ഇറാനെതിരായ ആക്രമണം ആരംഭിച്ചതുമുതൽ മലക്കം മറിച്ചിൽ പതിവാക്കിയ ട്രംപ് ഇക്കഴിഞ്ഞ ദിവസം വീണ്ടും അതാവർത്തിച്ചിരിക്കുകയാണ്. പ്രതിസന്ധിയുടെ കാർമേഘങ്ങൾ തീർത്തുകൊണ്ട് കഴിഞ്ഞ ദിവസം നടത്തിയ എ രിതീയിൽ എണ്ണയൊഴിക്കുന്ന പ്രസ്‌താവനക്കു പിന്നാലെയാണ് ഇന്നലത്തെ മലക്കം മറിച്ചിൽ. ഇറാനെതിരായ പോരാട്ടത്തിൽ ‘ഞങ്ങൾക്ക് വിജയിക്കണം’ എന്നും യുദ്ധവുമായി മുന്നോട്ടു പോകുമെന്നും ഇറാന് താങ്ങാനാവാത്ത വിധത്തിലുള്ള കനത്ത പ്രഹരങ്ങൾ യു.എസിന്റെ ഭാഗ ത്തുനിന്ന് നേരിടേണ്ടി വരുമെന്നുമായിരുന്നു ലോകത്തെ ആശങ്കയുടെ മുൾമുനയിൽ നിർത്തിക്കൊണ്ടുള്ള കഴിഞ്ഞ ദിവസത്തെ മുന്നറിയിപ്പ്.
കഴിഞ്ഞ മാസം യു.എസു മായുള്ള വെടിനിർത്തൽ കരാറിൽ ഒപ്പുവെച്ചതിന് ശേഷം ഇറാൻ അത് ലംഘിക്കുകയും, കച്ചവടക്കപ്പലുകൾക്ക് നേരെ വെടിയുതിർക്കുകയും അമേരിക്കൻ സൈനികരെ വധിക്കുകയും ചെയ്‌തുവെന്നും ഇത്തരം നടപടികൾ കയ്യും കെട്ടി നോക്കിയിരിക്കാൻ പ്രസിഡന്റ് ട്രംപ് തയാറല്ലെന്നും അർത്ഥവത്തായ രീതിയിൽ ചർച്ചയ്ക്ക് തയ്യാറാകുന്നത് വരെ ഇറാൻ വലിയ വില നൽകേണ്ടിവരുമെന്നും, ട്രംപിന്റെ വാക്കുകൾക്ക് അടിവരയിട്ടുകൊണ്ട് വൈറ്റ് ഹൗസിന്റെ മുന്നറിയിപ്പുമുണ്ടായിരുന്നു. ഇത്തരം വീരവാദങ്ങൾ മുഴക്കുകയും പിന്നീട് അത് തിരുത്തുകയോ വെള്ളംചേർക്കുകയോ ചെയ്യുന്നത് ട്രംപിന്റെയും അമേരിക്കയുടെയും പതിവുപല്ലവിയായിരുന്നുവെങ്കിലും പതിവിനേക്കാൾ വേഗതയിൽ തിരുത്തലുണ്ടായി എന്നതാണ് ഇത്തവണത്തെ സവിശേഷത.
