ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളില്‍ മെട്രോ നഗരങ്ങളില്‍ ഡല്‍ഹി മുന്നില്‍. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ പുറത്തിറക്കിയ 2024ലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. 2024 ജൂലൈ 1ന് ഭാരതീയ ന്യായ സംഹിത നിലവില്‍ വന്നതുമുതലുള്ള കണക്കുകളാണ് റിപ്പോര്‍ട്ടിലുള്ളത്. കൊല്‍ക്കത്തയാണ് ഏറ്റവും പിന്നില്‍. 2023നെ അപേക്ഷിച്ച് 2024ല്‍ ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസുകളില്‍ കുറവുണ്ടായിട്ടുണ്ട്. 2023 ല്‍ ഏകദേശം 3.24 ലക്ഷം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 2024ല്‍ ഇത് 2.75 ലക്ഷമായി കുറഞ്ഞു. കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടായെങ്കിലും, ഇന്ത്യയിലെ 19 മെട്രോ നഗരങ്ങളുടെ പട്ടികയില്‍ കുറ്റകൃത്യങ്ങളില്‍ ഡല്‍ഹി തന്നെയാണ് മുന്നില്‍. 2024-ല്‍ ഡല്‍ഹിയില്‍ 504 കൊലപാതകങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. വ്യക്തിവൈരാഗ്യം, കവര്‍ച്ച തുടങ്ങിയവയാണ് കൊലപാതകങ്ങളുടെ പ്രധാന കാരണങ്ങള്‍. 5,580 തട്ടിക്കൊണ്ടു പോകല്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇരകളില്‍ ഭൂരിഭാഗവും 12നും 18നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളാണ്. എല്ലാ നഗരങ്ങളിലെയും മൊത്തം മോഷണക്കേസുകളുടെ 73.3 ശതമാനവും ഡല്‍ഹിയിലാണ്. പ്രതിദിനം ശരാശരി 496 മോഷണം എന്ന കണക്കില്‍ 1,80,973 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 40,000 വാഹന മോഷണങ്ങളും ഉള്‍പ്പെടുന്നു. ബി.എന്‍.എസ് സെക്ഷന്‍ 111 പ്രകാരമുള്ള സംഘടിത കുറ്റകൃത്യങ്ങളില്‍ 20 കേസുകളുമായി ഡല്‍ഹി നഗരങ്ങള്‍ മുന്നിലാണ്. 2024 അവസാനത്തോടെ ഡല്‍ഹിയില്‍ ആകെ 10,843 കുട്ടികളെ കാണാതായി. ഇതില്‍ 7,649 പേര് പെണ്‍കുട്ടികളും 3,192 പേര് ആണ്‍കുട്ടികളുമാണ്. കുടിയേറ്റവും ജോലിക്ക് പോകുന്ന മാതാപിതാക്കളുടെ കുട്ടികള്‍ക്ക് സംരക്ഷണം നല്കാന് സംവിധാനങ്ങളില്ലാത്തതുമാണ് ഈ ഉയര്‍ന്ന കണക്കിന് കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കാണാതാകുന്ന കുട്ടികളെ കണ്ടെത്തുന്ന കാര്യത്തില്‍ ഡല്‍ഹിയിലെ റിക്കവറി റേറ്റ് 62.4 ശതമാനമാണ്. റെയില്‍വേ സ്റ്റേഷനുകള്‍, കുടിയേറ്റ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ കുട്ടികളെ കാണാതാകുന്നത്. മുതിര്‍ന്നവര്‍ ഉള്‍പ്പെടെ ആകെ 55,939 പേരെ കാണാതായ കേസുകള്‍ നിലവിലുണ്ട്. ഇ വരെ കണ്ടെത്തുന്നതിലെ റിക്കവറി റേറ്റ് 50.8 ശതമാനമാണ്. വാഹന മോഷണം, മറ്റ് മോഷണങ്ങള്‍ തുടങ്ങിയ ചില പ്രത്യേക വിഭാഗങ്ങളില്‍ ഓണ്‍ലൈനായി എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യാനുള്ള സേവനം ഡല്‍ഹിയും ഉത്തര്‍പ്രദേശും നടപ്പാക്കിയിട്ടുണ്ട്. ഈ സൗകര്യം നിലവില്‍ വന്നതോടെ ഈ സംസ്ഥാനങ്ങ ളില്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വലിയ വര്ധനവുണ്ടായിട്ടുണ്ടാകാമെന്നാണ് എന്‍.സി.ആര്.ബി നിരീക്ഷണം.

