ഇറാനിലെ ആണവ കേന്ദ്രങ്ങൾക്കുനേരെ അമേരിക്കയും ഇസ്രായേലും നടത്തുന്ന ബോംബാക്രമണം ആഴ്ചകൾ പിന്നിടുമ്പോൾ, മദ്ധ്യപൗരസ്ത്യ രാഷ്ട്രീയത്തിലെ ഏറ്റവും സമര്‍ത്ഥമായി നീക്കങ്ങള്‍ നടത്തുന്നത് വ്ളാദിമിർ പുടിനാണ്. ഒരു വശത്ത് ഇറാന് ആയുധങ്ങളും ചാരവിവരങ്ങളും നൽകുന്നു. മറുവശത്ത് അമേരിക്കയുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടൽ ഒഴിവാക്കുന്നു. യുദ്ധം ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ റഷ്യൻ സൈന്യത്തിന്റെ ചരക്കു വിമാനങ്ങൾ കാസ്പിയൻ കടൽ തീരത്തുള്ള ഇറാനിയൻ വ്യോമതാവളങ്ങളിൽ ഇറങ്ങാൻ തുടങ്ങി.
റഷ്യ ഇറാന് നൽകിയ ഏറ്റവും പ്രധാനപ്പെട്ട ആയുധം ഗെറാൻ-2 ഡ്രോണുകളാണ്. യുക്രെയ്ൻ യുദ്ധത്തിനായി റഷ്യ തന്നെ വികസിപ്പിച്ചെടുത്ത ഈ ഡ്രോണുകൾ ഇറാന്റെ ഷഹീദ്-136 ഡ്രോണിന്റെ നൂതനമായ പതിപ്പാണ്. ക്രെംലിനിലെ സാങ്കേതിക വിദഗ്ധര്‍ ഇതിന് നിരവധി നവീകരണങ്ങൾ വരുത്തിയിട്ടുണ്ട്.വേഗത വർധിപ്പിക്കുന്ന ജെറ്റ് എഞ്ചിനുകൾ, വൈദ്യുതകാന്തിക തടസ്സങ്ങളെ മറികടക്കാനായി നൂതനമായ ആന്റി-ജാമർ സംവിധാനങ്ങൾ, സിഗ്നൽ ഇല്ലാതെ പോലും പറക്കാൻ സഹായിക്കുന്ന എഐ കമ്പ്യൂട്ടിംഗ് പ്ലാറ്റ്ഫോമുകൾ, സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ പ്രാപ്തമാക്കുന്ന ഇന്റർനെറ്റ് സൌകര്യങ്ങള്‍. അങ്ങനെ പലതും. ജെറ്റ് എഞ്ചിൻ ഘടിപ്പിച്ച ഈ ഡ്രോണുകൾ അമേരിക്കയുടെ ആന്റി-ഡ്രോൺ സംവിധാനങ്ങളെ കടത്തി വെട്ടാന്‍ ശേഷിയുള്ളവയാണ്. അതുകൊണ്ട് തന്നെ, ഇറാന് ഈ ഡ്രോണുകളുടെ ഉൽപാദന ശേഷി കൂടി കൈമാറാൻ പുടിൻ തീരുമാനിച്ചു. യുദ്ധം നീണ്ടുനിന്നാല്‍ ഇറാന് സ്വന്തമായി ഇവ നിർമ്മിക്കാൻ കഴിയും.
ഡ്രോണുകൾക്ക് പുറമേ റഷ്യ ഇറാനുമായി പങ്കിടുന്നത് യുദ്ധത്തിന്റെ ഗതി മാറ്റാൻ കഴിയുന്ന ഉപഗ്രഹ ചിത്രങ്ങളും ടാർഗെറ്റിംഗ് ഡാറ്റയും ഇന്റലിജൻസ് വിവരങ്ങളുമാണ്. അമേരിക്കയുടെയും ഇസ്രായേലിന്റെയും സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ ഇത് ഇറാനെ സഹായിക്കുന്നു.
ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ജോൺ ഹീലിയുടെ വാക്കുകള്‍ അനുസരിച്ച് ‘പുടിന്റെ ഒളിഞ്ഞിരിക്കുന്ന കൈ’ ഇറാനിയൻ തന്ത്രങ്ങൾക്ക് പിന്നിലുണ്ട്. യുക്രെയ്ൻ യുദ്ധത്തിൽ നിന്ന് റഷ്യ നേടിയ അനുഭവസമ്പത്ത് അവര്‍ ഇറാനുമായി പങ്കിടുന്നുവെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. ഡ്രോണുകൾ താഴ്ന്ന ഉയരത്തിൽ പറത്തുന്നത്തിലൂടെ എങ്ങനെ കൂടുതല്‍ നന്നായി ലക്ഷ്യങ്ങള്‍ ഭേദിക്കാം, റഡാറുകളെ എങ്ങനെ വഞ്ചിക്കാം തുടങ്ങിയ നിർദേശങ്ങൾ റഷ്യന്‍ സൈനിക ഉപദേഷ്ടാക്കൾ ഇറാന് നൽകിയിട്ടുണ്ട്.
ഇറാൻ പുടിനോട് എസ്-400 വ്യോമ പ്രതിരോധ സംവിധാനം ആവശ്യപ്പെട്ടിരുന്നു. അമേരിക്കയുമായുള്ള ബന്ധങ്ങൾ പൂർണമായും തകരാതിരിക്കാനും, സംഘർഷം കൂടുതൽ രൂക്ഷമാകാതിരിക്കാനും പുടിൻ ഇത് നിരസിച്ചു. പകരം, മനുഷ്യർക്ക് ചുമക്കാവുന്ന വെർബ മിസൈലുകളാണ് നൽകിയത്. ഇത് പുടിന്റെ നിലപാട് വ്യക്തമാക്കുന്നു. ഇറാനെ രക്ഷിക്കണം, പക്ഷേ അമേരിക്കയുമായി യുദ്ധത്തിലാവരുത്. എസ്-400 നൽകിയാൽ അത് അമേരിക്കയുമായി ബാക്കിയുള്ള ബന്ധങ്ങൾ പൂർണമായും തകർക്കും. എന്നാൽ വെർബ മിസൈലുകൾ നൽകുന്നത് ഇറാന് പ്രതിരോധിക്കാനുള്ള ശേഷി നല്‍കും. അതേസമയം അമേരിക്കയുമായുള്ള ബന്ധം പൂർണമായും തകരില്ല.
യുദ്ധം ആരംഭിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, ഫെബ്രുവരിയിൽ, പുടിന്റെ നേരിട്ടുള്ള നിർദേശപ്രകാരം ഇറാനും റഷ്യയും ഗൾഫ് ഓഫ് ഒമാനിലും വടക്കൻ ഇന്ത്യൻ മഹാസമുദ്രത്തിലും സംയുക്ത നാവിക അഭ്യാസം നടത്തി. ഇറാന്റെ അൽവാന്ദ് ഡിസ്ട്രോയർ, മിസൈൽ വിക്ഷേപത്തിനായുള്ള യുദ്ധക്കപ്പലുകൾ, ഹെലികോപ്റ്ററുകൾ, റഷ്യൻ നാവിക സേനയുടെ വിവിധ യൂണിറ്റുകൾ എന്നിവ അഭ്യാസത്തിൽ പങ്കെടുത്തു.യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് തന്നെ പുടിൻ ഈ സഹകരണം ആസൂത്രണം ചെയ്തിരുന്നു എന്നതിന്റെ തെളിവാണിത്. കാസ്പിയൻ കടൽ വഴിയുള്ള വിതരണ പാത വളരെ പ്രധാനമാണ്. ഈ വിതരണ ശൃംഖല തടസ്സപ്പെടുത്താനുള്ള ഇസ്രായേൽ ആക്രമണങ്ങൾ കാസ്പിയൻ കടൽ തീരങ്ങളില്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇറാന് ആവശ്യമുള്ള ഡ്രോൺ വിതരണത്തിന്റെ ഏറ്റവും സുരക്ഷിത പാതയായി കാസ്പിയൻ കടൽ മാറിയിരിക്കുന്നു. പുടിൻ ഈ പാത തിരഞ്ഞെടുത്തതിൽ ഒരു രഹസ്യമുണ്ട്: കാസ്പിയൻ കടലിൽ നാറ്റോയുടെ സാന്നിധ്യമില്ല. അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് ഈ പ്രദേശത്ത് പ്രവേശനമില്ല. ഇത്തരം പ്രത്യേകതകള്‍ അതിനെ ഏറ്റവും സുരക്ഷിതമായ വിതരണ പാതയാക്കി മാറ്റുന്നു.
