അറ്റ്ലാന്റിക് സമുദ്രത്തില്‍ സഞ്ചരിച്ചിരുന്ന ആഡംബര ക്രൂസ് കപ്പലായ എംവി ഹോണ്ടിയസില്‍ അപൂര്‍വ ഹാന്റാ വൈറസ് പടര്‍ന്നതിനെ തുടര്‍ന്ന് മൂന്ന് പേര് മരിച്ചു. നിരവധി രാജ്യങ്ങളിലെ യാത്രക്കാരും ജീവനക്കാരും കപ്പലിലുണ്ടായിരുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര തലത്തില്‍ ആരോഗ്യ ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ഇതുവരെ അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും മറ്റു ചിലര്‍ നിരീക്ഷണത്തിലുമാണ്. അര്‍ജന്റീനയില്‍ നിന്ന് കേപ് വെര്‍ഡെയിലേക്ക് യാത്രതിരിച്ച ഡച്ച് ഉടമസ്ഥതയിലുള്ള കപ്പലിലാണ് രോഗവ്യാപനം കണ്ടെത്തിയത്. ആദ്യമായി രോഗലക്ഷണം പ്രകടിപ്പിച്ച ഡച്ച് യാത്രക്കാരന് ഏപ്രില്‍ 11ന് മരിച്ചതോടെയാണ് ആശങ്ക ഉയര്‍ന്നത്. പിന്നാലെ ഭാര്യയും മറ്റൊരു ജര്‍മന്‍ സ്വദേശിയും മരണപ്പെട്ടു. ചിലരെ ദക്ഷിണാഫ്രിക്ക, നെതര്‍ലാന്‍ഡ്സ്, സ്വിറ്റ്സര്‍ലാന്‍ഡ് എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. ഈ രോഗബാധയ്ക്ക് കാരണം ആന്‍ഡിസ് വകഭേദത്തിലുള്ള ഹാന്റാ വൈറസാണെന്നാണ് പ്രാഥമിക നിഗമനം. സാധാരണയായി എലികളുടെ വിസര്‍ജ്യം, മൂത്രം, തുപ്പല് എന്നിവ വഴിയാണ് ഹാന്റാ വൈറസ് പകരുന്നത്. എന്നാല്‍ ആന്‍ഡിസ് വകഭേദത്തിന് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരാനുള്ള ശേഷിയുമുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. കപ്പലില്‍ ഉണ്ടായിരുന്ന യാത്രക്കാരെ വിവിധ രാജ്യങ്ങള്‍ കണ്ടെത്തി നിരീക്ഷണത്തിലാക്കുകയാണ്. അമേരിക്ക, ബ്രിട്ടന്, ഫ്രാന്‍സ്, കാനഡ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങള്‍ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി ആരോഗ്യ പരിശോധന ശക്തമാക്കി. നിലവില്‍ കപ്പല്‍ കാനറി ദ്വീപുകളിലേക്ക് നീങ്ങുകയാണെന്നും യാത്രക്കാരെ കര്‍ശന നിരീക്ഷണത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹാന്റാ വൈറസ് ബാധയുടെ ആദ്യഘട്ട ലക്ഷണങ്ങള്‍ പനി, തലവേദന, ശരീരവേദന, ഛര്‍ദ്ദി, വയറിളക്കം എന്നിവയാണ്. ഗുരുതരാവസ്ഥയിലായാല്‍ ശ്വാസകോശത്തെ ബാധിച്ച് ശ്വാസതടസം, നെഞ്ചുവേദന, വൃക്ക സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവ ഉണ്ടാകാം. നിലവില്‍ രോഗത്തിന് പ്രത്യേക വാക്സിനോ ചികിത്സയോ ലഭ്യമല്ലെങ്കിലും തുടക്കത്തില്‍ കണ്ടെത്തി ചികിത്സ നല്കിയാല് അപകടസാധ്യത കുറയ്ക്കാനാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി.

