ഒക്ടോബറില്‍ നിലവില്‍ വന്ന താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കെ ഗസ്സയില്‍ വീണ്ടും യുദ്ധപ്രതിസന്ധിക്ക് വഴിതുറന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രഖ്യാപനം. ഗസ്സയുടെ 70 ശതമാനം പ്രദേശങ്ങളുടെയും നിയന്ത്രണം ഘട്ടഘട്ടമായി ഏറ്റെടുക്കാന്‍ ഇസ്രായേല്‍ സൈന്യത്തിന് നെതന്യാഹു നിര്‍ദേശം നല്കി. അധിനിവേശ വെസ്റ്റ് ബാങ്കില്‍ നടന്ന ഒരു കോണ്‍ഫറന്‍സിലാണ് ഹമാസിനെതിരെയുള്ള നീക്കങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി അദ്ദേഹം ഇക്കാര്യം നിര്‍ദേശിച്ചത്. ഗസ്സയുടെ 50 ശതമാനത്തില്‍ നിന്നും നിലവില്‍ 60 ശതമാനം പ്രദേശം ഇസ്രയേലിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലാണെന്നും, ഇത് 70 ശതമാനമായി ഉയര്‍ത്താനാണ് ഇപ്പോള്‍ സൈന്യത്തോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹമാസിനെ പൂര്‍ണ്ണമായും ഞെരുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.ഇസ്രായേലിന്റെ പുതിയ സൈനിക നീക്കം ഗസ്സയിലെ സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുരിതത്തിലാക്കുമെന്നാണ് അന്താരാഷ്ട്ര ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നത്.