2025 സെപ്റ്റംബറിൽ പുടിന്റെ നേതൃത്വത്തിൽ ഇരു രാജ്യങ്ങളും 25 ബില്യൺ ഡോളറിന്റെ (ഏകദേശം 2,10,000 കോടി രൂപ) പുതിയ ആണവ നിലയങ്ങൾ നിർമ്മിക്കാനുള്ള കരാറിൽ ഒപ്പുവെച്ചിരുന്നു. ഇറാനിലെ ബുഷെഹർ ആണവ നിലയത്തിൽ രണ്ടാമത്തെയും മൂന്നാമത്തെയും റിയാക്ടറുകൾ നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ റഷ്യയുടെ നിർദേശപ്രകാരം തുടരുകയാണ്. യുദ്ധത്തിനിടയിലും ബുഷെഹറിലെ റഷ്യൻ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ പുടിൻ പ്രത്യേക നടപടികൾ സ്വീകരിച്ചു. മാർച്ച് 10-നും 11-നും 150 റഷ്യൻ സ്പെഷ്യലിസ്റ്റുകളെ അവര്‍ ഒഴിപ്പിച്ചു. 450 റഷ്യൻ ജീവനക്കാർ ഇപ്പോഴും പ്ലാന്റിൽ തുടരുന്നു. ഈ ജീവനക്കാരുടെ സുരക്ഷ പുടിന് വളരെ പ്രധാനമാണ്. അവര്‍ റഷ്യയുടെ ആണവ വൈദഗ്ധ്യത്തിന്റെ നട്ടെല്ലാണ്.
ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിൽ റഷ്യയ്ക്ക് വീറ്റോ അധികാരമുണ്ട്. അവരുടെ ഏറ്റവും വലിയ നയതന്ത്ര ആയുധമാണത്. മാർച്ച് 11-ന് ബഹ്റൈൻ അവതരിപ്പിച്ച റെസലൂഷൻ 2817, ഗൾഫ് രാജ്യങ്ങൾക്കെതിരായ ഇറാന്റെ ആക്രമണങ്ങളെ അപലപിക്കുന്ന പ്രമേയം സുരക്ഷാ കൗൺസിൽ പാസാക്കി. 136 രാജ്യങ്ങളുടെ പിന്തുണയോടെ പാസാക്കിയ ഈ പ്രമേയത്തിൽ നിന്ന് റഷ്യ വിട്ടുനിന്നു. പ്രമേയം ‘പക്ഷപാതപരവും അസന്തുലിതവുമാണെന്ന് റഷ്യൻ അംബാസഡർ വാസിലി നെബെൻസിയ വിശദീകരിച്ചു. അമേരിക്കയുടെയും ഇസ്രായേലിന്റെയും പ്രകോപനങ്ങളെ കണ്ടില്ലെന്നു നടിച്ച് ഇറാനെ മാത്രം കുറ്റപ്പെടുത്തുന്ന പ്രമേയത്തെ അവര്‍ അംഗീകരിക്കാന്‍ തയ്യാറായില്ല.
റഷ്യ അവതരിപ്പിച്ച മറ്റൊരു പ്രമേയം, എല്ലാ സൈനിക നടപടികളും ഉടനടി നിർത്തണമെന്നും എല്ലാ വശങ്ങളിലെ സാധാരണക്കാരുടെ മരണങ്ങളെ അപലപിക്കണമെന്നും ആവശ്യപ്പെടുന്നത്, സുരക്ഷാ കൗൺസിൽ തള്ളിക്കളഞ്ഞു. റഷ്യ, ചൈന, പാകിസ്താൻ, സൊമാലിയ എന്നീ നാല് രാജ്യങ്ങൾ മാത്രമാണ് ഇതിന് അനുകൂലമായി വോട്ട് ചെയ്തത്.
