അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിദേശനയങ്ങളെയും ഇറാനുമായി ബന്ധപ്പെട്ട യുദ്ധനിലപാടുകളെയും പരിഹസിച്ച് ന്യൂയോർക്കിലെ മാൻഹട്ടനിലെ ഫോളി സ്ക്വയറിൽ 10 അടി ഉയരമുള്ള ആക്ഷേപഹാസ്യ ട്രോഫി സ്ഥാപിച്ചു. 2024ൽ ട്രംപ് വിചാരണ നേരിട്ട മാൻഹട്ടൻ കോടതിക്ക് സമീപത്താണ് ട്രോഫി സ്ഥാപിച്ചിരിക്കുന്നത്. കഴിഞ്ഞ ജൂലൈ 13ന് വാഷിങ്ടൺ ഡി.സിയിലെ നാഷണൽ മാളിൽ ആദ്യമായി പ്രദർശിപ്പിച്ച കലാസൃഷ്ടിയാണിത്.
രഹസ്യ ആർട്ട് കളക്ടീവായ ‘സീക്രട്ട് ഹാൻഡ്ഷേക്ക്’ ആണ് ട്രോഫി രൂപകൽപ്പന ചെയ്തത്. ഡബ്ല്യു.ഡബ്ല്യു.ഇ. ചാമ്പ്യൻഷിപ്പ് ബെൽറ്റ് ഉൾപ്പെടെയുള്ള വിവിധ വസ്തുക്കൾ ഉപയോഗിച്ച് അലങ്കരിച്ച ട്രോഫിയുടെ അടിയിലുള്ള ഫലകമാണ് പ്രധാന ആകർഷണം.
‘ഇറാൻ യുദ്ധത്തിലെ ആവേശകരമായ പങ്കാളിത്തത്തിന് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ഈ ട്രോഫി സമർപ്പിക്കുന്നു’ എന്നാണ് ഫലകത്തിലെ പരിഹാസപരമായ കുറിപ്പ്. അന്തിമ ഫലമോ സൈനിക തന്ത്രങ്ങളോ കണക്കാക്കാതെ ഏത് വിധേനയും യുദ്ധത്തിൽ പങ്കാളിയാകാനുള്ള ആർജവം ട്രംപ് പ്രകടിപ്പിച്ചുവെന്ന വിമർശനവും അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ആഴ്ച മുഴുവൻ ട്രോഫി പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
പ്രസിഡന്റിന് നൽകാൻ ചെറിയതോ വലുതോ ആയ ‘നേട്ടങ്ങൾ’ ഇനിയും കണ്ടെത്താമെന്നും, പൊതുജനങ്ങൾക്കും സ്വന്തം ട്രോഫികൾ ഇവിടെ കൊണ്ടുവന്ന് സമർപ്പിക്കാമെന്നും മറ്റൊരു ഫലകത്തിൽ പറയുന്നു. ‘അദ്ദേഹത്തിന് നൽകാൻ ചെറിയതോ വലുതോ ആയ അർഹതയില്ലാത്ത ഒരു നേട്ടവുമില്ല. സന്ദർശകർ തങ്ങളുടെ സംഭാവനകൾ #TrophiesforTrump എന്ന ഹാഷ്ടാഗോടെ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുക’ എന്നും അതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ഇറാനെതിരായ യുദ്ധനടപടികളുമായി മുന്നോട്ടുപോകുന്ന ട്രംപ് ഭരണകൂടത്തിന്റെ നിലപാടിനെതിരെ അമേരിക്കയിൽ എതിർപ്പ് ശക്തമാകുകയാണ്. അമേരിക്കൻ കോൺഗ്രസിലെ ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ പാർട്ടികളിലെ അംഗങ്ങളിൽ നിന്നടക്കം വിമർശനം ഉയരുന്നുണ്ട്. യു.എസിന് വലിയ സാമ്പത്തിക ബാധ്യതയും സുരക്ഷാ വെല്ലുവിളികളും സൃഷ്ടിക്കുന്ന യുദ്ധത്തിന് വ്യക്തമായ ലക്ഷ്യങ്ങളോ നേട്ടങ്ങളോ ഇല്ലെന്നാണ് ഇരുവിഭാഗം നിയമനിർമ്മാതാക്കളും ചൂണ്ടിക്കാട്ടുന്നത്. സാമ്പത്തിക നഷ്ടവും സുരക്ഷാ ആശങ്കകളും മുൻനിർത്തി ഭരണകൂടത്തിന്റെ നയങ്ങൾക്കെതിരെ ജനങ്ങളുടെയും ജനപ്രതിനിധികളുടെയും പ്രതിഷേധവും വ്യാപകമാകുകയാണ്.

