ഇസ്രയേലിന്റെ പ്രതിരോധ കോട്ടകളെ പിടിച്ചുലച്ച് ഇറാന്റെ സൈബർ ആക്രമണം.
ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) മുൻ മേധാവി ഹെർസി ഹലേവിയുടെ വ്യക്തിഗത ഉപകരണങ്ങൾ ഹാക്ക് ചെയ്തതായും രഹസ്യ വിവരങ്ങൾ ചോർത്തിയതായും ‘ഹൻദല’ എന്ന ഹാക്കർ ഗ്രൂപ്പ് അവകാശപ്പെട്ടു.
ഇസ്രയേലിന്റെ സൈനിക രഹസ്യങ്ങളിലേക്കുള്ള ഹാക്കർമാരുടെ കടന്നുകയറ്റം രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്.
ഹെർസി ഹലേവിയുടെയും ഭാര്യയുടെയും അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങളാണ് ഹാക്കർമാർ പുറത്തുവിട്ടത്. സൈനിക കേന്ദ്രങ്ങളിലെ ഔദ്യോഗിക യോഗങ്ങൾ, കമാൻഡ് സെന്ററുകൾ, മാപ്പുകൾ എന്നിവയുടെ വിശദാംശങ്ങൾ തങ്ങളുടെ കൈവശമുണ്ടെന്ന് ഹാക്കർമാർ അവകാശപ്പെടുന്നു. പത്തൊമ്പതിനായിരത്തിലധികം ഫോട്ടോകളും വീഡിയോകളും ചോർത്തിയതായാണ് വിവരം. ഹലേവി ഓഫീസിൽ വ്യായാമം ചെയ്യുന്നതും കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നതുമായ ദൃശ്യങ്ങളും ഇതിൽ ഉൾപ്പെടുന്നു.
ഹലേവിയുടെയും ഭാര്യയുടെയും തിരിച്ചറിയൽ കാർഡുകൾ, പാസ്‌പോർട്ട് വിവരങ്ങൾ എന്നിവയും ഹാക്കർമാർ പരസ്യപ്പെടുത്തിയിട്ടുണ്ട്. “നിങ്ങളുടെ അതീവ രഹസ്യ കേന്ദ്രങ്ങൾ, ക്രൈസിസ് റൂമുകൾ, മാപ്പുകൾ, കമാൻഡ് സെന്ററുകളുടെ സൂക്ഷ്മമായ വിവരങ്ങൾ എന്നിവയൊക്കെ ഞങ്ങൾക്ക് മുന്നിൽ തുറന്ന പുസ്തകം പോലെയാണ്,” ഹാക്കർ ഗ്രൂപ്പ് തങ്ങളുടെ വെബ്‌സൈറ്റിൽ കുറിച്ചു. ഐഡിഎഫ് മുൻ മേധാവി വിവിധ സൈനിക താവളങ്ങൾ സന്ദർശിക്കുന്നതിന്റെയും ബ്രീഫിംഗുകൾ നടത്തുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവിട്ടത് ഇസ്രയേലിനെ കൂടുതൽ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
ഇസ്രയേലിലെ ഉന്നത നേതാക്കളെ ലക്ഷ്യമിട്ട് ’ഹൻദല’ നടത്തുന്ന ആദ്യത്തെ ആക്രമണമല്ല ഇത്. മുമ്പ് മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്, മുൻ മന്ത്രി അയലെറ്റ് ഷാക്കഡ്, പ്രധാനമന്ത്രി നെതന്യാഹുവിന്റെ ചീഫ് ഓഫ് സ്റ്റാഫ് ത്സാച്ചി ബ്രാവർമാൻ എന്നിവരുടെ ഫോണുകളും തങ്ങൾ ഹാക്ക് ചെയ്തതായി ഈ ഗ്രൂപ്പ് അവകാശപ്പെട്ടിരുന്നു
പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ, സൈനിക തലപ്പത്തുള്ളവരുടെ സ്വകാര്യ വിവരങ്ങളും ഔദ്യോഗിക ദൃശ്യങ്ങളും ചോരുന്നത് ഇസ്രയേലിന് വലിയ തിരിച്ചടിയാണ്. രാജ്യത്തിന്റെ സുരക്ഷാ ഏജൻസികൾക്ക് വലിയ വെല്ലുവിളിയാണ് ഈ സൈബർ ആക്രമണം ഉയർത്തുന്നത്
#iran#israel#worldnews#latestnews

