പ്രമുഖ റിയല്‍ എസ്റ്റേറ്റ് വ്യവസായി കേതന്‍ അഗര്‍വാളിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതിശ്രുതവധു സിയ ഗോയലും കാമുകന്‍ ചേതന്‍ ചൗധരിയും ചോദ്യം ചെയ്യലില്‍ പരസ്പരം പഴിചാരുന്നതായി റിപ്പോര്‍ട്ട്. പൂണെ റൂറല്‍ പോലീസ് കസ്റ്റഡിയില്‍ ഇരുവരെയും ചോദ്യം ചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായ മൊഴികളാണ് ലഭിച്ചതെന്ന് റിപ്പോര്‍ട്ട്.
കൊലപാതകത്തിന്റെ ആസൂത്രണം നടത്തിയത് ചേതന്‍ ആണെന്നായിരുന്നു സിയയുടെ ആരോപണം. എന്നാല്‍, സിയയുടെ കടുത്ത നിര്‍ബന്ധത്തിന് വഴങ്ങിയാണ് താന്‍ കൊലപാതകം ചെയ്തതെന്നായിരുന്നു ചേതന്‍ മൊഴി നല്‍കിയത്. എന്നാല്‍ പോലീസ് ചോദ്യം ചെയ്യല്‍ ശക്തമാക്കിയതോടെ, ഒടുവില്‍ കൊലപാതകത്തിന്റെ പ്രധാന സൂത്രധാര പദവി സിയ സമ്മതിച്ചു. കൃത്യത്തില്‍ ചേതനും പങ്കുണ്ടെന്ന് സിയ പോലീസിനോട് പറഞ്ഞു. ഇതുവരെയുള്ള അന്വേഷണത്തില്‍ നിന്ന് കൊലപാതകത്തിന്റെ പൂര്‍ണ്ണമായ ആസൂത്രണം സിയയുടേതാണെന്ന് വ്യക്തമായതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു കേതന്‍ അഗര്‍വാളും സിയ ഗോയലും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞത്. ഈ വര്‍ഷം അവസാനം വിവാഹം നടത്താനായിരുന്നു നിശ്ചയിച്ചത്. എന്നാല്‍, തനിക്ക് ഈ വിവാഹത്തില്‍ താല്പര്യമില്ലെന്ന് സിയ കേതനെ അറിയിച്ചിരുന്നു വിവാഹം റദ്ദാക്കാന്‍ കേതന്‍ തയ്യാറാകാതിരുന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സിയ പോലീസിന് നല്‍കിയ മൊഴി.
ഇതേത്തുടര്‍ന്നാണ് കാമുകന്‍ ചേതന്‍ ചൗധരിയുമായി ചേര്‍ന്ന് കേതനെ വകവരുത്താന്‍ സിയ പദ്ധതിയിട്ടത്. ജൂണ്‍ 18-ന് പൂണെയിലെ പ്രശസ്തമായ ലൊഹാഗഡ് കോട്ടയില്‍ വെച്ചാണ് സിയയും കാമുകനും ചേര്‍ന്ന് കേതനെ താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയത്.

