ടെഹ്‌റാന്‍: ഇറാന്‍ തീരത്തേക്ക് നീങ്ങിയ എണ്ണക്കപ്പലിനെ ആക്രമിച്ച് അമേരിക്കന്‍ സേന. ഇറാന്‍ പതാക വഹിക്കുന്ന കപ്പല്‍ ആയ എംടി ഹസ്‌നയ്ക്ക് നേരെയാണ് ആക്രമണം. ഗള്‍ഫ് ഓഫ് ഒമാനില്‍ വച്ച് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് (CENTCOM) ആക്രമണം നടത്തിയത്. അമേരിക്ക ഏര്‍പ്പെടുത്തിയ നാവിക ഉപരോധം ലംഘിച്ച് ഇറാനിയന്‍ തുറമുഖത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതിനാണ് നടപടിയെന്ന് യുഎസ് വക്താക്കള്‍ അറിയിച്ചു.ബുധനാഴ്ച രാവിലെയാണ് സംഭവം. ഉപരോധം മറികടക്കരുതെന്ന് കപ്പലിന് പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നതായി സെന്‍ട്രല്‍ കമാന്‍ഡ് അവകാശപ്പെടുന്നു. എന്നാല്‍ ഇത് അവഗണിച്ചതോടെ യുഎസ് വിമാനവാഹിനിക്കപ്പലായ യുഎസ്എസ് അബ്രഹാം ലിങ്കണില്‍ (USS Abraham Lincoln) നിന്ന് പറന്നുയര്‍ന്ന എഫ് എ18 സൂപ്പര്‍ ഹോണറ്റ് (F/A-18 Super Hornet) പോര്‍വിമാനം കപ്പലിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.കപ്പലിന്റെ എന്‍ജിന്‍ ഭാഗം ലക്ഷ്യം വെച്ചാണ് അമേരിക്കന്‍ സേന ആക്രമണം നടത്തിയത്.20 മില്ലിമീറ്റര്‍ പീരങ്കികള്‍ ഉപയോഗിച്ചാണ് കപ്പലിനെ തകര്‍ത്തത്.എന്‍ജിന്‍ തകര്‍ന്നതോടെ കപ്പല്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമായി. നിലവില്‍ കപ്പല്‍ ഇറാന്‍ തീരത്തേക്ക് നീങ്ങുന്നില്ലെന്ന് യുഎസ് സ്ഥിരീകരിച്ചു.കപ്പലിലെ ജീവനക്കാര്‍ക്ക് ആര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. കൂടാതെ, സമുദ്രത്തില്‍ എണ്ണച്ചോര്‍ച്ച ഉണ്ടായതായും നിലവില്‍ സൂചനകളില്ലെന്ന് യുഎസ് കോസ്റ്റ് ഗാര്‍ഡും നേവിയും സംയുക്തമായി അറിയിച്ചു.തങ്ങളുടെ കപ്പലിന് നേരെ നടന്നത് ക്രൂരമായ ആക്രമണമാണെന്നും ഇതിനെ ‘കടല്‍ക്കൊള്ള’യായി മാത്രമേ കാണാന്‍ കഴിയൂ എന്നും ഇറാന്‍ ഭരണകൂടം വ്യക്തമാക്കി. സംഭവത്തിന് തക്കതായ മറുപടി നല്‍കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