തന്റെ സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്തിലൂടെയാണ് കഴിഞ്ഞ ദിവസത്തെ പ്രസ്താവനക്ക് ഘടക വിരുദ്ധമായ അഭിപ്രായപ്രകടനങ്ങളുമായി ഇന്നലെ അദ്ദേഹം രംഗപ്രവേശം ചെയ്തിരിക്കുന്നത്. ‘ഇറാനെതിരായ ആക്രമണത്തിന് അമേരിക്ക പൂർണ സജ്ജമാണ്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകം കണ്ടിട്ടില്ലാത്ത വിധം അതിശക്തമായ ആക്രമണം നടത്താൻ ഞങ്ങൾ തയാറാണ്. എന്നാൽ ഒരു കരാറിൻ്റെ അടിസ്ഥാന വിഷയങ്ങളിൽ ധാരണയായതിനാൽ ആക്രമണത്തിൽ നിന്ന് തൽക്കാലം പിന്മാറാൻ ഇറാനും മറ്റു പശ്ചിമേഷ്യൻ രാജ്യങ്ങളും ഞങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് ഉടനടി പൂർണമായി തുറക്കുക, ഇറാന്റെ ആണവ ഭിഷണി അവസാനിപ്പിക്കുക തുടങ്ങിയ നിബന്ധനകളോടു കൂടിയതാണ് കരാർ. ഇറാൻ്റെയും മറ്റു രാജ്യങ്ങളുടെയും അഭ്യർഥനപ്രകാരം ലോകത്തിൻ്റെ ഭാവിക്കായി, ഇറാന്റെ നിലനിൽപ്പിനായി ആക്രമണം റദ്ദാക്കാൻ സമ്മതിച്ചു. വേഗത്തിൽ ഒരു കരാറിലെത്താമെങ്കിൽ മാത്രം എന്ന വ്യവസ്ഥയിലാണ് ആക്രമണം റദ്ദാക്കാമെന്ന് സമ്മതിച്ചത്. ഈ നിലപാടിൽ ഇസ്രാഈലും എനിക്കൊപ്പമുണ്ട്’. എന്നായിരുന്നു അദ്ദേഹത്തിന്റെ തിരുത്ത്. ഓന്തിനെ വെല്ലുന്ന ഈ നിറംമാറ്റത്തിനു പിന്നിൽ ഇറാൻ യുദ്ധത്തിൽ അമേരിക്കൻ ഭരണകൂടം അനുഭവിക്കുന്ന പ്രതസന്ധികളുടെ ആഴമാണ് അളക്കപ്പെടുന്നത്.
ചതിയും വഞ്ചനയും മുഖമദ്രയാക്കിയ തിന്മയുടെ കൂട്ടു കെട്ട് ഇത്തരത്തിലുള്ള അപ്രവചനീയമായ നീക്കങ്ങളുമായി കളംനിറയുമ്പോൾ അതിനു പിന്നിൽ മറ്റൊരു ചതിയുടെ പുകമറ ഒളിഞ്ഞിരിപ്പുണ്ടോ എന്ന കാര്യത്തിലും രാഷ്ട്രീയ നിരീക്ഷകർക്ക് സംശമില്ലാതില്ല. എന്നാൽ അമേരിക്കയുടെ നിൽക്കക്കള്ളിയില്ലായ്മ തന്നെയാണ് ഇപ്പോഴത്തെ നീക്കത്തിനു പിന്നിലെന്നതിനാണ് മുൻതൂക്കം. പ്രധാനമായും മൂന്നു കാരണങ്ങളാണ് ഈ നിഗമനത്തിലെത്താൻ പ്രേരകമായിത്തീരുന്നത്. സഊദി അറേബ്യയുടെ ഇടപെടലാണ് ഒന്നാമത്തേത്. ഇറാനെതിരെ യു.എസ് ആക്രമണമുണ്ടായാൽ അത് തങ്ങളുടെ എണ്ണപ്പാടങ്ങളെയും സുരക്ഷയെയും ബാധിക്കുമെന്ന ഭയത്തിൽ സഊദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായി ഫോണിൽ ബന്ധപ്പെടുകയും, വലിയ ആക്രമണങ്ങളിൽ നിന്ന് പിന്മാറാൻ ശക്തമായി അഭ്യർത്ഥിക്കുകയും ചെയ്‌തതായി റിപ്പോർട്ടുണ്ടായിരുന്നു. രണ്ടാമത്തേത് അമേരിക്ക നേരിടുന്ന ആയുധക്ഷാമമാണ്.
