ഗസ്സയിലെ യുദ്ധത്തിനിടെ ഇസ്രായേലിലേക്ക് ഇന്ത്യ ആയുധങ്ങളും സൈനിക ഉപകരണങ്ങളും കയറ്റുമതി ചെയ്തതായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ. 2023 ഒക്ടോബർ 7 മുതൽ ഇസ്രായേലിലേക്ക് ഇന്ത്യ 2,563 തവണ ആയുധങ്ങളും വെടിക്കോപ്പുകളും കയറ്റുമതി ചെയ്തതായി സംഘടനയുടെ പുതിയ റിപ്പോർട്ടിൽ പറയുന്നു.
‘Made in India: The Supply Chain of Arms and Ammunition to Israel’ എന്ന തലക്കെട്ടിലുള്ള റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഡ്രോൺ വാർഹെഡുകൾ, സ്ഫോടക വസ്തുക്കൾ, ആർട്ടിലറി ഷെല്ലുകൾ, സൈനിക വാഹനങ്ങളുടെ ഭാഗങ്ങൾ എന്നിവ കയറ്റുമതിയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
സ്വകാര്യ പ്രതിരോധ കമ്പനികൾക്കൊപ്പം കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളും ഈ വിതരണ ശൃംഖലയുടെ ഭാഗമാണെന്നാണ് ആംനസ്റ്റിയുടെ ആരോപണം.
ഇന്ത്യയിൽ നിന്ന് കയറ്റിയ ആയുധങ്ങൾ ഇസ്രായേലിന് ആയുധങ്ങൾ നൽകുന്ന പ്രതിരോധ കമ്പനികളിലേക്കാണ് എത്തുന്നതെന്നും ഖാൻ യൂനുസിൽ നിന്ന് കണ്ടെത്തിയ ചില ആയുധാവശിഷ്ടങ്ങളുമായി ഇവയ്ക്ക് സാമ്യമുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
കുറഞ്ഞത് 3,90,516 ചെറിയ ആയുധഭാഗങ്ങളും 5,64,970 സ്ഫോടക വസ്തുക്കളും 298 സൈനിക വാഹനഭാഗങ്ങളും ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്ക് കയറ്റിയതായി റിപ്പോർട്ടിൽ പറയുന്നു.
ഐഡിഎഫ് ഗസ്സയിൽ ഉപയോഗിക്കുന്നതായി പറയപ്പെടുന്ന 155 മില്ലീമീറ്റർ ഹൈ എക്‌സ്‌പ്ലോസീവ് ആർട്ടിലറി ഷെല്ലുകളും സ്‌കൈസ്ട്രൈക്കർ ലോയിറ്ററിങ് മ്യുണീഷനും ഈ കയറ്റുമതിയുടെ ഭാഗമാണെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
ഇന്ത്യയുടെ ആയുധ കയറ്റുമതി ജനീവ കൺവെൻഷനും അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾക്കും വിരുദ്ധമാണെന്നാണ് ആംനസ്റ്റിയുടെ ആരോപണം.
ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതി ഉടൻ അവസാനിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
ഗസ്സയിൽ വംശഹത്യയ്ക്കും അന്താരാഷ്ട്ര നിയമലംഘനങ്ങൾക്കും സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകൾ നിലനിൽക്കെയാണെങ്കിലും ഇന്ത്യ പ്രതിരോധ സഹകരണം കൂടുതൽ ശക്തമാക്കിയതായി ആംനസ്റ്റി സെക്രട്ടറി ജനറൽ Agnès Callamard പ്രസ്താവനയിൽ പറഞ്ഞു.
ആയുധ കയറ്റുമതിയുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ കാര്യമായ നിയന്ത്രണങ്ങളില്ലെന്നും കയറ്റുമതിയിലെ സുതാര്യതക്കുറവ് ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിനും റിപ്പോർട്ടിൽ പരാമർശിക്കുന്ന ഒമ്പത് കമ്പനികൾക്കും ജൂൺ, ജൂലൈ മാസങ്ങളിൽ കത്തയച്ചതായും ആംനസ്റ്റി അറിയിച്ചു. റിപ്പോർട്ടിനോട് ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

