തെഹ്റാൻ: അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടാൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന് യു.എസിനും ഇസ്രായേലിനും ഇറാന്റെ മുന്നറിയിപ്പ്. തങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളെ ആക്രമിച്ചാൽ ‘കണ്ണിന് കണ്ണ്’ എന്ന സമീപനം സ്വീകരിക്കുമെന്നും ഏതൊരു ആക്രമണത്തിനും ആനുപാതികമായി ഉടനടി തിരിച്ചടിയുണ്ടാകുമെന്നും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് സമൂഹ മാധ്യമമായ ‘എക്സി’ൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി.
‘ശത്രുക്കളുടെ ഒരു ആക്രമണത്തിനും മറുപടിയില്ലാതെ പോകില്ല. ഒരു മടിയും കൂടാതെ ‘കണ്ണിന് കണ്ണ്’ എന്ന നയം ഞങ്ങളിന്ന് പ്രഖ്യാപിക്കുകയാണ്. അവർ അടിസ്ഥാന സൗകര്യങ്ങൾക്കെതിരെ യുദ്ധം തുടങ്ങിയാൽ, തിരിച്ചടിയായി അതേനാണയത്തിൽ അവരുടെ അടിസ്ഥാന സൗകര്യങ്ങളെ ഞങ്ങളും ലക്ഷ്യം വെക്കും’ -അദ്ദേഹം കുറിച്ചു.
തങ്ങളുടെ മിസൈല്‍ പദ്ധതി നശിപ്പിക്കപ്പെട്ടുവെന്ന അമേരിക്കയുടെ വാദം ഇറാനിലെ ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍ (ഐ.ആര്.ജി.സി) തള്ളിക്കളഞ്ഞു. മിസൈലുകളെ കൂടുതല്‍ എണ്ണത്തില്‍ വിന്യസിക്കുന്നുണ്ടെന്നും ഒരു ടണ്ണിലധികം ഭാരമുള്ള വാര്‍ഹെഡുകളാണ് അവയില്‍ ഉപയോഗിക്കുന്നതെന്നും ഐ.ആര്.ജി.സി വ്യക്തമാക്കി. അതേസമയം, യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വിനാശകരമായ ആക്രമണങ്ങള്‍ ചൊവ്വാഴ്ച നടക്കുമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് അവകാശപ്പെട്ടു.
ഫെബ്രുവരി 28ന് ഇറാനെതിരെ അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് ഏകപക്ഷീയമായി ആക്രമണങ്ങള്‍ക്ക് തുടക്കമിട്ട ശേഷം മേഖലയില്‍ സംഘര്‍ഷം തുടരുകയാണ്. ഇറാന്റെ ചെറുത്തുനില്പും ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗത നിയന്ത്രണങ്ങളും ആക്രമണ ഭീഷണികളും കാരണം എതിരാളികള്‍ക്ക് പ്രതീക്ഷിച്ചതിനേക്കാള്‍ പ്രതിരോധനീക്കങ്ങളിലേക്ക് ഉള്‍വലിയേണ്ടിവന്നു. ആഗോള എണ്ണ വിപണിയില്‍ ഉള്‍പ്പെടെ സംഘര്‍ഷം വലിയ അനിശ്ചിതത്വം സൃഷ്ടിക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങള്‍ക്കും സൈനിക കേന്ദ്രങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ ഇരുപക്ഷത്തും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്….

