‘ഭൂട്ടാന് ഇന്ത്യയില്‍ നിന്നാണ് എണ്ണ ഇറക്കുമതി ചെയ്യുന്നത്, എന്നിട്ടും ഇന്ത്യയിലെ പല നഗരങ്ങളേക്കാളും കുറഞ്ഞ വിലയ്ക്കാണ് അവിടെ പെട്രോള്‍ ലഭിക്കുന്നത്. പട്ന പോലുള്ള സ്ഥലങ്ങളിലെ ജനങ്ങള്‍ അതേ ഇന്ധനത്തിന് കൂടുതല്‍ പണം നല്‍കേണ്ടി വരുമ്പോള്‍, ഈ വിലവര്‍ദ്ധനവിന് കാരണമാകുന്ന നയങ്ങളെയും നികുതികളെയും ചോദ്യം ചെയ്യാന്‍ അവര്‍ക്ക് എല്ലാ അവകാശവുമുണ്ട്. വര്‍ദ്ധിച്ചുവരുന്ന ഇന്ധനച്ചെലവിന്റെ ഭാരം ഒടുവില്‍ ചുമക്കേണ്ടി വരുന്നത് സാധാരണക്കാരാണ്. അവര്‍ക്ക് വേണ്ടത് രാഷ്ട്രീയ മുദ്രാവാക്യങ്ങളല്ല, മറിച്ച് കൃത്യമായ മറുപടികളാണ്’- നേഹ സിംഗ് റാത്തോഡ്ഇന്ത്യയില് നിന്നാണ് ഇന്ധനം ഇറക്കുമതി ചെയ്യുന്നതെങ്കിലും അയല്‍രാജ്യമായ ഭൂട്ടാനില്‍ പെട്രോളിന് ഇന്ത്യയേക്കാള്‍ വില കുറവാണെന്ന് പ്രശസ്ത ഫോക്ക് ഗായികയും രാഷ്ട്രീയ നിരീക്ഷകയുമായ നേഹ സിംഗ് റാത്തോഡ്. ഭൂട്ടാന്റെ തലസ്ഥാനമായ തിംഫുവില്‍ ഒരു ലിറ്റര്‍ പെട്രോളിന് 109 രൂപയുള്ളപ്പോള്‍ പട്നയിലെ ഉപഭോക്താക്കള്‍ 113 രൂപയോളം നല്‍കേണ്ടി വരുന്നുണ്ടെന്ന് നേഹ വിമര്‍ശിച്ചു. ഈ വിലയിലെ വ്യത്യാസം രാജ്യത്തെ ഇന്ധന നികുതി ഘടനയെയും സര്‍ക്കാരിന്റെ നയങ്ങളെയും ചോദ്യം ചെയ്യുന്നതാണെന്ന് അവര്‍ ആരോപിച്ചു. ഭരണകൂടത്തെ വിമര്‍ശിച്ചുകൊണ്ട്, ഇന്ത്യന്‍ പൗരന്മാര് ഉയര്‍ന്ന ഇന്ധനവിലയുടെ അമിത ഭാരം ചുമക്കുകയാണെന്നും രാഷ്ട്രീയത്തിലെ അന്ധമായ ഭക്തിയാണ് ഇത്തരം അവസ്ഥകള്‍ക്ക് കാരണമാകുന്നതെന്നും നേഹ കൂട്ടിച്ചേര്‍ത്തു.

