ഇറാനെതിരെയുള്ള യുദ്ധത്തിൽ അമേരിക്കൻ വ്യോമസേനയ്ക്ക് വലിയ തിരിച്ചടി. വിവിധ ഘട്ടങ്ങളിലായി കുറഞ്ഞത് ഏഴ് അമേരിക്കൻ വിമാനങ്ങൾ നഷ്ടമായതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
പുതിയ സംഭവവികാസമായി ഇറാൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് അമേരിക്കയുടെ F-15 യുദ്ധവിമാനവും A-10 ആക്രമണവിമാനവും വെടിവെച്ച് വീഴ്ത്തിയതായി സ്ഥിരീകരിച്ചു. ഈ ആക്രമണത്തിൽ F-15 വിമാനത്തിലെ രണ്ട് സൈനികരിൽ ഒരാളെ രക്ഷപ്പെടുത്തിയപ്പോൾ മറ്റെയാളെ കണ്ടെത്തുന്നതിനായി ശക്തമായ തിരച്ചിൽ നടത്തി പിന്നീട് രക്ഷപ്പെടുത്തി.
യുദ്ധത്തിന്റെ തുടക്കത്തിൽ തന്നെ കുവൈത്തിൽ “ഫ്രണ്ട്ലി ഫയർ” സംഭവത്തിൽ മൂന്ന് F-15 വിമാനങ്ങൾ നഷ്ടപ്പെട്ടിരുന്നു. കൂടാതെ ഇറാഖിൽ KC-135 ഇന്ധനവിമാനം തകർന്നതും സൗദി അറേബ്യയിലെ സൈനിക താവളത്തിൽ E-3 സൈനിക നിരീക്ഷണവിമാനം നശിച്ചതും ഉൾപ്പെടെ നിരവധി നഷ്ടങ്ങളാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ഇതോടെ യുദ്ധം ആരംഭിച്ചതിന് ശേഷം അമേരിക്കയ്ക്ക് ഉണ്ടായ മൊത്തം വ്യോമനഷ്ടം ഏഴ് വിമാനങ്ങളായി ഉയർന്നിരിക്കുകയാണ്.
ഇതിനിടെ, ഇറാന്റെ പ്രതിരോധ ശേഷി ഇപ്പോഴും ശക്തമാണെന്ന് ഈ സംഭവങ്ങൾ തെളിയിക്കുന്നതായി വിദഗ്ധർ വിലയിരുത്തുന്നു. യുഎസ് മുൻപ് അവകാശപ്പെട്ട “പൂർണ്ണമായ വ്യോമാധിപത്യം” ഈ സംഭവങ്ങളോടെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

