കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ മംഗള എക്‌സ്പ്രസ് സ്റ്റോപ്പ് പുനഃസ്ഥാപിക്കണം – റെയിൽവേ പ്രൊട്ടക്ഷൻ ഫോറം.
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ എറണാകുളം–മംഗള എക്‌സ്പ്രസ് (12618) സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ പ്രൊട്ടക്ഷൻ ഫോറം പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ മധുകർ റൗട്ടിന് നിവേദനം നൽകി.
സ്റ്റേഷനിൽ നടക്കുന്ന പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താനും ടെക്നിക്കൽ പരിശോധനയ്ക്കുമായി എത്തിയ DRM മധുകർ റൗട്ടിനാണ് നിവേദനം കൈമാറിയത്. കൊറോണ കാലത്ത് നിർത്തലാക്കിയ എറണാകുളം മംഗള എക്‌സ്പ്രസ് (12618) സ്റ്റോപ്പ് പുനഃസ്ഥാപിക്കുക എന്നതാണ് പ്രധാനമായും നിവേദനത്തിൽ ഉന്നയിച്ചിരിക്കുന്നത്.
ഇതോടൊപ്പം, രാത്രി 6 മണിക്ക് ശേഷം കോഴിക്കോട് നിന്ന് മലബാർ മേഖലയിലേക്ക് ട്രെയിൻ സർവീസ് ഇല്ലാത്തതിനാൽ, അതിന് പരിഹാരമായി ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് അല്ലെങ്കിൽ പാലക്കാട്–കണ്ണൂർ പാസഞ്ചർ കാസർഗോഡ് വരെ നീട്ടണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ എത്തിയ DRM മധുകർ റൗട്ടിനെ നഗരസഭ ചെയർമാൻ വി.വി. രമേശൻ, സ്റ്റേഷൻ മാസ്റ്റർ പ്രശാന്ത് കുമാർ, റെയിൽവേ കൊമേഴ്സ്യൽ സൂപ്രണ്ട് അഷ്റഫ്, റെയിൽവേ പ്രൊട്ടക്ഷൻ ഫോറം സെക്രട്ടറി സി.കെ. നാസർ റെയിൽവേ കൺസൾട്ടൻസി കമ്മിറ്റി അംഗം പിഎം നാസർ എന്നിവർ ചേർന്ന് ബൊക്കെ നൽകി സ്വീകരിച്ചു.
കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ, സ്റ്റേഷൻ വികസനം, കൂടുതൽ ട്രെയിൻ സ്റ്റോപ്പുകൾ, സമയക്രമ പുനഃക്രമീകരണം, യാത്രക്കാരുടെ സൗകര്യവർധന തുടങ്ങിയ വിഷയങ്ങൾ DRMയുടെ ശ്രദ്ധയിൽപ്പെടുത്തി. വിഷയങ്ങൾ വിശദമായി പരിശോധിച്ച് ബന്ധപ്പെട്ട റെയിൽവേ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്താമെന്ന് DRM ഉറപ്പുനൽകി.
മലയോര മേഖലയിലെ പാണത്തൂർ, പനത്തടി, രാജപുരം, പരപ്പ, വെള്ളരിക്കുണ്ട്, കുറ്റിക്കോൽ, പെരിയ, ഒടയംചാൽ, മടിക്കൈ, ഉദുമ, പള്ളിക്കര, കാഞ്ഞങ്ങാട് നഗരസഭ മേഖലകളിലെ യാത്രക്കാർക്ക് പ്രധാന ആശ്രയമാണ് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ. കൂടാതെ, ആനന്ദാശ്രമം, നിത്യാനന്ദാശ്രമം, ബേക്കൽ തുടങ്ങിയ ആത്മീയ-ടൂറിസം കേന്ദ്രങ്ങളിലേക്ക് എത്തുന്ന തീർത്ഥാടകരും വിനോദസഞ്ചാരികളും ഈ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്.
കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ സേതു, ഉണ്ണികൃഷ്ണൻ, റെയിൽവേ പ്രൊട്ടക്ഷൻ ഫോറം കമ്മിറ്റി അംഗങ്ങളായ സി.പി. ഇബ്രാഹിം, പി.പി. രാജു, റെയിൽവേ ഡവലപ്മെൻ്റ് പ്രസിഡൻ്റ് കെ. മുഹമ്മദ് കുഞ്ഞി, കൺവീനർ മോഹനൻ, അംഗം സത്താർ ആവിക്കര എന്നിവരും പങ്കെടുത്തു.
ഹോസ്ദുർഗ് പോലീസ് ഓഫീസർമാർ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് റെയിൽവേ പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ അനുഗമിച്ചു.
സി.കെ. നാസർ
ജനറൽ സെക്രട്ടറി
റെയിൽവേ പ്രൊട്ടക്ഷൻ ഫോറം, കാഞ്ഞങ്ങാട്
ഫോൺ: 9447151447

