ജന്തർ മന്തറിൽ വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തിനിടെ റാപിഡ് ആക്ഷൻ ഫോഴ്സ് (ആർ.എ.എഫ്) പെല്ലെറ്റ് ഗൺ ഉപയോഗിച്ച സംഭവത്തിൽ സുപ്രീംകോടതി ഇടപെട്ടു. ആർ.എ.എഫ് ഉപയോഗിച്ച വെടിയുണ്ടകൾ, ഷെല്ലുകൾ, ആയുധങ്ങൾ എന്നിവയുടെ ഉപയോഗവും ശേഖരവും സംബന്ധിച്ച ഔദ്യോഗിക രേഖയായ അമ്യൂണിഷൻ ലോഗ് (Ammunition Log) സൂക്ഷിച്ചുവെക്കാൻ കേന്ദ്രസർക്കാരിന് കോടതി നിർദേശം നൽകി.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹൻ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വിദ്യാർഥി പ്രതിഷേധത്തിനിടെ പെല്ലെറ്റ് ഗൺ ഉപയോഗിച്ച സാഹചര്യം കോടതി വിശദമായി പരിശോധിക്കുമെന്നും ബെഞ്ച് വ്യക്തമാക്കി.
കേന്ദ്ര മുൻ ഇൻഫർമേഷൻ കമ്മീഷണറും വിരമിച്ച ഐ.പി.എസ് ഉദ്യോഗസ്ഥനുമായ യശോവർധൻ ആസാദും, പാർലമെന്റ് മാർച്ചിനിടെ ആർ.എ.എഫിന്റെ പെല്ലെറ്റ് ഗൺ പ്രയോഗത്തിൽ പരിക്കേറ്റ രണ്ടുപേരും നൽകിയ ഹരജി പരിഗണിക്കവെയാണ് കോടതി നിർദേശം.
പൂർണമായോ ഭാഗികമായോ ലോഹഭാഗങ്ങൾ നിറച്ച പെല്ലെറ്റ് ഗണുകൾ രാജ്യവ്യാപകമായി നിരോധിക്കണമെന്നാണ് ഹരജിക്കാരുടെ പ്രധാന ആവശ്യം. ആൾക്കൂട്ട നിയന്ത്രണത്തിന് ഇത്തരം ആയുധങ്ങൾ ഉപയോഗിക്കുന്നത് ഭരണഘടനയുടെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, പെല്ലെറ്റ് ഗൺ പൂർണമായും നിരോധിക്കണമെന്ന ആവശ്യം കോടതി ചോദ്യം ചെയ്തു. അസാധാരണ സാഹചര്യങ്ങളിൽ ഇത്തരം ആയുധങ്ങളുടെ ഉപയോഗത്തിന് പൊലീസ് ഗവേഷണ-വികസന ബ്യൂറോ (BPR&D) അനുമതി നൽകിയിട്ടുണ്ടെന്നും ബെഞ്ച് നിരീക്ഷിച്ചു.
പ്രക്ഷോഭത്തിനിടെ പെല്ലെറ്റ് ഗൺ ഉപയോഗിച്ച സാഹചര്യം പരിശോധിക്കണമെന്ന് ഹരജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് അമ്യൂണിഷൻ ലോഗ് നിർബന്ധമായും സൂക്ഷിക്കണമെന്ന് കേന്ദ്രത്തിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് കോടതി നിർദേശിച്ചത്.
പെല്ലെറ്റ് ഗൺ പ്രയോഗത്തിൽ പരിക്കേറ്റവർക്ക് മതിയായ നഷ്ടപരിഹാരവും വിദഗ്ധ ചികിത്സയും ഉറപ്പാക്കണമെന്നും പൊതുതാൽപര്യ ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

