മക്കയിലെ മസ്ജിദുല്‍ ഹറാമിന് അഭിമുഖമായുള്ള അല്‍-സഫ കൊട്ടാരത്തില്‍ വെച്ച് നടന്ന മക്ക ജോയിന്റ് ഡിഫന്‍സ് ഉച്ചകോടിയില്‍ സൗദി അറേബ്യ, തുര്‍ക്കി, പാകിസ്ഥാന് എന്നീ രാജ്യങ്ങള്‍ ചരിത്രപ്രധാനമായ ‘മക്ക ജോയിന്റ് ഡിഫന്‍സ് കരാറില്‍’ ഒപ്പുവെച്ചു.
കരാര്‍ പ്രകാരം, ഈ മൂന്ന് രാജ്യങ്ങളില്‍ ഏതെങ്കിലും ഒരു രാജ്യത്തിന് നേരെയുണ്ടാകുന്ന ഏതൊരു ഭീഷണിയും ആക്രമണവും മൂന്ന് രാജ്യങ്ങള്‍ക്കുമെതിരെയുള്ള കടന്നാക്രമണമായി കണക്കാക്കും. സൈനിക സഹകരണം വികസിപ്പിക്കുക, സംയുക്ത പ്രതിരോധ സംവിധാനങ്ങള്‍ ശക്തമാക്കുക, കൂട്ടായ സുരക്ഷാ ഏകോപനം ഉറപ്പാക്കുക എന്നിവയാണ് കരാറിന്റെ പ്രധാന ലക്ഷ്യങ്ങള്‍.
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന്, തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്ദോഗന്, പാകിസ്ഥാന് പ്രധാനമന്ത്രി മുഹമ്മദ് ഷെഹ്ബാസ് ഷെരീഫ് എന്നിവരാണ് കരാറില്‍ ഒപ്പുവെച്ചത്. മേഖലയിലെ സുരക്ഷ, സമാധാനം, ദീര്‍ഘകാല തന്ത്രപരമായ സഹകരണം എന്നിവയിലുള്ള മൂന്ന് രാജ്യങ്ങളുടെയും പങ്കാളിത്തവും പ്രതിബദ്ധതയും എടുത്തുകാണിക്കുന്നതാണ് ഈ ധാരണ.