ഓരോ ദിവസം പിന്നിടുംതോറും ആയുധശേഖരം ഗണ്യമായി കുറയുന്നത് അമേരിക്കയെ വലിയ പ്രതിസന്ധിയി ലേക്കാണ് തള്ളുന്നത്. അമേരിക്കയുടെ പക്കലുണ്ടായിരുന്ന പാട്രിയോട്ട് മിസൈൽ പ്രതിരോധ സംവിധാനങ്ങളുടെയും മറ്റ് യുദ്ധോപകരണങ്ങളുടെയും സ്റ്റോക്ക് വൻ തോതിൽ കുറഞ്ഞത് പെന്റഗണിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഗൾഫ് മേഖലയിലെ കടുത്ത മുന്നറിയിപ്പുകളാണ് ആക്രമണ പദ്ധതിയിൽനിന്ന് ട്രംപിനെ പിന്തിരിപ്പിക്കുന്ന മൂന്നാമത്തെ ഘടകം. യു.എസിന്റെ ഭാഗത്തുനിന്ന് പ്രകോ പനമുണ്ടായാൽ ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളും ഊർജ്ജ കേന്ദ്രങ്ങളും ചാമ്പലാക്കുമെന്ന് ഇറാനും സഖ്യ കക്ഷികളും തുറന്നടിച്ചതും അമേരിക്കയെ പുനർവിചിന്തനത്തിന് പ്രേരിപ്പിച്ചു. ട്രംപ് നേരത്തെ നടത്തിയ പ്രസ്‌താവനക്കുപിന്നാലെ ഇറാൻ വ്യക്തമാക്കിയ അതിശക്തമായ തങ്ങളുടെ നിലപാട് ട്രംപിനെ മാത്രമല്ല, പശ്ചിമേഷ്യയെ ഒന്നടങ്കം ഇരുത്തി ചിന്തിപ്പിക്കാൻ പര്യാപ്‌തമായിരുന്നു. അമേരിക്കയുടെ പ്രതിരോധ കവചമായി വർത്തിക്കുന്ന ഏതൊരു രാജ്യവും യുദ്ധാഗ്നിയിൽ എരിഞ്ഞടങ്ങുമെന്നായിരുന്നു ആക്രമണ ഭീഷണിക്ക് ഇറാൻ്റെ ഉന്നത സംയുക്ത സൈനിക കമാൻഡ് മേജർ ജനറൽ അലി അബ്ദുള്ളാഹി നൽകിയ മുന്നറിയിപ്പ്.
കുവൈത്തുൾപ്പെടെയുള്ള രാജ്യങ്ങളിൽ അമേരിക്കയുടെ സൈനിക താവളങ്ങൾക്കുനേരെ ആക്രമണം അഴിച്ചുവിട്ടതിനു പിന്നാലെയുള്ള ഈ പ്രസ്താവന ആർക്കും തള്ളിക്കളയുവാൻ കഴിയുമായിരുന്നില്ല. തങ്ങളുടെ തകർന്നടിഞ്ഞ സൈനിക ശേഷിക്ക് പകരമായി അമേരിക്കൻ ഭരണകൂടം ഗൾഫ് രാജ്യങ്ങളുടെ സമ്പത്തും അടിസ്ഥാന സൗകര്യങ്ങളും ഉപയോഗിക്കാൻ ശ്രമിക്കുകയാണെന്നും യു.എസുമായുള്ള നയപരമായ സഹകരണവും കൂട്ടായ്മയും ഈ രാജ്യങ്ങൾ പുനഃപരിശോധിക്കണമെന്നും അമേരിക്കയുടെ താൽപ്പര്യങ്ങൾക്കായി നിലകൊള്ളുന്ന രാജ്യങ്ങൾ കനത്ത വില നൽകേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ശക്തമായ ആക്രമണത്തിനുപിന്നാലെ ഇറാൻ നൽകിയ മുന്നറിയിപ്പ് ഗൾഫ് രാഷ്ട്രട്രങ്ങൾക്ക് മുഖവിലക്കെടുക്കാതിരിക്കാൻ ഒരു നിലക്കും കഴിയുമായിരുന്നില്ല.
മാത്രമല്ല, ഈ ആക്രമണങ്ങൾക്കു പിന്നാലെ അമേരിക്കൻ സൈനിക താവളങ്ങളുള്ള
എല്ലാ രാജ്യങ്ങളും കടുത്ത ജാഗ്രതയിലുമായിരുന്നു നിലകൊണ്ടത്. സ്വന്തം പൗരൻമാർക്ക് അപകടം സംഭവിക്കുന്നത് അതത് ഭരണകുടങ്ങളെ എത്രത്തോളം പ്രതിസന്ധിയിലാക്കുമെന്നത് ഊഹിക്കാവുന്നതേയുള്ളു. അതുകണ്ടുതന്നെ അവരുടെ അതിശക്തമായ സമ്മർദ്ദങ്ങൾ അമേരിക്കയെ പ്രതിരോധത്തിലാക്കുന്നുവെന്നത് ട്രംപിൻ്റെ ഏറ്റവും ഒടുവിലത്തെ ഈ മലക്കംമറച്ചിലും വ്യക്തമാക്കുന്നുണ്ട്. പുതിയപ്രസ്താവന പശ്ചിമേഷ്യക്കും ലോകത്തിനും താൽക്കാലികാശ്വാസമാണെങ്കിലും യുദ്ധത്തിന് ശാശ്വത പരിഹാരമുണ്ടാകുകയെന്നതുതന്നെയാണ് ഏറ്റവും പ്രധാനം.

