പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ഖത്തറിൽ അമേരിക്കയും ഇറാനും മധ്യസ്ഥർ മുഖേന നടത്തിയ ചർച്ചകൾ അനുകൂലമായിരുന്നുവെന്ന് റിപ്പോർട്ടുകൾ. ദോഹയിൽ നടന്ന കൂടിക്കാഴ്ചയിൽ ഹോർമൂസ് കടലിടുക്ക് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇരു രാജ്യങ്ങളും ധാരണയിലെത്തിയതായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
ഹോർമൂസ് കടലിടുക്കിൽ ഒരാഴ്ചത്തേക്ക് സംഘർഷം ഒഴിവാക്കാൻ യുഎസും ഇറാനും തമ്മിൽ ധാരണയായതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, കടലിടുക്കിലൂടെയുള്ള കപ്പൽഗതാഗതത്തിന്റെ നിയന്ത്രണം ആരുടെ കൈവശമാകണമെന്ന വിഷയത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസം തുടരുകയാണ്.
രണ്ടാഴ്ച മുമ്പ് ഇറാനും യുഎസും ഒപ്പുവെച്ച ‘ഇസ്‍ലാമാബാദ് ധാരണാപത്ര’ത്തിലെ വ്യവസ്ഥകൾ നടപ്പാക്കുന്നതിലെ പുരോഗതിയും ഖത്തറിലെ ചർച്ചയിൽ വിലയിരുത്തി. അന്തിമകരാറിലേക്കുള്ള വഴിയിൽ തടസ്സമായി നിൽക്കുന്ന വിഷയങ്ങൾ ഖത്തറിന്റെയും പാകിസ്താന്റെയും പ്രതിനിധികൾ മുഖേന ചർച്ച ചെയ്തതായും വിവരമുണ്ട്.
അതേസമയം, ഖത്തറിലെത്തിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫും ജാരദ് കുഷ്‌നറും സാങ്കേതികതല ചർച്ചയിൽ പങ്കെടുത്തില്ല. എന്നാൽ, ഇരുവരും ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ അൽതാനിയുമായി കൂടിക്കാഴ്ച നടത്തി.
വിദേശകാര്യ സഹമന്ത്രി കാസിം ഖരിബാബാദിയുടെ നേതൃത്വത്തിലുള്ള സംഘം ഇറാനിലേക്ക് മടങ്ങുമെങ്കിലും യുഎസ് പ്രതിനിധികളുമായി നേരിട്ടുള്ള ചർച്ച നടത്തില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇറാൻ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമേനിയുടെ സംസ്കാരച്ചടങ്ങുകൾ ജൂലൈ 4 മുതൽ 9 വരെ നടക്കുന്നതിനാൽ, അടുത്തഘട്ട ചർച്ചകൾ അതിന് ശേഷമേ പുനരാരംഭിക്കൂ എന്നാണ് വിവരം.
വാരാന്ത്യത്തിൽ ഇരുരാജ്യങ്ങളും വീണ്ടും ഏറ്റുമുട്ടിയതിനെ തുടർന്ന് ഇടക്കാല സമാധാനക്കരാർ അന്തിമമാക്കാനുള്ള ചർച്ചകൾ അനിശ്ചിതത്വത്തിലായിരുന്നു. ചൊവ്വാഴ്ച ഖത്തറിൽ ചർച്ച നടക്കുമെന്ന് യുഎസും പ്രധാന മധ്യസ്ഥരായ പാകിസ്താനും അറിയിച്ചിരുന്നെങ്കിലും, നേരിട്ടുള്ള ചർച്ചകൾ നിശ്ചയിച്ചിട്ടില്ലെന്ന് ഖത്തറും വരുംദിവസങ്ങളിൽ ചർച്ചയുണ്ടാകില്ലെന്ന് ഇറാനും വ്യക്തമാക്കിയിരുന്നു. ഇറാന്റെ ആണവപദ്ധതി ഉൾപ്പെടെയുള്ള വിഷയങ്ങളിലാണ് ഇനി അന്തിമതീർപ്പ് കൈവരിക്കേണ്ടത്.

