ഇസ്രായേൽ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടപ്പലായനത്തിന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണെന്ന് തെൽ അവീവ് സർവകലാശാല ഗവേഷകരുടെ പുതിയ പഠന റിപ്പോർട്ട്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ (2023–2025) ഏകദേശം 2,70,000-ത്തോളം ഇസ്രായേലികളാണ് രാജ്യം വിട്ടുപോയത്. 2023-ൽ ആരംഭിച്ച ഈ കുടിയേറ്റ തരംഗം തുടർന്നുള്ള വർഷങ്ങളിലും റെക്കോർഡ് കടന്ന് മുന്നേറുന്നത് രാജ്യം നേരിടുന്ന വലിയ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു.
തെൽ അവീവ് സർവകലാശാല പുറത്തുവിട്ട കണക്കുകൾ പ്രകാരം 2023-ൽ 86,509 പേരും, 2024-ൽ 91,499 പേരും ഇസ്രായേൽ വിട്ടു. 2025-ൽ മാത്രം 90,922 ഇസ്രായേലികളാണ് മൂന്നോ അതിലധികമോ മാസങ്ങളിലേക്ക് രാജ്യം വിട്ട് പോയത്.
ഇതിനോട് താരതമ്യം ചെയ്യുമ്പോൾ, പത്ത് വർഷം മുൻപ് (2013, 2014, 2015) സമാന കാലയളവിൽ ആകെ 83,219 പൗരന്മാർ മാത്രമാണ് ഇസ്രായേൽ വിട്ടിരുന്നത്.
റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഇസ്രായേൽ സർക്കാരിനെതിരെ ശക്തമായ വിമർശനവുമായി ഇമിഗ്രേഷൻ, അബ്‌സോർപ്ഷൻ ആന്റ് ഡയസ്‌പോറ അഫയേഴ്‌സ് കമ്മിറ്റി അധ്യക്ഷനും ലേബർ/ഡെമോക്രാറ്റ്‌സ് അംഗവുമായ എം.കെ. ഗിലാദ് കരിവ് രംഗത്തെത്തി.
“ഇസ്രായേൽ വലിയൊരു കുടിയേറ്റ സുനാമിയാണ് നേരിടുന്നത്. ചുമതലയേറ്റത് മുതൽ ഞാൻ ഈ മുന്നറിയിപ്പ് നൽകുന്നതാണ്, എന്നാൽ സർക്കാർ ഇതിനെതിരെ ഒന്നും ചെയ്യുന്നില്ല. ഈ പ്രതിഭാസത്തെ നേരിടാൻ ഒരു പ്രത്യേക ചുമതലക്കാരനെ നിയമിക്കണമെന്നും ബഹുവർഷ പദ്ധതി സമർപ്പിക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ തീവ്ര സഖ്യ സർക്കാരിന് ഇത് ഒരു അനുഗ്രഹമായാണ് തോന്നുന്നത്,” – ഗിലാദ് കരിവ്. പറഞ്ഞു
ഇസ്രായേലിന്റെ നെതന്യാഹു സർക്കാരിന്റെ ഉത്തരവാദിത്തമില്ലാത്തതും സയോണിസ്റ്റ് വിരുദ്ധവുമായ പെരുമാറ്റമാണ് ഈ അവഗണനയ്ക്ക് കാരണമെന്നും, വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മാറ്റത്തിനായി എല്ലാവരും തിരിച്ചെത്തി വോട്ട് ചെയ്യണമെന്നും കരിവ് ആഹ്വാനം ചെയ്തു.

