അമേരിക്കയുടെ ശക്തമായ ഉപരോധം നിലനിൽക്കെ, ചൈനീസ് ബന്ധമുള്ള എണ്ണക്കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നത് പശ്ചിമേഷ്യയിൽ പുതിയ നയതന്ത്ര യുദ്ധത്തിന് വഴിമരുന്നിടുന്നു.
യുഎസ് കരിമ്പട്ടികയിൽ പെടുത്തിയ ‘റിച്ച് സ്റ്റാറി’ (Rich Starry) എന്ന കപ്പലാണ് ചൊവ്വാഴ്ച തന്ത്രപ്രധാനമായ ഈ ജലപാതയിലൂടെ യാത്ര ചെയ്തത്. ഇറാനുമായുള്ള എണ്ണ വ്യാപാരത്തിൽ ഏർപ്പെട്ടതിന്റെ പേരിൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയ ഷാങ്ഹായ് സുവാൻറൺ ഷിപ്പിംഗ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ കപ്പൽ. ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശപ്രകാരം തിങ്കളാഴ്ച മുതൽ നിലവിൽ വന്ന നാവിക ഉപരോധത്തിന് ശേഷം, ഹോർമുസ് കടലിടുക്ക് വിജയകരമായി മുറിച്ചുകടക്കുന്ന ആദ്യ കപ്പലുകളിൽ ഒന്നാണിത്.
യുഎഇയിലെ ഹംരിയ തുറമുഖത്തുനിന്ന് ഏകദേശം 2,50,000 ബാരൽ മെഥനോളുമായി പുറപ്പെട്ട ഈ കപ്പലിൽ ചൈനീസ് ജീവനക്കാരാണ് ഉള്ളത്. കപ്പൽ യാത്ര തുടരുന്നതിനിടെ ഇത് ചൈനീസ് ഉടമസ്ഥതയിലുള്ളതാണെന്ന വിവരം റേഡിയോ സന്ദേശങ്ങളിലൂടെ കപ്പൽ അധികൃതർ പരസ്യപ്പെടുത്തിയിരുന്നു. ഉപരോധം ലംഘിക്കാനുള്ള ബോധപൂർവമായ നീക്കമാണിതെന്നും അതല്ലെങ്കിൽ ചൈനീസ് പൗരന്മാരും സ്വത്തും ഉൾപ്പെട്ടതിനാൽ അമേരിക്കൻ സൈന്യം ആക്രമിക്കില്ലെന്ന ഉറച്ച വിശ്വാസത്തിലുമാണ് ഈ യാത്രയെന്നും വിലയിരുത്തപ്പെടുന്നു. നേരത്തെ ഇറാനിലെ ഖേഷ്ം ദ്വീപിന് സമീപം എത്തിയപ്പോൾ കപ്പൽ തിരിച്ചുപോയെങ്കിലും, മണിക്കൂറുകൾക്ക് ശേഷം വീണ്ടും യാത്ര തുടരുകയായിരുന്നു.
ഈ സംഭവം ലോക എണ്ണ വിപണിയിലും ആഗോള നയതന്ത്ര രംഗത്തും വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ കടത്ത് പൂർണ്ണമായും തടയാൻ അമേരിക്ക ശ്രമിക്കുമ്പോൾ, ചൈന പോലുള്ള വൻശക്തികൾ ഈ നീക്കത്തെ എത്രത്തോളം വെല്ലുവിളിക്കും എന്നതിന്റെ സൂചനയായാണ് ‘റിച്ച് സ്റ്റാറി’യുടെ ഈ യാത്രയെ നിരീക്ഷകർ കാണുന്നത്. ഇറാനിലെ എല്ലാ തുറമുഖങ്ങളും ഉപരോധിക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിട്ടുള്ള പശ്ചാത്തലത്തിൽ, ചൈനീസ് കപ്പലിന്റെ ഈ ധിക്കാരപരമായ നീക്കം വരുംദിവസങ്ങളിൽ യുഎസ്-ചൈന ബന്ധത്തിൽ കൂടുതൽ അസ്വാരസ്യങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്.

