യുഎസില്‍ നടക്കുന്ന ഇസ്രായേല്‍ അനുകൂല രഹസ്യ കാമ്പയിനുകളെയും കുറിച്ച് തുറന്നുപറഞ്ഞ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്. ഇറാനെ ബോംബിട്ട് ഇല്ലാതാക്കാമെന്ന് കരുതുന്ന അമേരിക്കന്‍ യാഥാസ്ഥിതികരുടെ (Hawks) യുദ്ധക്കൊതിയെ വാന്‍സ് രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്.
മുന്‍കാലങ്ങളിലെ സമാനമായ സൈനിക ഇടപെടലുകള്‍ അമേരിക്കയ്ക്ക് വലിയ തിരിച്ചടിയാണ് നല്‍കിയതെന്നും, ഇത്തരം ഭരണമാറ്റ ശ്രമങ്ങള്‍ വലിയ രീതിയിലുള്ള സൈനിക വിന്യാസം ആവശ്യപ്പെടുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇറാനെതിരെ ഒരു യുദ്ധം ആരംഭിക്കാന്‍ ഡൊണാള്‍ഡ് ട്രംപ് കാണിക്കുന്ന അത്രയും താല്പര്യം താന്‍ അധികാരത്തിലായിരുന്നെങ്കില്‍ കാണിക്കില്ലായിരുന്നുവെന്ന് വാന്‍സ് തുറന്നു സമ്മതിച്ചു. എങ്കിലും പ്രസിഡന്റിന്റെ തീരുമാനങ്ങളെ പൂര്‍ണ്ണമായി പിന്തുണയ്ക്കുകയെന്നതാണ് തന്റെ ഔദ്യോഗിക ചുമതലയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമേരിക്കന്‍ മാധ്യമങ്ങളില്‍ ഈ അഭിമുഖം വലിയ ചര്‍ച്ചയാകാന്‍ കാരണം കുപ്രസിദ്ധ കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനെക്കുറിച്ചുള്ള വാന്‍സിന്റെ വെളിപ്പെടുത്തലുകളാണ്. എപ്സ്റ്റീന്റെ രേഖകള്‍ കൈകാര്യം ചെയ്യുന്നതില്‍ യു.എസ് ഭരണകൂടത്തിന് വലിയ വീഴ്ച പറ്റിയതായി അദ്ദേഹം സമ്മതിച്ചു. എന്നാല്‍ ഈ വിവാദങ്ങളില്‍ ഡൊണാള്‍ഡ് ട്രംപിന് യാതൊരു പങ്കുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
തുടര്‍ന്ന്, എപ്സ്റ്റീന് ഇസ്രായേല്‍ ചാരസംഘടനയായ മൊസാദുമായി ബന്ധമുണ്ടെന്ന സ്ഥിരീകരിക്കാത്ത ആരോപണവും വാന്‍സ് ഉന്നയിക്കുകയുണ്ടായി: ‘അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിലെയും ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗത്തിലെയും ഉന്നതരുമായി എപ്സ്റ്റീന് വ്യക്തമായ ബന്ധമുണ്ടായിരുന്നു. പ്രത്യേകിച്ച് ഇസ്രായേല്‍ ഡീപ് സ്റ്റേറ്റിലെ ഇടതുപക്ഷ ചായ്വുള്ളവരുമായാണ് അദ്ദേഹം കൂടുതല്‍ അടുത്തത്.’
മുന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി യഹൂദ് ബരാകുമായുള്ള എപ്സ്റ്റീന്റെ ബന്ധത്തെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു വാന്‍സിന്റെ ഈ പ്രതികരണം. അമേരിക്കയിലെ റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് പാര്‍ട്ടികളിലെ നിരവധി മുതിര്‍ന്ന നേതാക്കളുമായി എപ്സ്റ്റീന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും വൈസ് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കങ്ങള്‍ക്കെതിരെ അമേരിക്കയ്ക്കുള്ളില്‍ ഇസ്രായേല്‍ ഫണ്ട് ഉപയോഗിച്ച് നടക്കുന്ന രഹസ്യ പ്രചാരണങ്ങളെയും വാന്‍സ് ശക്തമായി കടന്നാക്രമിച്ചു. യു.എസ് പൊതുജനങ്ങളുടെ ചിന്താഗതി തിരിച്ചുവിട്ട് ഇറാന്‍ യുദ്ധം അനന്തമായി നീട്ടിക്കൊണ്ടുപോകാന്‍ ഇസ്രായേല്‍ ഭരണകൂടത്തിലെ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
അഭിമുഖത്തില്‍ ചോദ്യങ്ങളൊന്നും ചോദിക്കാതെ തന്നെ വാന്‍സ് ഈ വിഷയം സ്വയം ഉന്നയിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയും മാധ്യമപ്രവര്‍ത്തകര്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയും ചില ഗ്രൂപ്പുകള്‍ തന്നെ നിരന്തരം ടാര്‍ഗെറ്റ് ചെയ്യുന്നതായി വാന്‍സ് പരാതിപ്പെട്ടു.
‘ഇറാനുമായി ചര്‍ച്ചകള്‍ പാടില്ലെന്നും സൈനിക നടപടി തുടരണമെന്നുമാണ് അവരുടെ ആവശ്യം. ഞാന്‍ ഖത്തറിന്റെ സ്വാധീനത്തിലാണെന്നും ടക്കര്‍ കാള്‍സണ്‍ പറയുന്നതാണ് ഞാന്‍ അനുസരിക്കുന്നതെന്നും തുടങ്ങിയ നിരവധി അസംബന്ധങ്ങളാണ് അവര്‍ എനിക്കെതിരെ ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുന്നത്.’ – വാന്‍സ് വ്യക്തമാക്കി.

