ഇസ്രായേൽ ആക്രമണം തുടരുന്ന ഫലസ്തീനിലെ ജനങ്ങൾക്ക് അടിയന്തര സഹായമെത്തിക്കുന്നതിനായി യുഎഇ പ്രഖ്യാപിച്ച ‘ഹുമൈദ് എയർ ബ്രിഡ്ജ്’ (Humaid Air Bridge) കാമ്പയിൻ വിജയകരമായി പൂർത്തിയായി. യുഎഇ സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമിയുടെ നിർദേശപ്രകാരം ആരംഭിച്ച ഈ ബൃഹദ് പദ്ധതിയിലൂടെ 600 ടണ്ണിലധികം മാനുഷിക സഹായങ്ങളാണ് ഗസ്സയിലെത്തിച്ചത്രണ്ടുമാസക്കാലം നീണ്ടുനിന്ന കാമ്പയിനിലൂടെ സമാഹരിച്ച ഭക്ഷ്യ പാഴ്സലുകൾ ഈജിപ്തിലെ അൽ അരിഷ് നഗരത്തിലേക്കാണ് ആദ്യം എത്തിച്ചത്. അവിടെ നിന്ന് ബന്ധപ്പെട്ട അധികൃതർ മുഖേനയാണ് ഗസ്സയിലെ ദുരിതബാധിതരിലേക്ക് ഇവ വിതരണം ചെയ്തത്. വിവിധ ജീവകാരുണ്യ സംഘടനകളുടെ ഏകോപിത പ്രവർത്തനമാണ് ഈ ദൗത്യത്തെ വിജയത്തിലെത്തിച്ചത്ഗസ്സയിലെ ജനങ്ങളുടെ ദുരിതമകറ്റാൻ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ മാർഗനിർദേശപ്രകാരം നടപ്പിലാക്കുന്ന വിപുലമായ സഹായ പദ്ധതികളുടെ ഭാഗമായാണ് ഈ കാമ്പയിൻ സംഘടിപ്പിച്ചത്. ഗസ്സയിലെ ജനങ്ങൾക്കായി വ്യോമ-സമുദ്ര മാർഗങ്ങളിലൂടെയുള്ള സഹായ വിതരണം യുഎഇ ഇപ്പോഴും തുടരുകയാണ്. ‘ബേർഡ്സ് ഓഫ് ഗുഡ്നെസ്’ എയർ ഡ്രോപ്പ് മിഷനുകൾ, ഗസ്സയിലെ അത്യാധുനിക ഫീൽഡ് ആശുപത്രികൾ എന്നിവ ഇതിനകം തന്നെ ലോകശ്രദ്ധ നേടിയിട്ടുണ്ട്. വരും ദിവസങ്ങളിലും കൂടുതൽ സഹായങ്ങൾ ഫലസ്തീനിലേക്ക് എത്തിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.