റഷ്യയുടെ നേട്ടങ്ങള്‍
സാമ്പത്തിക നേട്ടം: യുദ്ധം ആരംഭിച്ചതിന് പിന്നാലെ ക്രൂഡ് ഓയിൽ വില 100 ഡോളറിന് മുകളിലെത്തി. പുടിന്റെ 2026 ബജറ്റ് അനുസരിച്ച് 59 ഡോളറിന് ഒരു ബാരല്‍ എന്ന നിരക്കിലായിരുന്നു. അമേരിക്ക ഇറാൻ സംഘർഷത്തെത്തുടർന്ന് ഇന്ത്യയ്ക്ക് റഷ്യൻ എണ്ണ വാങ്ങുന്നതിനുള്ള താൽക്കാലിക ഇളവും നൽകിയിട്ടുണ്ട്. എണ്ണവില 100 ഡോളറിലെത്തുമ്പോൾ ബജറ്റ് വരുമാനം 40 ശതമാനത്തിലധികം വർധിക്കുകയാണ്. റഷ്യയുടെ സമ്പദ് വ്യവസ്ഥയുടെ ജീവനാഡിയാണ് എണ്ണ. പുടിൻ ഇത് തുറന്നു പറഞ്ഞിട്ടില്ലെങ്കിലും, യുക്രെയ്ൻ വിദേശകാര്യ മന്ത്രി ആൻഡ്രി സൈബിഹ തുറന്നടിച്ചു. “പുടിനെ സംബന്ധിച്ചിടത്തോളം യുദ്ധം ലാഭത്തിന്റെ ഉറവിടമാണ്, പ്രത്യേകിച്ച് എണ്ണവില ഉയരുമ്പോൾ. പ്രശ്നങ്ങള്‍ എത്രത്തോളം നീണ്ടുനിൽക്കുന്നുവോ അത്രത്തോളം അദ്ദേഹത്തിന് നല്ലത്.”
യുക്രെയ്ന് വിഷയം: മാർച്ച് മാസത്തിൽ യുക്രെയ്ൻ യുദ്ധത്തിൽ നിന്നുള്ള വാർത്തകൾ ലോക മാധ്യമങ്ങളിൽ നിന്ന് അപ്രത്യക്ഷമായി. അവയ്ക്ക് പകരം ഇറാൻ യുദ്ധത്തിന്റെ വാർത്തകള്‍ സ്ഥാനം പിടിച്ചു. റഷ്യയുടെ മേലുള്ള അന്തർദേശീയ സമ്മർദ്ദം കുറയുന്നതും അമേരിക്കയുടെ ശ്രദ്ധയും വിഭവങ്ങളും മദ്ധ്യപൗരസ്ത്യത്തിലേക്ക് തിരിയുന്നതും റഷ്യയ്ക്ക് ആശ്വാസമാണ്.
ഇറാന്റെ ആശ്രിതത്വം: ഡ്രോൺ വിതരണവും സാങ്കേതിക സഹായവും വഴി, യുദ്ധത്തിൽ ഇറാനെ റഷ്യയെ കൂടുതൽ ആശ്രയിക്കുന്ന സ്ഥിതിയിലാക്കുക പുടിന്റെ നിഗൂഡലക്ഷ്യമാണ്. 2025-ൽ ഇറാന്റെ എണ്ണ ഉൽപാദനത്തിന്റെ 6% റഷ്യൻ കമ്പനികളുടെ നിയന്ത്രണത്തിലായിരുന്നു; 12% ആക്കി ഉയർത്താനാണ് പുടിന്റെ ലക്ഷ്യം. ഇറാൻ ദുര്ബലമാകുംതോറും പുടിന് കൂടുതൽ വിലപേശാന്‍ സാധിക്കും.
മദ്ധ്യപൗരസ്ത്യദേശത്തെ സ്വാധീനം: ഇറാനെ പിന്തുണയ്ക്കുന്ന ശക്തിയായി സ്വയം അവതരിപ്പിച്ചുകൊണ്ട്, മദ്ധ്യപൗരസ്ത്യ മേഖലയിൽ സ്വാധീനം വർധിപ്പിക്കാനുള്ള അവസരമാണിത്. ഗൾഫ് രാജ്യങ്ങളുമായുള്ള ബന്ധവും പുടിൻ ശക്തിപ്പെടുത്താൻ ശ്രമിക്കുന്നു. സൗദി അറേബ്യയും യുഎഇയും ഇപ്പോൾ റഷ്യയുമായി ഊർജ വിഷയങ്ങളിൽ ചർച്ചകൾ നടത്തുന്നു. യുദ്ധം പുടിന് ഗൾഫിലേക്കുള്ള വാതിൽ തുറന്നിരിക്കുന്നു.
