അമേരിക്ക-ഇസ്രായേല്‍ സഖ്യത്തിന്റെ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി തിങ്കളാഴ്ച രാവിലെ ഇസ്രായേല്‍ തലസ്ഥാനമായ ടെല്‍ അവീവിന് നേരെ ഇറാന്‍ കനത്ത മിസൈല്‍ ആക്രമണം നടത്തി. ഇന്ന് പുലര്‍ച്ചെ മുതല്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൈറണുകള്‍ മുഴങ്ങുകയും തുടര്‍ച്ചയായ സ്‌ഫോടനശബ്ദങ്ങള്‍ കേള്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. മൂന്ന് തരംഗങ്ങളിലായി പത്തിലധികം ബാലിസ്റ്റിക് മിസൈലുകളാണ് ഇറാന്‍ വിക്ഷേപിച്ചത്. ഇതില്‍ അതീവ വിനാശകാരിയായ ‘ക്ലസ്റ്റര്‍ വാര്‍ഹെഡുകള്‍’ ഉപയോഗിച്ചതായി ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.
ഇസ്രായേലിന്റെ ‘ആരോ’, ‘അയണ്‍ ഡോം’ സംവിധാനങ്ങള്‍ പല മിസൈലുകളെയും ആകാശത്തുവെച്ച് തകര്‍ത്തെങ്കിലും, ക്ലസ്റ്റര്‍ ബോംബുകളുടെ അവശിഷ്ടങ്ങള്‍ ജനവാസ മേഖലകളില്‍ വീണത് പരിഭ്രാന്തിയുണ്ടാ്കകി.
സംഘര്‍ഷം കടുക്കുന്ന സാഹചര്യത്തില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനോട് ആവശ്യപ്പെട്ടു. നാളെ രാത്രി 8 മണിക്ക് മുന്‍പായി അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ കടുത്ത സൈനിക നീക്കം ഉണ്ടാകുമെന്നാണ് വൈറ്റ് ഹൗസിന്റെ മുന്നറിയിപ്പ്. മേഖലയില്‍ യുദ്ധസമാനമായ സാഹചര്യം തുടരുന്നതിനാല്‍ ടെല്‍ അവീവ് അടക്കമുള്ള നഗരങ്ങളില്‍ ജനങ്ങളോട് ബങ്കറുകളില്‍ തന്നെ തുടരാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

