ജനീവ: ഗാസയില്‍ ഇസ്രായേല്‍ നടത്തുന്നത് സമാനതകളില്ലാത്ത വംശഹത്യയാണെന്ന് തുറന്നുപറഞ്ഞ ഐക്യരാഷ്ട്രസഭയുടെ പ്രത്യേക പ്രതിനിധി ഫ്രാന്‍സെസ്‌ക അല്‍ബാനീസിനും കുടുംബത്തിനും നേരെ ഇസ്രായേല്‍ അനുകൂല ശക്തികളുടെ ക്രൂരമായ വേട്ടയാടല്‍. ഗാസയിലെ ഇസ്രായേലിന്റെ ക്രൂരതകള്‍ക്കെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ തനിക്കും കുടുംബത്തിനും നേരെ വധഭീഷണികളും സാമ്പത്തിക ഉപരോധങ്ങളും ഉള്‍പ്പെടെയുള്ള കടുത്ത പ്രതികാര നടപടികളാണ് നേരിടേണ്ടി വന്നതെന്ന് അവര്‍ വെളിപ്പെടുത്തി. താന്‍ നേരിട്ട ഭീഷണികളെയും പീഡനങ്ങളെയും കുറിച്ച് ഫ്രാന്‍സെസ്‌ക അല്‍ബാനീസ് പരസ്യമായി പ്രതികരിക്കുകയുണ്ടായി:
‘ഗാസയില്‍ ഇസ്രായേല്‍ വംശഹത്യ നടത്തുകയാണെന്ന് വിളിച്ചുപറഞ്ഞതിന്റെ പേരില്‍ എനിക്ക് നേരെ വധഭീഷണികളുണ്ടായി. അവര്‍ എന്റെ മകനെ ഭയപ്പെടുത്തുകയും, എന്റെ ഭര്‍ത്താവിനെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തു. കൂടാതെ എന്റെ അപ്പാര്‍ട്ട്‌മെന്റ് പോലും അവര്‍ കണ്ടുകെട്ടി.’
ഇസ്രായേലിന്റെ യുദ്ധക്കുറ്റങ്ങള്‍ ലോകത്തിന് മുന്നില്‍ തുറന്നുകാട്ടുന്നതിനെ തടയാന്‍ വ്യക്തിപരമായ ഭീഷണികള്‍ക്ക് പുറമെ, അമേരിക്കയെ മുന്‍നിര്‍ത്തി സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനും ഇസ്രായേല്‍ അനുകൂല ലോബി ശ്രമിച്ചു. ഈ യുഎസ് ഉപരോധങ്ങള്‍ക്കെതിരെ അല്‍ബാനീസിന്റെ കുടുംബം നിയമപോരാട്ടം ആരംഭിച്ചിട്ടുണ്ട്. ഈ നടപടികള്‍ തന്റെ ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്നും കുടുംബജീവിതത്തെ തകര്‍ത്തെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.
ട്രംപ് ഭരണകൂടം ഈ ഉപരോധങ്ങളെ ന്യായീകരിക്കുകയും അല്‍ബാനീസിന് ഇസ്രായേല്‍ വിരുദ്ധ മനോഭാവമാണെന്ന് ആരോപിക്കുകയും ചെയ്തു. ഗാസയില്‍ തങ്ങള്‍ നടത്തുന്നത് വംശഹത്യയല്ലെന്ന പതിവ് വാദവുമായി ഇസ്രായേലും അമേരിക്കയും ഈ റിപ്പോര്‍ട്ടുകളെ തള്ളിക്കളയാനാണ് ശ്രമിക്കുന്നത്.
അന്താരാഷ്ട്ര നിയമങ്ങളെ കാറ്റില്‍പ്പറത്തി ഇസ്രായേല്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ സംസാരിക്കുന്നവരുടെ വായടപ്പിക്കാനാണ് ഇത്തരം ഭീഷണികളിലൂടെ ഇസ്രായേല്‍ അനുകൂലികള്‍ ശ്രമിക്കുന്നത്. എന്നാല്‍, ആഗോളതലത്തില്‍ ഇസ്രായേലിന്റെ വംശഹത്യക്കെതിരെയും യുഎന്‍ പ്രതിനിധി നേരിടുന്ന വേട്ടയാടലിനെതിരെയും വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.