ഇറാനെ സഹായിക്കുന്നുണ്ടെങ്കിലും, യുദ്ധത്തിൽ നേരിട്ട് പങ്കെടുക്കുന്നത് പുടിൻ ഒഴിവാക്കുന്നു. എസ്-400 നൽകാൻ വിസമ്മതിച്ചത് ഇതിന് തെളിവാണ്. യുദ്ധം ആരംഭിച്ചതിന് ശേഷം പുടിനും ട്രമ്പും തമ്മിൽ ഫോൺ സംഭാഷണം നടന്നിട്ടുണ്ട്. ആ സംഭാഷണത്തിന്റെ ഉള്ളടക്കം പുറത്തുവന്നിട്ടില്ലെങ്കിലും, യുദ്ധം വ്യാപിപ്പിക്കാതിരിക്കാനുള്ള വ്യവസ്ഥകളാണ് അവിടെ ചർച്ച ചെയ്യപ്പെട്ടതെന്നാണ് വിവരം. പുടിന്റെ കണക്കുകൂട്ടൽ ഇതാണ്. അമേരിക്കയുമായുള്ള നേരിട്ടുള്ള യുദ്ധം റഷ്യയെ തകർക്കും. എന്നാൽ പരോക്ഷമായി ഇറാനെ സഹായിക്കുന്നതിലൂടെ, അമേരിക്കയെ ക്ഷീണിപ്പിക്കാനും, അതേസമയം സുരക്ഷിതനായി തുടരാനും പുടിന് കഴിയും.
റഷ്യയ്ക്കും പരിമിതികളുണ്ട്. നാല് വർഷമായി യുക്രെയ്നിൽ നീണ്ട യുദ്ധത്തിൽ സൈന്യം തളർന്നിരിക്കുകയാണ്. യുക്രെയ്നിൽ ഉപയോഗിക്കാവുന്ന ഓരോ ഡ്രോണും ഇറാനിലേക്ക് അയക്കുന്നത് സ്വന്തം യുദ്ധശേഷിയെ ബാധിക്കും. അമേരിക്കൻ പ്രതിരോധ ഉദ്യോഗസ്ഥർ ഇത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
യുദ്ധം ആരംഭിച്ചതിന് പിന്നാലെ, യുഎസും യൂറോപ്യൻ യൂണിയനും റഷ്യയ്ക്കെതിരെ പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചു. “പുടിൻ ഇറാന് സൈനിക സഹായം നൽകുന്നതിനുള്ള ഏത് ശ്രമത്തെയും തടയും” എന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ മുന്നറിയിപ്പ് നൽകി. എന്നാൽ ഈ ഉപരോധങ്ങൾ ഫലപ്രദമാകുമോ എന്നത് സംശയമാണ്.റഷ്യ നേരിടുന്ന ഉപരോധങ്ങളുടെ എണ്ണം ഇതിനകം 15,000 കവിഞ്ഞു. പുതിയ ഉപരോധങ്ങൾ കൊണ്ട് പുടിനെ തളർത്താനാകില്ലെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അവര്‍ ഇതിനകം ഒരു ‘ഉപരോധ സമ്പദ്വ്യവസ്ഥ’ കെട്ടിപ്പടുത്തു കഴിഞ്ഞു.
ഇറാൻ യുദ്ധത്തിൽ പുടിന്റെ നിലപാട് ഒറ്റവാക്കിൽ വിശദീകരിക്കാൻ കഴിയുന്നതല്ല. ഒരു വശത്ത്, നൂതനമായ ഡ്രോണുകളും വിവരങ്ങളും നൽകിയും ഐക്യരാഷ്ട്രസഭയിൽ നയതന്ത്ര സംരക്ഷണം ഒരുക്കിയും റഷ്യ ഇറാനെ സഹായിക്കുന്നു. മറുവശത്ത്, ഈ യുദ്ധം വഴി സ്വന്തം സാമ്പത്തിക നേട്ടങ്ങൾ കൊയ്യാനും, പാശ്ചാത്യ ഉപരോധങ്ങളിൽ നിന്ന് രക്ഷപ്പെടാനും, യുക്രെയ്നിലെ യുദ്ധത്തിൽ നിന്ന് ലോകശ്രദ്ധ തിരിക്കാനും ശ്രമിക്കുന്നു.
മോസ്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ അലക്സി മസ്ലോവിന്റെ വിലയിരുത്തൽ ശരിയാണ്. “ഇറാൻ യുദ്ധത്തിൽ പുടിന്റെ പങ്ക് ഒരു ‘ബാലൻസിംഗ് ആക്ട്’ ആണ്. ഒരു വശത്ത് അമേരിക്കയുമായുള്ള ബന്ധം, മറുവശത്ത് ഇറാനുമായുള്ള സഖ്യം. ഈ സന്തുലിതാവസ്ഥ നിലനിർത്താൻ കഴിഞ്ഞാൽ, യുദ്ധം അവസാനിക്കുമ്പോൾ പുടിൻ ഏറ്റവും വലിയ വിജയികളിൽ ഒരാളായിരിക്കും.”

