ഇറാനുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ അമേരിക്കയുടെ മധ്യസ്ഥതയിൽ രൂപപ്പെട്ട വെടിനിർത്തൽ കരാർ ഇസ്രായേലിന് വൻ രാഷ്ട്രീയ തിരിച്ചടിയും തന്ത്രപരമായ പരാജയവുമാണെന്ന് ഇസ്രായേലി മാധ്യമങ്ങൾ. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിനെതിരെ കടുത്ത വിമർശനങ്ങളുമായാണ് പ്രമുഖ വാർത്താ മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും രംഗത്തെത്തിയിരിക്കുന്നത്.
യുദ്ധത്തിലൂടെ ഇറാനിലെ ഭരണകൂടത്തെ അസ്ഥിരപ്പെടുത്തുമെന്നും ആണവ പദ്ധതികൾ പൂർണ്ണമായും തകർക്കുമെന്നുമുള്ള നെതന്യാഹുവിന്റെ വാഗ്ദാനങ്ങൾ വെറും പാഴ്വാക്കുകളായി മാറിയെന്ന് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു.
ഇസ്രായേലിലെ പ്രമുഖ പത്രമായ ഹാരെറ്റ്‌സ് പ്രസിദ്ധീകരിച്ച വിശകലനത്തിൽ, ഇറാൻ യുദ്ധത്തിൽ ഇസ്രായേലിന് വലിയ പാളിച്ചകൾ പറ്റിയെന്നും ഇത് അമേരിക്കയുമായുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കിയെന്നും വ്യക്തമാക്കുന്നു. ഇറാന്റെ ഭരണകൂടം മാറ്റമില്ലാതെ തുടരുന്നതും യുറേനിയം ശേഖരം നശിപ്പിക്കാൻ സാധിക്കാത്തതും ഇസ്രായേലിന്റെ സുരക്ഷയെ കൂടുതൽ അപകടത്തിലാക്കി. ഇറാൻ ഇപ്പോൾ മുൻപത്തേക്കാൾ കൂടുതൽ കരുത്തുറ്റ നിലയിലാണെന്നും നെതന്യാഹുവിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ പരാജയമാണിതെന്നും സൈനിക നിരീക്ഷകർ അഭിപ്രായപ്പെടുന്നു.
പൊതുപ്രക്ഷേപണ സ്ഥാപനമായ കാൻ ഇലവനും സമാനമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ട്രംപ് ഭരണകൂടത്തിന് മുന്നിൽ നെതന്യാഹു കീഴടങ്ങിയെന്നും നിശ്ചയിച്ച ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും ചാനലിന്റെ നയതന്ത്ര പ്രതിനിധി ഗിലി കോഹൻ റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ പ്രതിരോധ സേന മികച്ച രീതിയിൽ പ്രവർത്തിച്ചുവെങ്കിലും രാഷ്ട്രീയമായ തീരുമാനങ്ങൾ എടുക്കുന്നതിൽ നെതന്യാഹുവിനുണ്ടായ പരാജയം രാജ്യത്തിന്റെ അന്താരാഷ്ട്ര പദവിയെ ബാധിച്ചു.
ടൈംസ് ഓഫ് ഇസ്രായേൽ, ജറുസലേം പോസ്റ്റ് തുടങ്ങിയ മാധ്യമങ്ങളും പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. വെടിനിർത്താനുള്ള തീരുമാനം അമേരിക്ക അവസാന നിമിഷമാണ് ഇസ്രായേലിനെ അറിയിച്ചതെന്നും, ചർച്ചകളിൽ നിന്ന് ഇസ്രായേലിനെ മാറ്റിനിർത്തിയത് വലിയ അപമാനമാണെന്നും ജറുസലേം പോസ്റ്റ് കുറ്റപ്പെടുത്തി.
ഇറാന്റെ ആണവ-മിസൈൽ ശേഷികൾക്ക് കാര്യമായ പോറലേറ്റില്ല എന്നതും ആശങ്കാജനകമാണ്. നിലവിലെ വെടിനിർത്തൽ ഇസ്രായേലിന്റെ ദേശീയ സുരക്ഷയെ ദീർഘകാലാടിസ്ഥാനത്തിൽ ദോഷകരമായി ബാധിക്കുമെന്നാണ് മിക്ക മാധ്യമങ്ങളുടെയും വിലയിരുത്തൽ.

