അമേരിക്കയ്‌ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ഇറാൻ സൈനിക മേധാവി അമീർ ഹതാമി. അമേരിക്കൻ സൈന്യം ഇറാന്റെ മണ്ണിൽ പ്രവേശിച്ചാൽ കൈയിലുള്ളതെന്തുമായും ചെറുക്കാൻ ദശലക്ഷക്കണക്കിന് ഇറാനികൾ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി.
സെൻട്രൽ പ്രവിശ്യയായ ഇസ്ഫഹാനിലെ സൈനിക യൂണിറ്റുകൾ സന്ദർശിക്കുന്നതിനിടെയാണ് ഹതാമിയുടെ പ്രതികരണം. അമേരിക്ക ഇറാനിൽ കടന്നാൽ ജനങ്ങൾ തങ്ങളെ സ്വാഗതം ചെയ്യുമെന്നായിരുന്നു അവരുടെ കണക്കുകൂട്ടൽ. എന്നാൽ അതിന് പകരം സമാനതകളില്ലാത്ത ജനകീയ പ്രതിരോധമാണ് അവർ നേരിട്ടതെന്ന് അദ്ദേഹം പറഞ്ഞു.
ശത്രുക്കളുടെ ഭാഗത്തുനിന്നുണ്ടാകാവുന്ന നീക്കങ്ങൾ മുൻകൂട്ടി കണ്ട് രാജ്യത്തിന്റെ പ്രതിരോധശേഷി വർധിപ്പിച്ചതാണ് ഇറാന്റെ കരുത്തെന്നും ഹതാമി ചൂണ്ടിക്കാട്ടി. വെടിനിർത്തൽ കരാറുകൾ പാലിക്കുന്ന കാര്യത്തിൽ അമേരിക്കയെ വിശ്വസിക്കാനാകില്ലെന്ന് ഇറാന് നേരത്തേ തന്നെ ബോധ്യമുണ്ടായിരുന്നുവെന്നും അതുകൊണ്ടുതന്നെ പ്രതിരോധ ആയുധശേഷിയും സൈനിക സജ്ജീകരണങ്ങളും ശക്തിപ്പെടുത്തുന്നതിൽ ഒരു നിമിഷം പോലും വീഴ്ച വരുത്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര-സൈനിക ബന്ധം കൂടുതൽ വഷളാകുന്നതിനിടെയാണ് ഇറാൻ സൈനിക മേധാവിയുടെ ഈ കടുത്ത മുന്നറിയിപ്പ്.

