ഗൾഫ് രാജ്യങ്ങൾ ഇറാൻ യുദ്ധത്തിൽ പങ്കുചേർന്നാൽ ചെങ്കടലിലെ പ്രധാന കടലിടുക്ക് അടച്ചുപൂട്ടുമെന്ന ഭീഷണിയുമായി യെമനിലെ ഹൂത്തികൾ.
അമേരിക്കയും ഇസ്രായേലും ഇറാനെതിതെ തുടരുന്ന ആക്രമണങ്ങളിൽ ഏതെങ്കിലും ഗൾഫ് രാജ്യം ചേരുകയോ ആക്രമണം നടത്തുകയോ ചെയ്താൽ ബാബുൽ മന്ദബ് കടലിടുക്ക് അടച്ചിടുന്നതിലേക്ക് നീങ്ങുമെന്ന് മുതിർന്ന ഹൂത്തി നേതാവ് മുന്നറിയിപ്പ് നൽകി.
ഹൂത്തി നിയന്ത്രണത്തിലുള്ള യെമനിനും ജിബൂട്ടിക്കും ഇടയിൽ ചെങ്കടലിന്റെ തെക്കൻ മുഖത്താണ് സൂയസ് കനാലിലേക്കുള്ള കടൽ ഗതാഗതം നിയന്ത്രിക്കുന്ന പ്രധാന ഷിപ്പിംഗ് ചോക്ക്പോയിന്റായ ബാബുൽ മന്ദബ്.
കഴിഞ്ഞ മാസം ഇറാൻ ഹോർമുസ് കടലിടുക്ക് ഫലപ്രദമായി അടച്ചുപൂട്ടിയിരിക്കെ കപ്പൽ പാതയ്ക്കുള്ള ഭീഷണി ആഗോള സാമ്പത്തിക പ്രതിസന്ധി കൂടുതൽ വഷളാക്കും. മതപരവും ധാർമ്മികവും മാനുഷികവുമായ ഉത്തരവാദിത്തം കണക്കിലെടുക്കുമ്പോൾ നിസ്സംഗരായി നിൽക്കാനാവില്ലെന്ന് ഹൂത്തി ഡെപ്യൂട്ടി ഇൻഫർമേഷൻ മന്ത്രി മുഹമ്മദ് മൻസൂർ പറഞ്ഞു.
ബാബുൽ മന്ദബ് കടലിടുക്ക് അടച്ചുപൂട്ടുക എന്നത് യെമനിൽ നിന്നുള്ള ഒരു ഓപ്ഷനാണ്, ഇറാനും ലെബനനുമെതിരായ ആക്രമണം വർദ്ധിച്ചാൽ അല്ലെങ്കിൽ ഏതെങ്കിലും ഗൾഫ് രാജ്യം സയണിസ്റ്റ് രാഷ്ട്രത്തിനോ അമേരിക്കയ്ക്കോ പിന്തുണ പ്രഖ്യാപിച്ച് സൈനിക നടപടികളിൽ നേരിട്ട് പങ്കാളിയാകുകയാണെങ്കിൽ ഇത് നടപ്പിലാക്കാൻ കഴിയും- മൻസൂർ പറഞ്ഞു. ഇതുവരെ, ഒരു ഗൾഫ് രാജ്യവും ഇറാനെതിരായ യുഎസ്-ഇസ്രായേൽ യുദ്ധത്തിൽ ഔദ്യോഗികമായി ചേർന്നിട്ടില്ല. അതേസമയം, ഹോർമുസ് കടലിടുക്ക് ബലപ്രയോഗത്തിലൂടെ വീണ്ടും തുറക്കാൻ യു.എ.ഇ യുഎസിനോട് ആവശ്യപ്പെടുന്നുണ്ടെന്നും സൈനികമായി സഹായിക്കാൻ തയ്യാറാണെന്നും വാൾ സ്ട്രീറ്റ് ജേണൽ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു.

