ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും മനുഷ്യാവകാശ ലംഘനങ്ങളുടെ പശ്ചാത്തലത്തില്‍ ഇസ്രായേലുമായുള്ള വ്യാപാര കരാര്‍ റദ്ദാക്കാത്ത യൂറോപ്യന്‍ യൂണിയന്‍ (EU) നടപടിക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധം ശക്തം.
ഇസ്രായേലുമായുള്ള ‘അസോസിയേഷന്‍ കരാര്‍’ റദ്ദാക്കണമെന്ന് സ്‌പെയിന്‍, അയര്‍ലന്‍ഡ്, സ്ലോവേനിയ എന്നീ രാജ്യങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ ജര്‍മ്മനിയും ഇറ്റലിയും ഇതിനെ ശക്തമായി എതിര്‍ക്കുകയാണ്. യൂറോപ്യന്‍ യൂണിയനിലെ എല്ലാ അംഗരാജ്യങ്ങളും ഏകകണ്ഠമായി തീരുമാനമെടുത്താല്‍ മാത്രമേ കരാര്‍ റദ്ദാക്കാന്‍ സാധിക്കൂ എന്നതിനാല്‍ നിലവില്‍ നടപടികള്‍ പ്രതിസന്ധിയിലാണ്.
2000-ല്‍ ഒപ്പുവെച്ച ഈ കരാറിലെ ‘ആര്‍ട്ടിക്കിള്‍ 2’ പ്രകാരം മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഇരുപക്ഷവും ബാധ്യസ്ഥരാണ്. ഗസ്സയിലെ സൈനിക നടപടികളിലൂടെ ഇസ്രായേല്‍ ഈ നിബന്ധന ലംഘിച്ചുവെന്നാണ് സ്‌പെയിന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ വാദിക്കുന്നത്.
ആംനസ്റ്റി ഇന്റര്‍നാഷണല്‍, ഹ്യൂമന്‍ റൈറ്റ്സ് വാച്ച് തുടങ്ങിയ അറുപതോളം സംഘടനകള്‍ യൂറോപ്യന്‍ യൂണിയനെതിരെ രംഗത്തെത്തി. മനുഷ്യജീവനേക്കാള്‍ വിപണിക്കും ലാഭത്തിനുമാണ് യൂറോപ്പ് പ്രാധാന്യം നല്‍കുന്നതെന്ന് യു.എന്‍ പ്രതിനിധികള്‍ വിമര്‍ശിച്ചു.
കരാര്‍ പൂര്‍ണ്ണമായി റദ്ദാക്കാന്‍ കഴിഞ്ഞില്ലെങ്കിലും, ഇസ്രായേലിലെ തീവ്രവലതുപക്ഷ മന്ത്രിമാര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുന്നതോ ചില ഉല്‍പ്പന്നങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്നതോ ആയ പരിമിതമായ നടപടികള്‍ യൂറോപ്യന്‍ യൂണിയന്‍ പരിഗണിച്ചേക്കാം.

