ട്രംപ് നിഷേധിക്കുന്നു. ലോകത്തിലെ മറ്റാരെക്കാളും കൂടുതല്‍ ആയുധങ്ങള്‍ അമേരിക്കയ്ക്കുണ്ട്. എന്നാല്‍ പ്രതിരോധമന്ത്രി ഹെഗ്സെത്ത് പിന്നീട് കോണ്‍ഗ്രസിനോട് 87 ബില്യണ്‍ ഡോളറിന്റെ അധിക ഫണ്ട് ആവശ്യപ്പെട്ടു. മിസൈല്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക ആയുധങ്ങളില്‍ കുറവുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. 1,600 കിലോമീറ്ററിലധികം ദൂരെയുള്ള ലക്ഷ്യങ്ങള്‍ ആക്രമിക്കാന്‍ കഴിയുന്ന ക്രൂയിസ് മിസൈല്‍, യുദ്ധത്തില്‍ 1,000ത്തിലധികം ടോമഹോക്ക് മിസൈലുകള്‍ ഉപയോഗിച്ചു. ഒരു മിസൈലിന്റെ വില ഏകദേശം 2.6 മില്യണ്‍ ഡോളര്‍. യുദ്ധത്തിന് മുമ്പ് ഏകദേശം 3,000 മിസൈലുകള്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അത് 2,000 ഓളം മാത്രമാണെന്നാണ് വിലയിരുത്തല്‍. പഴയ നിലയിലേക്ക് മടങ്ങാന്‍ 2031 വരെ എടുക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
ബാലിസ്റ്റിക് മിസൈലുകളും വിമാനങ്ങളും തടയാന്‍ ഉപയോഗിക്കുന്ന പ്രതിരോധ മിസൈല്‍. യുദ്ധത്തില്‍ 1,430 വരെ പാട്രിയറ്റ് മിസൈലുകള്‍ ഉപയോഗിച്ചതായി കണക്കുകള്‍. ഓരോ മിസൈലിനും ഏകദേശം 4 മില്യണ്‍ ഡോളര്‍ ചെലവാണ്. ഇറാന്‍ ഉപയോഗിച്ചിരുന്ന ചില ഡ്രോണുകളുടെ വില 20,000 മുതല്‍ 50,000 ഡോളര്‍ മാത്രമായിരുന്നു. അതായത് വിലകൂടിയ മിസൈല്‍ ഉപയോഗിച്ചാണ് താരതമ്യേന വിലകുറഞ്ഞ ഡ്രോണുകള്‍ നശിപ്പിച്ചത്.
ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകളെ തടയാന്‍ ഉപയോഗിക്കുന്ന THAAD സംവിധാനത്തിലെ 190-290 ഇന്റര്‍സെപ്റ്ററുകള്‍ യുദ്ധത്തില്‍ ഉപയോഗിച്ചതായാണ് കണക്ക്. ലോകത്ത് പ്രവര്‍ത്തനക്ഷമമായത് ഒമ്പത് THAAD ബാറ്ററികളാണ്, അതില്‍ ഏഴെണ്ണം അമേരിക്കയുടേതാണ്. പ്രതിരോധ വിദഗ്ധരുടെ അഭിപ്രായത്തില്‍ ഒരു ആധുനിക മിസൈല്‍ നിര്‍മ്മിക്കാന്‍ 1 മുതല്‍ 5 വര്‍ഷം വരെ വേണ്ടിവരും. ഇന്ന് അനുവദിക്കുന്ന ഫണ്ടില്‍ നിര്‍മ്മിക്കുന്ന മിസൈലുകള്‍ സൈന്യത്തിലെത്താന്‍ വര്‍ഷങ്ങള്‍ എടുക്കും.
ഇറാന്‍ യുദ്ധത്തിന് പിന്നാലെ അമേരിക്കയുടെ പ്രധാന ആശങ്ക ചൈനതായ്വാന്‍ മേഖലയാണ്. അമേരിക്കന്‍ സൈനിക പദ്ധതികള്‍ പ്രകാരം 2027ഓടെ ചൈന തായ്വാനെതിരെ നീക്കം നടത്താന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഇപ്പോള്‍ മിസൈല്‍ ശേഖരം കുറഞ്ഞാല്‍ അത്തരമൊരു സാഹചര്യത്തില്‍ അമേരിക്കയ്ക്ക് വെല്ലുവിളി നേരിടേണ്ടിവരുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. യുക്രെയ്ന്‍ ഏറെക്കാലമായി അമേരിക്കയോട് കൂടുതല്‍ പാട്രിയറ്റ് മിസൈലുകള്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ അമേരിക്കയുടെ ശേഖരം കുറഞ്ഞതിനാല്‍ വിതരണം പരിമിതപ്പെടുത്തേണ്ട സാഹചര്യം ഉണ്ടായേക്കാമെന്നാണ് ആശങ്ക.
അമേരിക്കയുടെ ശേഖരം കുറഞ്ഞെങ്കിലും ഇറാന്റെ അവസ്ഥ അതിലും മോശമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. മിസൈല്‍, ഡ്രോണ്‍ നിര്‍മ്മാണ കേന്ദ്രങ്ങള്‍ വ്യാപകമായി തകര്‍ന്നു. പുതിയ ആയുധങ്ങള്‍ വേഗത്തില്‍ നിര്‍മ്മിക്കാനുള്ള ശേഷി ഇറാന് നഷ്ടമായി. ഇപ്പോഴുള്ള ശേഷിയുടെ ഭൂരിഭാഗവും ഹോര്‍മുസ് കടലിടുക്ക് സംരക്ഷിക്കാനാണ് ഇറാന്‍ വിനിയോഗിക്കുന്നതെന്നാണ് വിലയിരുത്തല്‍.
അമേരിക്കയ്ക്ക് ഇപ്പോഴും ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയും ആയുധശേഖരവും ഉണ്ടായിരിക്കുമ്പോഴും, ഇറാനുമായുള്ള ദീര്‍ഘകാല യുദ്ധം അത്യാധുനിക മിസൈലുകളുടെ ലഭ്യതയില്‍ വലിയ സമ്മര്‍ദ്ദം സൃഷ്ടിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ട്രംപ് പ്രതിരോധ കമ്പനികളോട് ഉല്‍പ്പാദനം വേഗത്തിലാക്കാന്‍ ആവശ്യപ്പെട്ടത്. ഭാവിയില്‍ ചൈന, തായ്വാന്‍, യുക്രെയ്ന്‍ തുടങ്ങിയ മേഖലകളിലെ സുരക്ഷാ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് അമേരിക്ക തന്റെ ആയുധ ഉല്‍പ്പാദന ശേഷി വന്‍തോതില്‍ വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്.

