ഇറാനുമായുള്ള യുദ്ധത്തില്‍ അമേരിക്കയുടെ യുദ്ധച്ചെലവ് വര്‍ധിച്ചതായി പെന്റഗണ്‍. യുഎസ് കോണ്‍ഗ്രസില്‍ ട്രംപ് ഭരണകൂടം അധിക ഫണ്ട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇറാനെതിരെയുള്ള വ്യോമാക്രമണം പതിനൊന്നാമത്തെ രാത്രിയിലും നടത്തിയ ശേഷമാണ് യുഎസ് ഇക്കാര്യം വ്യക്തമാക്കിയത്. യുദ്ധച്ചലവ് ഇതുവരെ 37.5 ബില്യണ്‍ ഡോളറില്‍ എത്തിയതായി അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ ഹെഗ്‌സത്ത് വെളിപ്പെടുത്തി.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അടിയന്തര പ്രതിരോധ ഫണ്ടിംഗ് അഭ്യര്‍ഥനയെ ന്യായീകരിച്ചുകൊണ്ട് സെനറ്റ് അപ്രോപ്രിയേഷന്‍സ് കമ്മിറ്റിയില്‍ നടത്തിയ സാക്ഷ്യവാക്കിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഈ അധിക യുദ്ധഫണ്ടിംഗ് അടിയന്തരവും അനിവാര്യവുമായ ധനസഹായമാണ്. ഈ ഫണ്ട് ലഭിക്കാതെ വന്നാല്‍ സൈനിക പ്രവര്‍ത്തനങ്ങളില്‍ ഗുരുതരമായ സാമ്പത്തിക കുറവ് നേരിടേണ്ടിവരുമെന്നും ഹെഗ്‌സത്ത് പറഞ്ഞു. ഇറാന്‍ യുദ്ധത്തില്‍ മൂന്ന് അമേരിക്കന്‍ സൈനികര്‍ കൂടി കൊല്ലപ്പെട്ടതോടെ മരണസംഖ്യ 17 ആയി ഉയര്‍ന്നതായി പെന്റഗണ്‍ അറിയിച്ചു.
ജൂലൈ ആദ്യം മുതല്‍ 100-ലധികം സൈനികര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങള്‍ അധിക ഫണ്ടിന്റെ ആവശ്യകതയെയും ഭരണകൂടത്തിന്റെ യുദ്ധതന്ത്രത്തെയും ശക്തമായി ചോദ്യം ചെയ്തു. കമ്മിറ്റിയിലെ മുതിര്‍ന്ന ഡെമോക്രാറ്റിക് അംഗമായ സെനറ്റര്‍ പാറ്റി മറേ, അമേരിക്ക വീണ്ടും അവസാനമില്ലാത്ത യുദ്ധത്തിലേക്ക് നീങ്ങുകയാണെന്ന് മുന്നറിയിപ്പ് നല്‍കി. യുദ്ധം ഉടന്‍ അവസാനിക്കുമെന്ന് പ്രസിഡന്റ് ട്രംപ് 40-ലേറെ തവണ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം വീണ്ടും പതിനായിരക്കണക്കിന് കോടി ഡോളറിന്റെ അധിക ഫണ്ടാണ് ആവശ്യപ്പെടുന്നതെന്ന് മറേ വിമര്‍ശിച്ചു.
സര്‍വേ പ്രകാരം, ഇറാന്‍ യുദ്ധം കൈകാര്യം ചെയ്യുന്ന രീതിയില്‍ ട്രംപിന്റെ സമീപനത്തെ അമേരിക്കക്കാരില്‍ ഭൂരിപക്ഷവും അനുകൂലിക്കുന്നില്ല. യുദ്ധം നീളുന്നതോടെ ഇന്ധനവില വര്‍ധിക്കുന്നതും അമേരിക്കന്‍ ആയുധശേഖരങ്ങള്‍ക്ക് സമ്മര്‍ദ്ദം കൂടുന്നതും ദീര്‍ഘകാല സൈനിക ഇടപെടലിനെക്കുറിച്ചുള്ള ആശങ്കകളും ശക്തമായിട്ടുണ്ട്. യുദ്ധത്തിന്റെ തുടക്കത്തില്‍ ഇറാനിലെ ഒരു പ്രൈമറി സ്‌കൂളില്‍ നടന്ന മാരകമായ ആക്രമണത്തെക്കുറിച്ചുള്ള പെന്റഗണ്‍ അന്വേഷണ റിപ്പോര്‍ട്ട് പരസ്യമാക്കണമെന്നും, അല്ലാത്തപക്ഷം പ്രതിരോധ സെക്രട്ടറിയുടെ ഔദ്യോഗിക യാത്രകള്‍ക്കുള്ള ഫണ്ടിംഗ് തടയുമെന്നും ചില നിയമനിര്‍മാതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

