2024 ഓഗസ്റ്റ് 5-ന് നടന്ന വിദ്യാർഥി പ്രക്ഷോഭത്തെയും ജനരോഷത്തെയും തുടർന്ന് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് ഇന്ത്യയിൽ അഭയം തേടിയ ഷെയ്ഖ് ഹസീന രണ്ട് വർഷത്തെ മൗനത്തിന് ശേഷം ആദ്യമായി പൊതുവേദിയിൽ പ്രതികരിച്ചതിന് പിന്നാലെയാണ് ജോയിയുടെ പരാമർശം.
ഫോറിൻ കറസ്പോണ്ടന്റ്സ് ക്ലബ് സൗത്ത് ഏഷ്യ സംഘടിപ്പിച്ച പരിപാടിയിൽ വിഡിയോ കോളിലൂടെ പങ്കെടുത്ത ഷെയ്ഖ് ഹസീന, തന്റെ പലായനത്തിന് ശേഷം ബംഗ്ലദേശിൽ ഭീകരപ്രവർത്തനങ്ങളിൽ ഉൾപ്പെട്ടവരെ മോചിപ്പിച്ചെന്നും രാജ്യത്തിന്റെ സുരക്ഷാ സാഹചര്യം വഷളായെന്നും ആരോപിച്ചു.
തുടർന്ന് പ്രതികരിച്ച സജീബ് വസേബ് ജോയ്, മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം ബംഗ്ലദേശിന്റെ സമ്പദ്‌വ്യവസ്ഥ തകർത്തുവെന്നും രാജ്യം ഒരു പരാജയ രാഷ്ട്രമായി മാറുകയാണെന്നും വിമർശിച്ചു. 2024-ലെ ഭരണമാറ്റത്തിന് ശേഷം ബംഗ്ലദേശുമായി പാക്കിസ്ഥാൻ ബന്ധം ശക്തിപ്പെടുത്താൻ ശ്രമിച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് ജോയിയുടെ പ്രതികരണം.
അതേസമയം, ഷെയ്ഖ് ഹസീനയുടെ വാർത്താസമ്മേളനത്തിന് ഇന്ത്യ അനുമതി നൽകിയതിൽ ബംഗ്ലദേശ് പ്രതിഷേധം അറിയിച്ചു. ഇത്തരമൊരു നടപടി ഇന്ത്യ-ബംഗ്ലദേശ് ഉഭയകക്ഷി ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ബംഗ്ലദേശ് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. വാർത്താസമ്മേളനത്തിന് അനുമതി നൽകരുതെന്ന് ഇന്ത്യയോട് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇതിനിടെ, വിവിധ കേസുകളിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ആവശ്യം ബംഗ്ലദേശ് വീണ്ടും ഇന്ത്യയ്ക്ക് മുന്നിൽ ഉന്നയിച്ചിട്ടുണ്ട്. എന്നാൽ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള കേസുകളിൽ കൈമാറ്റം ഒഴിവാക്കാമെന്ന വ്യവസ്ഥ ചൂണ്ടിക്കാട്ടി ഹസീനയെ കൈമാറില്ലെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. ബംഗ്ലദേശ് ജനതയുടെ താൽപര്യവും പ്രാദേശിക സമാധാനവും മുൻനിർത്തിയാകും തുടർനടപടികളെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

