റാമല്ല: അധിനിവിഷ്ട പടിഞ്ഞാറന്‍ കരയില്‍ ഇസ്രായേലി കുടിയേറ്റക്കാര്‍ നടത്തിയ ക്രൂരമായ ആക്രമണത്തിന് പിന്നാലെ ഗര്‍ഭിണിയായ ഫലസ്തീന്‍ യുവതിയുടെ ഗര്‍ഭസ്ഥ ശിശു കൊല്ലപ്പെട്ടു. അല്‍-തുവാനി ഗ്രാമത്തിന് നേരെ കുടിയേറ്റ ഭീകരര്‍ നടത്തിയ അക്രമത്തിലാണ് രുഖയ്യ റബീ എന്ന യുവതിക്ക് തന്റെ പിറക്കാത്ത കുഞ്ഞിനെ നഷ്ടമായത്.
ജൂലൈ 19-ന് ഇരുപതിലധികം വരുന്ന ഇസ്രായേലി കുടിയേറ്റക്കാര്‍ ഗ്രാമത്തിലേക്ക് അക്രമാസക്തരായി ഇരച്ചുകയറുകയും വീടുകള്‍ക്കും വാഹനങ്ങള്‍ക്കും ക്ഷീരഫാക്ടറിക്കും അല്‍-തഖ്വ മസ്ജിദിനും തീയിടുകയുമായിരുന്നു. ആക്രമണത്തിനിടെ രുഖയ്യയുടെ വീടിന് നേരെ കുടിയേറ്റക്കാര്‍ വ്യാപകമായി കല്ലെറിഞ്ഞു. കടുത്ത മാനസിക ആഘാതത്തിലായ യുവതിയെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ലെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
കുടിയേറ്റക്കാരുടെ തുടര്‍ച്ചയായ ആക്രമണങ്ങളെ തടയുന്നതില്‍ ഇസ്രായേല്‍ ഭരണകൂടവും സൈന്യവും കുറ്റകരമായ അനാസ്ഥ കാട്ടുകയാണെന്ന് ഫലസ്തീന്‍ അധികൃതരും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും ആരോപിച്ചു. അക്രമികള്‍ക്ക് ഇസ്രായേല്‍ അധികാരികള്‍ പരോക്ഷ പിന്തുണ നല്‍കുകയാണെന്നും വിമര്‍ശനമുണ്ട്. പേരിനുമാത്രം അന്വേഷണം പ്രഖ്യാപിച്ച ഇസ്രായേല്‍ പോലീസ്, സംഭവത്തില്‍ ഇതുവരെയും ഒരാളെപ്പോലും അറസ്റ്റ് ചെയ്തിട്ടില്ല.
പടിഞ്ഞാറന്‍ കരയില്‍ ഫലസ്തീന്‍ ജനതയ്ക്ക് നേരെ ഇസ്രായേലി കുടിയേറ്റക്കാരും ഭരണകൂടവും തുടരുന്ന അക്രമങ്ങളിലും ഭീകരതയിലും അന്താരാഷ്ട്രതലത്തില്‍ കടുത്ത അമര്‍ഷവും ആശങ്കയും ഉയരുകയാണ്.

