ഫലസ്തീൻ രാഷ്ട്രീയ തടവുകാരെ പാർപ്പിച്ചിരിക്കുന്ന അതിസുരക്ഷാ ജയിലുകൾക്ക് ചുറ്റും മുതലകൾ നിറഞ്ഞ കിടങ്ങുകൾ നിർമിക്കണമെന്ന ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി ഇതാമർ ബെൻ ഗ്വിറിന്റെ വിവാദ പദ്ധതിക്ക് നിയമസാധുത ലഭിച്ചതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പദ്ധതി നടപ്പാക്കുന്നതിന് തടസ്സമായിരുന്ന പരിസ്ഥിതി മന്ത്രാലയത്തിന്റെ നിയമപരമായ നിയന്ത്രണങ്ങൾ നീക്കിയതോടെയാണ് പുതിയ നീക്കം.
ഇസ്രായേൽ വന്യജീവി സംരക്ഷണ നിയമപ്രകാരം ഇതുവരെ സംരക്ഷിത വിഭാഗത്തിലായിരുന്ന മുതലകളെ പുതിയ നിയമഭേദഗതിയിലൂടെ പരിപാലിക്കേണ്ട വന്യജീവി വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇതോടെ അംഗീകൃത മൃഗശാലകൾക്ക് പുറമെ ജയിൽ മന്ത്രാലയം ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങൾക്കും നിശ്ചിത നിബന്ധനകൾ പാലിച്ച് മുതലകളെ സൂക്ഷിക്കാൻ നിയമപരമായ അനുമതി ലഭിക്കും.
‘മുതല ജയിൽ’ എന്ന പേരിൽ ഇസ്രായേൽ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്ന ഈ പദ്ധതിക്കെതിരെ ഇസ്രായേൽ നേച്ചർ ആൻഡ് പാർക്ക്സ് അതോറിറ്റി നേരത്തെ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ പുതിയ നിയമഭേദഗതിയോടെ ആ തടസ്സവും നീങ്ങിയിരിക്കുകയാണ്.
ഫലസ്തീൻ തടവുകാർ ജയിൽചാടുന്നത് തടയുകയും അവരിൽ കടുത്ത ഭീതി സൃഷ്ടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ജയിലുകൾക്ക് ചുറ്റും മുതലകളെ വളർത്തണമെന്ന നിർദേശം ബെൻ ഗ്വിർ ഈ വർഷം ആദ്യം മുന്നോട്ടുവെച്ചത്.
പദ്ധതിയുടെ പ്രായോഗികത സംബന്ധിച്ച് ഇസ്രായേൽ പ്രിസൺ സർവീസ് നിലവിൽ പഠനം നടത്തുകയാണ്. ഇതിന്റെ ഭാഗമായി ജയിൽ ഉദ്യോഗസ്ഥർ വിവിധ മൃഗശാലകൾ സന്ദർശിച്ച് മുതലകളെ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. ജയിലുകൾക്ക് ചുറ്റും മുതലക്കിടങ്ങുകൾ നിർമിക്കുന്നത് അധിക സുരക്ഷാച്ചെലവില്ലാതെ തടവുകാരെ നിയന്ത്രിക്കാനും രക്ഷപ്പെടൽ തടയാനും സഹായിക്കുമെന്നാണ് ഇസ്രായേൽ അധികൃതരുടെ വിലയിരുത്തൽ.

