അമേരിക്കൻ ഉപരോധം പ്രാബല്യത്തിൽ വരുന്നതിന് തൊട്ടുമുമ്പ് ഹോര്‍മുസ് കടലിടുക്ക് വഴി ഇറാനുമായി ബന്ധമുള്ള ഒമ്പത് എണ്ണക്കപ്പലുകൾ സഞ്ചരിച്ചതായി റിപ്പോർട്ട്. ഉപരോധം ബുധനാഴ്ച ഔദ്യോഗികമായി നിലവിൽ വരുന്നതിന് മുമ്പ് ഇറാൻ എണ്ണ കയറ്റുമതി വേഗത്തിലാക്കിയതായാണ് കപ്പൽ നിരീക്ഷണ വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ഷിപ്പിങ് ഡാറ്റാ നിരീക്ഷണ ഏജൻസിയായ കെപ്ലർ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, ചൊവ്വാഴ്ച ഹുർമുസ് കടലിടുക്ക് കടന്നുപോയ 11 കപ്പലുകളിൽ ഒമ്പതും ഇറാനിയൻ വ്യാപാരവുമായി ബന്ധപ്പെട്ടവയായിരുന്നു. രണ്ട് ദശലക്ഷം ബാരൽ ക്രൂഡ് ഓയിലുമായി സഞ്ചരിച്ച ഒരു വി.എൽ.സി.സി., ശുദ്ധീകരിച്ച ഇന്ധനങ്ങളുമായി ഒരു ഇടത്തരം ടാങ്കർ, എൽ.പി.ജി. വഹിച്ച രണ്ട് ടാങ്കറുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
അതേസമയം, പേർഷ്യൻ ഗൾഫിലെ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള എണ്ണ-വാതക ടാങ്കറുകളുടെ സഞ്ചാരം ചൊവ്വാഴ്ച രേഖപ്പെടുത്തിയിട്ടില്ല. അമേരിക്കയുടെ ഉപരോധവും നാവിക നിയന്ത്രണങ്ങളും മറികടന്ന് എണ്ണ കയറ്റുമതി തടസ്സമില്ലാതെ തുടരുമെന്ന് ഇറാൻ നേരത്തേ വ്യക്തമാക്കിയിരുന്നു.
അമേരിക്ക നൽകിയ 60 ദിവസത്തെ ഇളവ് പിൻവലിച്ചെങ്കിലും എണ്ണ കയറ്റുമതിയിൽ യാതൊരു കുറവും വരുത്തിയിട്ടില്ലെന്ന് ഇറാൻ എണ്ണമന്ത്രി മുഹ്സെൻ പാക്നെജാദ് പറഞ്ഞു. വർഷങ്ങളായി വികസിപ്പിച്ചെടുത്ത ആഭ്യന്തര സംവിധാനങ്ങൾ ഉപയോഗിച്ച് അമേരിക്കൻ ഉപരോധങ്ങളെ ഫലപ്രദമായി നേരിടാൻ ഇറാന് കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
60 ദിവസത്തെ ഇളവ് പ്രഖ്യാപിച്ചിരുന്നെങ്കിലും അത് മൂന്നാഴ്ച മാത്രമാണ് നിലനിന്നതെന്നും, ആ കാലയളവിലും കയറ്റുമതി തന്ത്രങ്ങളിൽ യാതൊരു മാറ്റവും വരുത്തിയിരുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

