കാനഡയിലെ വാന്‍കൂവറില്‍ നടന്ന 76-ാമത് ഫിഫ കോണ്‍ഗ്രസിനിടെ, ഇസ്രായേല്‍ പ്രതിനിധിയുമായി വേദി പങ്കിടാനും കൈകൊടുക്കാനും വിസമ്മതിച്ച് ഫലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ജിബ്രീല്‍ റജൂബ്. ഫിഫ കോണ്‍ഗ്രസിലെ പ്രസംഗങ്ങള്‍ക്ക് ശേഷം, ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ ഫലസ്തീന്‍ പ്രതിനിധിയെയും ഇസ്രായേല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ബാസിം ഷെയ്ഖ് സുലൈമാനെയും ഫോട്ടോയ്ക്കായി വേദിയിലേക്ക് ക്ഷണിച്ചു. എന്നാല്‍, റജൂബ് ഈ ക്ഷണം നിരസിക്കുകയും സുലൈമാനില്‍ നിന്ന് അകലം പാലിക്കുകയുമാണ് ചെയ്തത്.ഫലസ്തീന്‍ ജനത അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ ചൂണ്ടിക്കാട്ടിയ റജൂബ്, ഫോട്ടോ എടുക്കുന്നതിനായി വേദിയില്‍ നില്‍ക്കാന്‍ തയ്യാറാകാതെ ഒഴിഞ്ഞുമാറി. ഇക്കാര്യത്തില്‍ വ്യക്തത വരുത്തി ഫലസ്തീന്‍ എഫ്എ വൈസ് പ്രസിഡന്റ് സൂസന്‍ ഷലാബി മാധ്യമങ്ങളോട് പ്രതികരിച്ചു: ‘ഫാസിസത്തെയും വംശഹത്യയെയും വെള്ളപൂശാന്‍ ഇസ്രായേല്‍ കൊണ്ടുവന്ന ഒരാളുമായി എനിക്ക് കൈകൊടുക്കാന്‍ കഴിയില്ല. ഞങ്ങള്‍ കഷ്ടത അനുഭവിക്കുകയാണ്.’ഫലസ്തീന്‍ മേഖലകളിലെ ഇസ്രായേല്‍ ക്ലബ്ബുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും, ഫിഫ ചട്ടങ്ങളുടെ ലംഘനമാണെന്ന ഫലസ്തീന്‍ അസോസിയേഷന്റെ വാദവുമാണ് ഈ സംഘര്‍ഷങ്ങള്‍ക്ക് പിന്നിലുള്ള പ്രധാന കാരണം.

