അമേരിക്കയുമായുള്ള ആണവ ചര്‍ച്ചകള്‍ അനിശ്ചിതത്വത്തിലായിരിക്കെ, വാഷിങ്ടണിന് കടുത്ത മുന്നറിയിപ്പുമായി ഇറാന്. ഇറാന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി മുന്നോട്ടുവെച്ച 14 ഇന നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാന്‍ വൈകുന്നത് അമേരിക്കന്‍ നികുതിദായകര്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് ഇറാന് പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള സൈനിക പ്രകോപനത്തിന് അമേരിക്ക ഇറങ്ങിയാല്‍ തക്കതായ മറുപടി നല്‍കുമെന്നും ഗാലിബാഫ് വ്യക്തമാക്കി. യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള അവകാശം, ഇറാന് മേലുള്ള സാമ്പത്തിക ഉപരോധങ്ങള്‍ നീക്കം ചെയ്യുക എന്നിവയാണ് ഇതിലെ പ്രധാന നിര്‍ദേശങ്ങള്‍. ചര്‍ച്ചകള്‍ നീണ്ടുപോകുന്നത് അമേരിക്കയുടെ സാമ്പത്തിക നിലയെ ബാധിക്കുമെന്നും ഇറാന്റെ നീക്കങ്ങള്‍ അമേരിക്കയെ അമ്പരപ്പിക്കുമെന്നും ഖാലിബാഫ് കൂട്ടിച്ചേര്‍ത്തു.’തെറ്റായ തന്ത്രങ്ങളും തീരുമാനങ്ങളും എപ്പോഴും തെറ്റായ ഫലങ്ങളിലേക്കേ നയിക്കൂ എന്ന് ലോകത്തിന് ഇപ്പോള്‍ ബോധ്യപ്പെട്ടിട്ടുണ്ട്. ഞങ്ങള്‍ എല്ലാ സാധ്യതകള്‍ക്കും തയ്യാറെടുത്തിരിക്കുകയാണ്’, അദ്ദേഹം പറഞ്ഞു.

