ഇസ്രായേലിന്റെ സൈനിക നടപടികളെ നാസി ജര്‍മനിയുമായി ഉപമിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട യുവതിയെ ജര്‍മന്‍ കോടതി കുറ്റവിമുക്തയാക്കി. ഇത്തരം താരതമ്യങ്ങള്‍ ജര്‍മന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും, അതിനെ ക്രിമിനല്‍ കുറ്റമായി കണക്കാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
നേരത്തെ കീഴ്ക്കോടതി യുവതിക്ക് ചുമത്തിയ 2,400 യൂറോ (ഏകദേശം 2,700 ഡോളര്‍) പിഴ ശിക്ഷ സൈ്വബ്രുക്കന്‍ ഹൈയര്‍ റീജിയണല്‍ കോടതി റദ്ദാക്കി. ഗസയിലെ ഇസ്രായേല്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ യുവതി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച രണ്ട് പോസ്റ്റുകള്‍ക്കെതിരെയായിരുന്നു അധികൃതര്‍ കേസെടുത്തിരുന്നത്.
ജര്‍മന്‍ ക്രിമിനല്‍ കോഡ് പ്രകാരം നിരോധിത നാസി ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നത് കുറ്റകരമാണെങ്കിലും, ഇവിടെ നാസി പ്രത്യയശാസ്ത്രത്തെ പുകഴ്ത്താനല്ല യുവതി ഇത് ഉപയോഗിച്ചതെന്ന് കോടതി നിരീക്ഷിച്ചു. ഒരു രാജ്യത്തിന്റെ സൈനിക ആക്രമണത്തെ രാഷ്ട്രീയമായി വിമര്‍ശിക്കാനാണ് ചിഹ്നങ്ങള്‍ ഉപയോഗിച്ചതെന്നും, ഇത്തരം വിമര്‍ശനങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടി.
ഇസ്രായേലിന്റെ നടപടികളെ നാസി ജര്‍മനിയുമായി ഉപമിക്കുന്നത് ‘ഹോളോകോസ്റ്റിനെ നിസ്സാരവല്‍ക്കരിക്കല്‍’ആയി തനിയെ മാറുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ഒരു വിദേശ രാജ്യത്തിന്റെ നയങ്ങളെയോ സൈനിക നടപടികളെയോ രൂക്ഷമായി വിമര്‍ശിക്കുന്നത് വംശീയ വിദ്വേഷം വളര്‍ത്തലായി കണക്കാക്കാനാവില്ലെന്നും കേസ് തള്ളിക്കൊണ്ട് കോടതി വിധിച്ചു.

