ലോകത്തെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലെന്ന പകിട്ടുമായി പശ്ചിമേഷ്യൻ കടലിൽ ആധിപത്യം ഉറപ്പിക്കാനെത്തിയ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് (USS Gerald R. Ford) ദൗത്യം പൂർത്തിയാക്കാനാകാതെ മടങ്ങുന്നു. ഇറാന്റെ സൈനിക വെല്ലുവിളികൾക്കും കപ്പലിനുള്ളിലെ ആഭ്യന്തര സാങ്കേതിക തകരാറുകൾക്കും മുന്നിൽ പതറിയാണ് പത്തുമാസം നീണ്ട ദൗത്യം അവസാനിപ്പിച്ച് അമേരിക്കയുടെ ഈ വമ്പൻ പടക്കപ്പൽ മടങ്ങുന്നത്. വാഷിങ്ടൺ പോസ്റ്റാണ് ഈ വാർത്ത പുറത്തുവിട്ടത്.309 ദിവസം തുടർച്ചയായി കടലിൽ ചെലവഴിച്ച് റെക്കോർഡ് സൃഷ്ടിച്ചെങ്കിലും കപ്പലിനുള്ളിലെ സാഹചര്യങ്ങൾ അത്യന്തം ദയനീയമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കപ്പലിലെ ലോൺട്രി റൂമിലുണ്ടായ തീപിടിത്തം നാശനഷ്ടങ്ങൾക്കും നാവികർക്ക് പരിക്കേൽക്കുന്നതിനും കാരണമായി. അതിനൂതനമെന്ന് അവകാശപ്പെടുന്ന കപ്പലിലെ ടോയ്ലെറ്റ് സംവിധാനങ്ങൾ നിരന്തരം പ്രവർത്തനരഹിതമായത് ഉദ്യോഗസ്ഥരെയും നാവികരെയും ഒരുപോലെ വലച്ചു. ഇത്തരം അടിസ്ഥാന സൗകര്യങ്ങളിലെ പാളിച്ചകൾ പരിഹരിക്കാൻ കഴിയാത്തത് യുഎസ് നാവികസേനയ്ക്ക് അന്താരാഷ്ട്ര തലത്തിൽ വലിയ നാണക്കേടുണ്ടാക്കിയിട്ടുണ്ട്.ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിലാണ് ഫോർഡിന്റെ ഈ അപ്രതീക്ഷിത മടക്കം. ഇറാനുമായുള്ള സമാധാന ചർച്ചകൾ വഴിമുട്ടിനിൽക്കുന്ന വേളയിൽ, മേഖലയിലെ അമേരിക്കയുടെ സൈനിക പ്രഹരശേഷിയെ ഈ പിൻവാങ്ങൽ കാര്യമായി ബാധിക്കും.ഇറാന്റെ സൈനിക കരുത്തിന് മുന്നിൽ പിടിച്ചുനിൽക്കാൻ സാങ്കേതികമായി തകരാറിലായ ഈ കപ്പലിന് സാധിക്കില്ലെന്ന തിരിച്ചറിവാണ് പിൻവാങ്ങലിന് പിന്നിലെ പ്രധാന കാരണമെന്നും വിലയിരുത്തപ്പെടുന്നു. അമേരിക്കയുടെ കരുത്തിന്റെ അടയാളമായി വിശേഷിപ്പിക്കപ്പെട്ട ജെറാൾഡ് ആർ. ഫോർഡിന്റെ ഈ മടക്കം പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

